25 April Thursday

പിങ്ക്‌ ടെസ്റ്റ്‌ : ഇംഗ്ലണ്ട്‌ 112ന്‌ പുറത്ത്‌ ; അക്‌സർ വാണു

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

അഹമ്മദാബാദ്‌
അക്‌സർ പട്ടേലിനുമുമ്പിൽ കറങ്ങിവീണ്‌ ഇംഗ്ലണ്ട്‌. മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട്‌ 112ന്‌ പുറത്തായി. അക്‌സർ ആറ്‌ വിക്കറ്റെടുത്തു. 48.4 ഓവർ മാത്രമാണ്‌ ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാൻമാർക്ക്‌ പിടിച്ചുനിൽക്കാനായുള്ളു. പ്രവചനാതീതമായ മൊട്ടേരയിലെ പിച്ച്‌ ആദ്യദിനം സ്‌പിന്നർമാർക്ക്‌ അനുകൂലമായി. ‌പിങ്ക്‌ പന്ത്‌ മത്സരത്തിൽ ഒന്നാംദിനം പിരിയുമ്പോൾ മൂന്നിന്‌ 99 എന്ന നിലയിലാണ്‌ ഇന്ത്യ. 13 റൺ പിറകിൽ. അരസെഞ്ചുറിയുമായി രോഹിത്‌ ശർമയും (57) ‌അജിൻക്യ രഹാനെയുമാണ്‌ (1) ക്രീസിൽ. ശുഭ്‌മാൻ ഗില്ലിനെയും (11) റണ്ണെടുക്കുംമുമ്പേ ചേതേശ്വർ പൂജാരയെയും വിരാട് കോഹ്‌ലിയെയുമാണ്‌ (27) ‌നഷ്ടമായത്‌.

സ്‌കോർ: ഇംഗ്ലണ്ട്‌ 112, ഇന്ത്യ 3–-99.

ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന്‌ സ്‌പിന്നർമാരെ അണിനിരത്തിയാണ്‌ ഇന്ത്യ എത്തിയത്‌. അക്‌സറും ആർ അശ്വിനും വാഷിങ്‌ടൺ സുന്ദറും. ജസ്‌പ്രീത്‌ ബുമ്രയും, നൂറാം ടെസ്റ്റിനിറങ്ങുന്ന ഇശാന്ത്‌ ശർമയും പേസർമാർ. ഇംഗ്ലണ്ടാകട്ടെ മറിച്ചായിരുന്നു. മൂന്ന്‌ വേഗക്കാരെ ഇറക്കി. ജാക്ക്‌ ലീച്ച്‌ മാത്രമായിരുന്നു സ്‌പിന്നർ.

ഡോം സിബ്‌ലെയെ (0) മടക്കി ഇശാന്താണ് വേട്ടയ്‌ക്ക്‌‌ തുടക്കമിട്ടത്‌. ആറാം ഓവറിൽ അക്‌സർ എത്തി. ചെന്നൈയിലെ അരങ്ങേറ്റത്തിൽ അഞ്ച്‌ വിക്കറ്റെടുത്ത അക്‌സർ നിരാശപ്പെടുത്തിയില്ല. ആദ്യ പന്തിൽ ജോണി ബെയർസ്റ്റോ (0) വിക്കറ്റിനുമുമ്പിൽ കുരുങ്ങി. അശ്വിനും കൂട്ടായതോടെ ഇംഗ്ലീഷുകാർ ബാറ്റ്‌ താഴ്‌ത്തി. ജോ റൂട്ട്‌ (17), ബെൻ സ്‌റ്റോ‌ക്‌സ്‌ (6), ഒല്ലി പോപ്‌ (1), ബെൻ ഫോക്‌സ്‌ (12) എന്നിവരെല്ലാം വന്നതും പോയതും വേഗത്തിലായി. പിടിച്ചുനിന്ന ഓപ്പണർ സാക്‌ ക്രൗളിയെ (53) അക്‌സർ കുരുക്കി. അശ്വിൻ മൂന്ന്‌ വിക്കറ്റെടുത്തു.

നദിയാദിലെ ജയസൂര്യ
കുട്ടിക്കാലത്ത്‌ കൂട്ടുകാരാണ്‌ അക്‌സർ പട്ടേലിന്‌ ‘ജയസൂര്യ’ എന്ന വിശേഷണം നൽകിയത്‌. ശ്രീലങ്കൻ ഇതിഹാസ താരം ജയസൂര്യയെപ്പോലെ ഇടംകൈയനാണ്‌ അക്‌സർ. ബാറ്റെടുത്താൽ തലങ്ങും വിലങ്ങും അടി. ‘ക്രിക്കറ്റാണോ, പഠനമാണോ വേണ്ടത്‌’ എന്ന അച്ഛൻ രാജേഷ് ‌ഭായിയുടെ ചോദ്യത്തിന്‌ ഉത്തരം പറയാൻ 12 വയസ്സുകാരന്‌ ഏറെ ആലോചിക്കേണ്ടിയിരുന്നില്ല. ജീവിതം കളിക്കായി മാറ്റിവച്ച  കൊച്ചുമിടുക്കന്റെ വളർച്ച വേഗത്തിലായിരുന്നു. ബാറ്റിലും പന്തിലും ഒരേമികവ്‌. ജില്ല–-സംസ്ഥാന ടീമുകളിൽ സാന്നിധ്യമായി. ആ സമയത്തും കൗമാരക്കാരൻ ഗുജറാത്തിൽ അറിയപ്പെട്ടത്‌ ‘നദിയാദിലെ ജയസൂര്യ’ എന്നായിരുന്നു.

അഹമ്മദാബാദിൽനിന്ന്‌ 60 കിലോമീറ്റർ അകലെയാണ്‌ അക്‌സറിന്റെ നാടായ നദിയാദ്‌. രാജ്യത്തെ പ്രധാന പട്ടംനിർമാണ നഗരം. ജൂനിയർ ഇന്ത്യൻ ടീമിൽ ഇടംകൈയൻ ബൗളറായാണ്‌ അക്‌സർ എത്തുന്നത്‌. ബാറ്റിങ്ങിൽ എന്നും അവസാനക്കാരനായിരുന്നു. പക്ഷേ, അവസരങ്ങൾ ഉപയോഗിച്ചു. മുൻനിരക്കാർ പതറിയിടത്ത്‌ രക്ഷകനായി.

ബിസിസിഐയുടെ 2013ലെ മികച്ച അണ്ടർ 19 കളിക്കാരനായി. രഞ്ജിയിൽ ഗുജറാത്തിനായി മിന്നി. പിന്നാലെ ഐപിഎലിലും എത്തി. 2015ൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം. 38 ഏകദിനവും 11 ട്വന്റി–-20 മത്സരങ്ങളും കളിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രവീന്ദ്ര ജഡേജയ്‌ക്ക്‌ പകരക്കാരനായാണ്‌ ടെസ്റ്റിൽ വിളിയെത്തുന്നത്‌. ചെന്നൈയിലെ അരങ്ങേറ്റമത്സരത്തിൽ അഞ്ച്‌ വിക്കറ്റ്‌. ‌പിന്നാലെ സ്വന്തം നാട്ടിൽ ആറ്‌ വിക്കറ്റ് പ്രകടനം‌. നദിയാദുകാരുടെ ജയസൂര്യ ആഘോഷിക്കുകയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top