19 April Friday

ജർമനിയിൽ 
വിധിദിനം ; ബയേൺ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിക്കാൻ ബൊറൂസിയ ഡോർട്ട്‌മുണ്ടിനാകുമോ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023


ബെർലിൻ
ജർമൻ ഫുട്‌ബോൾ ലീഗിൽ ബയേൺ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിക്കാൻ ബൊറൂസിയ ഡോർട്ട്‌മുണ്ടിനാകുമോ. ഇന്ന്‌ നടക്കുന്ന അവസാന റൗണ്ട്‌ മത്സരങ്ങളിൽ അതിന്‌ തീരുമാനമാകും. ഡോർട്ട്‌മുണ്ടിന്‌ ജയം മതി. ബയേണിന്‌ ഡോർട്ട്‌മുണ്ട്‌ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യണം.

ഡോർട്ട്‌മുണ്ടിന്‌ സ്വന്തം തട്ടകത്തിൽ ഒമ്പതാംസ്ഥാനക്കാരായ മെയ്‌ൻസാണ്‌ എതിരാളി. ബയേൺ പത്താമതുള്ള കോളണെ അവരുടെ തട്ടകത്തിൽ നേരിടും. 11 വർഷംമുമ്പാണ്‌ ഡോർട്ട്‌മുണ്ട്‌ അവസാനമായി കപ്പടിച്ചത്‌. ഡോർട്ട്‌മുണ്ടിന്‌ 33 കളിയിൽ 70 പോയിന്റാണ്‌. ബയേണിന്‌ 68ഉം. 63 പോയിന്റുള്ള ആർ ബി ലെയ്‌പ്‌സിഗാണ്‌ മൂന്നാമത്‌. അവസാനകളിയിൽ ലെയ്‌പ്‌സിഗിനോട്‌ സ്വന്തം തട്ടകത്തിൽ തോറ്റതാണ്‌ ബയേണിന്‌ തിരിച്ചടിയായത്‌. അതേസമയം, ഡോർട്ട്‌മുണ്ട്‌ വൂൾഫ്‌സ്‌ബുർഗിനെ തോൽപ്പിക്കുകയും ചെയ്‌തു.

കഴിഞ്ഞ സീസണിൽ എർലിങ്‌ ഹാലണ്ടിനുകീഴിലായിരുന്നു ഡോർട്ട്‌മുണ്ടിന്റെ കുതിപ്പ്‌. ഇക്കുറി ഹാലണ്ട്‌ മാഞ്ചസ്‌റ്റർ സിറ്റിയിലായി. എന്നാൽ, നോർവെക്കാരന്റെ അഭാവം ഡോർട്ട്‌മുണ്ടിനെ തളർത്തിയില്ല. സെബാസ്‌റ്റ്യൻ ഹാളെറായിരുന്നു പകരക്കാരൻ. എന്നാൽ, അസുഖത്തെ തുടർന്ന്‌ ഐവറികോസ്‌റ്റുകാരന്‌ ഇടയ്‌ക്ക്‌ മടങ്ങേണ്ടിവന്നു. തിരിച്ചെത്തിയതിനുശേഷം ഒമ്പതു കളിയിൽ ഏഴ്‌ ഗോൾ നേടി. യുവതാരം ജൂഡ്‌ ബെല്ലിങ്‌ഹാമാണ്‌ മറ്റൊരു പ്രധാന താരം. പരിക്ക്‌ കാരണം ഇന്ന്‌ പത്തൊമ്പതുകാരൻ കളിക്കുമെന്ന്‌ ഉറപ്പില്ല. അടുത്ത സീസണിൽ സ്‌പാനിഷ്‌ വമ്പൻമാരായ റയൽ മാഡ്രിഡിൽ പന്ത്‌ തട്ടാനൊരുങ്ങുകയാണ്‌ ബെല്ലിങ്‌ഹാം.

അതേസമയം, ബയേൺ തിരിച്ചടികളിലാണ്‌. മാർച്ചിൽ പരിശീലകൻ ജൂലിയൻ നാഗെൽസ്‌മാനെ പുറത്താക്കി. മുൻ ചെൽസി പരിശീലകൻ തോമസ്‌ ടുഷെലിനെ പകരം കൊണ്ടുവന്നു. എന്നാൽ, കാര്യമുണ്ടായില്ല. ജർമൻ കപ്പിൽ ഫ്രെയ്‌ബുർഗിനോട്‌ തോറ്റു. ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടറിൽ മാഞ്ചസ്‌റ്റർ സിറ്റിക്കുമുന്നിൽ തകർന്നു. ഇതിനിടെയാണ്‌ ലീഗിലെ തിരിച്ചടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top