29 March Friday

ഗോൾ മറന്നു

ഖത്തറിൽനിന്ന് 
ആർ രഞ്ജിത്Updated: Friday Nov 25, 2022


ഗോൾവഴി കാണാതെ ഉറുഗ്വേയും ദക്ഷിണകൊറിയയും. ഏഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തിൽ പ്രഥമ ലോകചാമ്പ്യന്മാരായ ഉറുഗ്വേ അസ്വസ്ഥരായി. ഇരു ടീമിലും ഒത്തിണക്കമുണ്ടായില്ല. ഗ്രൂപ്പ്‌ എച്ചിൽ ഇവർ പോയിന്റ്‌ പങ്കിട്ടു. ശക്തമായ മുന്നേറ്റനിരയുണ്ടായിട്ടും കൊറിയൻ ഗോൾമുഖം ഒരിക്കൽമാത്രമാണ്‌ ഉറുഗ്വേയ്‌ക്ക്‌ ലക്ഷ്യംവയ്‌ക്കാനായത്‌. 88–-ാംമിനിറ്റിൽ ഫെഡറികോ വാൽവെർദെ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട്‌ കൊറിയൻ ഗോൾകീപ്പറെ മറികടന്നെങ്കിലും പോസ്‌റ്റിൽ തട്ടിത്തെറിച്ചു. 9-0–-ാംമിനിറ്റിൽ ഗോൾകീപ്പർ സെർജിയോ റോഷെട്ടിന്റെ പിഴവിന്‌ ഉറുഗ്വേ കനത്തവില നൽകേണ്ടിവരുമായിരുന്നു. റോഷെട്ടിന്റെ മിസ്‌ പാസ്‌ പിടിച്ചെടുത്ത സൺ ഹ്യുങ്‌ മിന്നിന്റെ കനത്ത അടി ചെറിയ വ്യത്യാസത്തിലാണ്‌ പുറത്തേക്കുപോയത്‌.

ആദ്യപകുതിയിൽ മുന്നിലെത്താനുള്ള സുവർണാവസരം ഉറുഗ്വേ സൂപ്പർതാരം ലൂയിസ്‌ സുവാരസ്‌ നഷ്ടപ്പെടുത്തി. 22–-ാംമിനിറ്റിൽ ഫെകുണ്ടോ പെല്ലിസ്‌ട്രി വലതുപാർശ്വത്തിൽനിന്ന്‌ ബോക്‌സിലേക്ക്‌ മറിച്ചുകൊടുത്ത പന്ത്‌ സുവാരസിന്‌ നിയന്ത്രിക്കാനായില്ല. മുന്നേറ്റത്തിൽ അധ്വാനിച്ച്‌ കളിച്ച ഡാർവിൻ ന്യൂനസിന്‌ മധ്യനിരയിൽനിന്ന്‌ വേണ്ടപിന്തുണ കിട്ടാതാകുകയും ചെയ്‌തതോടെ കളി വിരസമായി. ക്യാപ്‌റ്റൻ ദ്യേഗോയുടെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ പ്രതിരോധനിര കൊറിയയുടെ ഒറ്റപ്പെട്ട നീക്കങ്ങൾ തടഞ്ഞു. ആദ്യപകുതിയിൽ മത്തിയാസ്‌ ഒളിവേരയെടുത്ത കോർണർ കിക്കിൽ ഗോഡിൻ കൃത്യമായി തലവച്ചെങ്കിലും പോസ്റ്റിലിടിച്ച്‌ പുറത്തേക്കുപോയി.

നായകൻ സണ്ണിനെ കേന്ദ്രീകരിച്ചായിരുന്നു കൊറിയയുടെ മുന്നേറ്റം. നായകനെ ഉറുഗ്വേ പ്രതിരോധം കൃത്യമായി പൂട്ടിയതോടെ കൊറിയയുടെ പദ്ധതി പാളി. രണ്ടാംപകുതിയിൽ സുവാരസിനെ പിൻവലിച്ച്‌ എഡിൻസൺ കവാനിയെ കോച്ച്‌ ദ്യേഗോ അലോൻസോ കളത്തിലിറക്കിയെങ്കിലും കളിയിൽ കാര്യമായ മാറ്റമുണ്ടായില്ല.
ഇരുപത്തെട്ടിന്‌ ശക്തരായ പോർച്ചുഗലിനെതിരെയാണ്‌ ഉറുഗ്വേയുടെ അടുത്ത മത്സരം. ദക്ഷിണകൊറിയ ഘാനയെയും നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top