04 July Monday

ആ ഓർമകൾക്ക് അമ്പതാണ്ട് ; പ്രീമിയർ ടയേഴ്സ് ഫുട്ബോൾ ക്ലബ്ബ് സുവർണജൂബിലി പിന്നിടുന്നു

പ്രദീപ് ഗോപാൽUpdated: Wednesday May 25, 2022

1970കളിലെ പ്രീമിയർ ടയേഴ്സ് താരങ്ങൾ


കൊച്ചി
കേരള ഫുട്ബോളിന്റെ ഭൂപടം മാറ്റിയെഴുതിയ പ്രീമിയർ ടയേഴ്സ് ഫുട്ബോൾ ക്ലബ്ബ് സുവർണജൂബിലി പിന്നിടുന്നു.  പകിട്ടേറിയ കാലത്തിന്റെ സുന്ദര മുഹൂർത്തങ്ങൾ ഓർത്തെടുക്കാനുള്ള അവസരമാണിത്. പ്രീമിയർ ടയേഴ്സിന്റെ അമ്പതാണ്ട് കേരള ഫുട്ബോളിന്റെ ചരിത്രം കൂടിയാണ്.  അന്നത്തെ സുവർണതാരങ്ങൾ ഇന്ന് കൊച്ചിയിൽ സംഗമിക്കുകയാണ്. കളിയോർമകളിൽ അവർ അൽപ്പനേരം പന്ത് തട്ടും.

ഒരുകാലത്ത് കേരള ഫുട്ബോൾ എന്നാൽ പ്രീമിയർ ടയേഴ്സായിരുന്നു. കേരളത്തിലെ വിവിധ ക്ലബ്ബുകളിൽനിന്ന് നാടുകളിൽനിന്ന് വന്നെത്തിയ കളിക്കാർ ഒരേ മനസ്സോടെ പന്തു തട്ടി. അഖിലേന്ത്യാ ടൂർണമെന്റുകൾ വിജയിച്ചു. കളിയഴകുകൊണ്ട് ആരാധകരെയുണ്ടാക്കി. ആ താരങ്ങൾ പലരും ഇന്ത്യൻ ടീമിൽ കളിച്ചു.

രൂപീകരിക്കപ്പെട്ട് 50 വർഷം കഴിയുമ്പോഴും പ്രീമിയർ ടയേഴ്സിന്റെ ചരിത്രത്തിലാണ് കേരള ഫുട്ബോളിന്റെ ജീവൻ തുടിച്ചുനിൽക്കുന്നത്. 1971ൽ ഒളിമ്പ്യൻ അബ്ദുൾ റഹ്മാനാണ് പ്രീമിയർ ടയേഴ്സിനെ വാർത്തെടുക്കുന്നത്. അന്ന് രണ്ടോ മൂന്നോ സീനിയർ താരങ്ങൾ. മറ്റെല്ലാം ജൂനിയർ കളിക്കാർ. ‘റഹ്മാനിക്കയായിരുന്നു ടീമിന്റെ ഊർജം. കളിക്കാരുടെ ക്ഷേമത്തിനായിരുന്നു ആദ്യ പരിഗണന. ചുമതലയേറ്റെടുക്കുമ്പോൾ ആദ്യം ആവശ്യപ്പെട്ടത് കളിക്കാർക്കുള്ള താമസ സൗകര്യമാണ്. ഭക്ഷണത്തിൽവരെ ആ ഇടപെടൽ ഉണ്ടായി. കളിക്കാരെ ഒപ്പം ചേർത്തു. അതായിരുന്നു പ്രീമിയർ ടയേഴ്സിന്റെ കരുത്ത്’– പ്രീമിയർ ടയേഴ്സ് താരവും 1973ലെ സന്തോഷ് ട്രോഫി ടീം വെെസ് ക്യാപ്റ്റനുമായ ടി എ ജാഫർ ഓർമിക്കുന്നു.  1973 വരെയായിരുന്നു റഹ്മാൻ ടീമിനെ പരിശീലിപ്പിച്ചത്. എട്ട് ടൂർണമെന്റുകളുടെ ഫെെനലിൽ കടന്നെങ്കിലും കിരീടഭാഗ്യമുണ്ടായില്ല. 1974ൽ മാത്രം അഞ്ചു കിരീടങ്ങളാണ് നേടിയത്. ജി വി രാജ, ചാക്കോളാ, കൊല്ലം ജൂബിലി, നെഹ്റു കപ്പ്, ഡാർജലിങ് ട്രോഫി എന്നിങ്ങനെ പ്രീമിയർ ടയേഴ്സ് ക്ലബ് കിരീടങ്ങളുയർത്തി. ചക്കോളാ ട്രോഫിയും ഡാർജലിങ് ട്രോഫിയും രണ്ടുവീതം തവണ സ്വന്തമാക്കി. കെ ജി വിജയനായിരുന്നു അന്ന് പരിശീലകൻ.

