20 April Saturday

കായിക താരങ്ങൾക്ക്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020


ടോക്യോ
ഒളിമ്പിക്‌സ്‌ മാറ്റിവച്ചതിൽ കായികതാരങ്ങൾക്ക്‌ ആശ്വാസം. മേളയേക്കാൾ ജീവനാണ്‌ വലുതെന്നായിരുന്നു അവരുടെ പ്രതികരണം. അടുത്ത വർഷത്തേക്കാണ്‌ ഒളിമ്പിക്‌സ്‌ മാറ്റിയത്‌. ആതിഥേയരായ ജപ്പാനും യാഥാർഥ്യം ഉൾക്കൊണ്ടു. ഒളിമ്പിക്‌സ്‌ ഒരുക്കത്തിനായി ഏകദേശം 10,000 കോടി രൂപയാണ്‌ ജപ്പാൻ മുടക്കിയത്‌. വൻ സാമ്പത്തിക നഷ്ടമുണ്ടായെങ്കിലും മേള അടുത്ത വർഷത്തേക്ക്‌ മാറ്റാൻ ജപ്പാനും സമ്മതിക്കുകയായിരുന്നു.

ഒരുപാട്‌ കായികതാരങ്ങൾക്ക്‌ ഇനി ആശ്വസിക്കാമെന്നായിരുന്നു ഒളിമ്പിക്‌ നീന്തൽ ചാമ്പ്യൻ ആദം പീറ്റിയുടെ പ്രതികരണം. വീട്ടിൽത്തന്നെയിരുന്ന്‌ മറ്റുള്ളവരെയും നമ്മളെത്തന്നെയും സംരക്ഷിക്കുകയാണ്‌ ഇനി ചെയ്യാനുള്ളതെന്ന്‌ ലോങ്‌ജമ്പ്‌ താരം ജാസ്‌മിൻ സോയേഴ്‌സ്‌ കുറിച്ചു. അതേസമയം, ഹെപ്‌റ്റാത്തലൺ ലോക ചാമ്പ്യൻ കാതറീന ജോൺസൺ തോംപ്‌സൺ ഹൃദയഭേദകം എന്നായിരുന്നു ഒളിമ്പിക്‌സ്‌ മാറ്റിവച്ചതിനോട്‌ പ്രതികരിച്ചത്‌. കടുത്ത നിരാശയെന്ന്‌ സൈക്ലിങ്‌ ചാമ്പ്യൻ എലിനോർ ബാർക്കെറും പറഞ്ഞു.

പതിനാറു മാസമായിരിക്കും ഒളിമ്പിക്‌സിനായി കാത്തിരിക്കേണ്ടിവരിക. ചില താരങ്ങൾ ഈ ഒളിമ്പിക്‌സോടെ വിരമിക്കാനിരുന്നവരാണ്‌. ജൂലൈ 24 മുതൽ ആഗസ്‌ത്‌ ഒമ്പതുവരെയായിരുന്നു ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ചിരുന്നത്‌. കഴിഞ്ഞ ദിവസമാണ്‌ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ഐഒസി തലവൻ തോമസ്‌ ബാക്കും ചേർന്ന്‌ മേള മാറ്റിവയ്‌ക്കാൻ തീരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top