25 April Thursday

ദക്ഷിണ മേഖലാ മീറ്റ്‌ : ഏഴ്‌ സ്വർണവുമായി കേരളം

വി കെ സുധീർകുമാർUpdated: Saturday Feb 27, 2021

അണ്ടർ 18 പോൾവോൾട്ടിൽ നേഖ എൽദോ സ്വർണത്തിലേക്ക് ഫോട്ടോ: കെ ഷമീർ



തേഞ്ഞിപ്പലം
മൂന്ന് മീറ്റ് റെക്കോഡുകൾ പിറന്ന ദക്ഷിണ മേഖലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിന്റെ ആദ്യദിനം കേരളത്തിന്‌ ഏഴ്‌ സ്വർണവും പത്ത്‌ വെള്ളിയും 14 വെങ്കലവും. 12 സ്വർണമടക്കം 218.5 പോയിന്റുമായി നിലവിലെ ജേതാക്കളായ തമിഴ്‌നാടാണ്‌ മുന്നിൽ. രണ്ടാമതുള്ള കേരളത്തിന്‌ 197.5 പോയിന്റുണ്ട്‌.

അണ്ടർ 20 വനിതകളുടെ 100 മീറ്ററിൽ പൊന്നണിഞ്ഞ്‌ (11.94 സെക്കൻഡ്‌) പി ഡി അഞ്‌ജലി വേഗമേറിയ താരമായി. ആന്ധ്രയുടെ നലുബോതു ശ്രീനിവാസാണ്‌ (10.85) വേഗക്കാരൻ. അണ്ടർ 16 പെൺകുട്ടികളുടെ ലോങ്‌ജമ്പിൽ ഇ എസ്‌ ശിവപ്രിയ 5.49 മീറ്റർ ചാടി സ്വർണം നേടി. ഡിസ്‌കസ്‌ത്രോയിൽ 36.94 മീറ്റർ എറിഞ്ഞ്‌ അഖില രാജു ഒന്നാമതെത്തി.  അണ്ടർ 18 പോൾവോൾട്ടിൽ നേഖ എൽദോ 3.20 മീറ്റർ താണ്ടിയാണ്‌‌ സ്വർണം പിടിച്ചത്‌.

അണ്ടർ 14 ആൺകുട്ടികളുടെ 60 മീറ്റിൽ അയുഷ്‌കൃഷ്‌ണ 7.57 സെക്കൻഡിൽ ഒന്നാമതെത്തി. അണ്ടർ 18 ആൺകുട്ടികളുടെ ലോങ്‌ജമ്പിൽ ബിയോൺ ജോർജ്‌ 6.95 മീറ്റർ ചാടി സ്വർണം കരസ്ഥമാക്കി. അണ്ടർ 20 പുരുഷന്മാരുടെ 800 മീറ്ററിൽ ടി എസ്‌ മനു 1:57.86 സെക്കൻഡിൽ സ്വർണപ്പതക്കമണിഞ്ഞു.

മൂന്ന്‌ പുതിയ റെക്കോഡിൽ കേരളമില്ല. അണ്ടർ 20 പുരുഷന്മാരുടെ ലോങ്‌ജമ്പിൽ തമിഴ്‌നാടിന്റെ ജസ്വിൻ ആൽഡ്രിൻ 7.97 മീറ്ററിൽ റെക്കോഡിട്ടു. വനിതകളുടെ പോൾവോൾട്ടിൽ തമിഴ്‌നാട്ടുകാരി പവിത്ര വെങ്കിടേഷ്‌‌ (3.80 മീറ്റർ) പുതിയ ഉയരം കുറിച്ചു. അണ്ടർ 18 പെൺകുട്ടികളുടെ ലോങ്ജമ്പിൽ തെലങ്കാനയുടെ അഗസര നന്ദിനി‌ (6.20 മീറ്റർ) പുതിയ ദൂരം കണ്ടെത്തി. ‌
മൂന്നിനങ്ങളിലും റെക്കോഡിട്ടവർ ദേശീയ റെക്കോഡിനേക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്തി.മൂന്ന്‌ ദിവസത്തെ മീറ്റിൽ ഇന്ന്‌ 39 ഫൈനൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top