രാജ്യത്തെ എല്ലാ പ്രധാന ഇടങ്ങളിലും കളിച്ചു. കേരളത്തിൽത്തന്നെ അന്ന് എട്ടു ടൂർണമെന്റുകളുണ്ടായിരുന്നു. 1973ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 12 പേർ പ്രീമിയർ ടയേഴ്സിൽനിന്നായിരുന്നു. തൊട്ടടുത്തവർഷം കേരളം കൊൽക്കത്തയിൽ നടന്ന ബിസി റോയ് ട്രോ--ഫി കിരീടം നേടിയപ്പോൾ അന്ന് കളിച്ച 11 പേരിൽ 10 പേർ പ്രീമിയർ ടയേഴ്സിന്റ കളിക്കാരായിരുന്നു.

കളിക്കാർ തമ്മിലുള്ള ഐക്യവും പ്രധാനമായിരുന്നു. വിക്ടർ മഞ്ഞിലയും കെ പി സേതുമാധവനുമായിരുന്നു ഗോൾ കീപ്പർമാർ. പ്രതിരോധത്തിൽ തമ്പി, പി പി പ്രസന്നൻ, മിത്രൻ, പി പൗലോസ്, ഹംസ, സി സി ജേക്കബ്, പ്രേംനാഥ്  ഫിലിപ്പ്  തുടങ്ങിയവർ. ഫാഫ് ബാക്കുകളായി ടി എ ജാഫർ, ഗുണശേഖരൻ, മൊയ്തീൻ, കെ പി വില്യംസ്, രാമകൃഷ്ണൻ, മജീദ്, മൈക്കിൾ എന്നിവരും.

മുന്നേറ്റത്തിൽ സി ഡി ഫ്രാൻസിസ്, ബ്ലാസി ജോർജ്, സേവ്യർ പയസ്, എൻ എം നജീബ്,  ദിനകർ, ജഗദീഷ്, ഡോ. ബഷീർ തുടങ്ങിയനിര.
മുന്നേറ്റത്തിൽ സി ഡി ഫ്രാൻസിസ്, കെ പി വില്യംസ്, ബ്ലാസി ജോർജ് തുടങ്ങിയ നിര. എല്ലാ വർഷവും ഈ താരങ്ങൾ ഒത്തുകൂടാറുണ്ട്. അന്നത്തെ സുവർണ തലമുറയ്ക്ക് പ്രായം 75 കടന്നു. കോവിഡ്‌ കാരണം കഴിഞ്ഞ മൂന്ന് വർഷമായി കൂടാറില്ല.

കളമശേരി ആസ്ഥാനമായ പ്രീമിയർ ടയർ ഫാക്ടറി, 1970ലാണ് ഫുട്ബോൾ ടീമെന്ന ആശയത്തിലെത്തുന്നത്. കേരളത്തിലെ ഫുട്ബോൾ താൽപര്യം കണ്ടുള്ള നീക്കമായിരുന്നു ഇത്. 1984ൽ കമ്പനി എല്ലാവിധ കായിക പ്രവർത്തനങ്ങളും അവസാനിപ്പിച്ചതോടെ പ്രീമിയർ ടയേഴ്സും അവസാനിച്ചു.
കളിക്കാരും അവരുടെ കുടുംബാംഗങ്ങളും ചേർന്നുള്ള സംഗമമാണ് ഇന്ന് നടക്കുന്നത്. ബോൾഗാട്ടി ഫുട്ബോളേഴ്സാണ് കളിക്കാരെ ആദരിക്കുന്നത്. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ അവർ അൽപ്പസമയം പന്ത് തട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top