29 March Friday

യൂറോ യോഗ്യത ; ഡച്ച്‌ ടീമിൽ പനി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023


പാരിസ്‌
പനിപ്പേടിയിൽ നെതർലൻഡ്‌സ്‌ ടീം. യൂറോ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ പോരിൽ ഇന്ന്‌ കരുത്തരായ ഫ്രാൻസിനെ നേരിടാനൊരുങ്ങുമ്പോൾ അഞ്ചുപേർ പനിയെത്തുടർന്ന്‌ പുറത്തായി. കോഡി ഗാക്‌പോ, മാതിസ്‌ ഡി ലിറ്റ്‌, സ്വെൻ ബൊട്ട്‌മാൻ, ജോയ്‌ വീർമൻ, ബാർട്ട്‌ വെർബ്രുഗെൻ എന്നിവരാണ്‌ പുറത്തായ താരങ്ങൾ. ഇതിൽ മുന്നേറ്റക്കാരനായ ഗാക്‌പോയും പ്രതിരോധതാരമായ ഡി ലിറ്റും ആദ്യ പതിനൊന്നിൽ ഉൾപ്പെടേണ്ടവരാണ്‌. എല്ലാവരും നിരീക്ഷണത്തിൽ കഴിയുകയാണ്‌. ഫ്രാൻസിലെ സെന്റ്‌ ഡെനിസിൽ രാത്രി 1.15നാണ്‌ മത്സരം.

ലോകകപ്പിനുശേഷം ആദ്യകളിക്കാണ്‌ ഇരുടീമുകളും. ഫ്രാൻസ്‌ പുതിയ ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയ്‌ക്കുകീഴിലാണ്‌ ഇറങ്ങുന്നത്‌. ലോകകപ്പ്‌ ഫൈനലിൽ അർജന്റീനയോട്‌ ഷൂട്ടൗട്ടിലേറ്റ തോൽവി മറന്ന്‌ പുതിയ തുടക്കമാണ്‌ ലക്ഷ്യം. ലൂയിസ്‌ വാൻ ഗാൽ സ്ഥാനമൊഴിഞ്ഞശേഷം റൊണാൾഡ്‌ കൂമാനാണ്‌ ഡച്ചുകാരുടെ ചുമതല വീണ്ടും ഏറ്റെടുത്തിരിക്കുന്നത്‌. ലോകകപ്പിൽ ക്വാർട്ടറിൽ പുറത്തായിരുന്നു. പനിയെക്കൂടാതെ പ്രധാനതാരങ്ങളായ ഫ്രെങ്ക്‌ ഡി യോങ്ങും സ്റ്റീവൻ ബ്രെഗ്‌വിന്നും പരിക്കേറ്റ്‌ പുറത്തായതും ഡച്ചുകാർക്ക്‌ ക്ഷീണം ചെയ്യും. അസുഖബാധിതർക്കുപകരം റ്യാൻ ഗ്രവെൻബെർച്ച്‌, യെൽ ഷെർപെൻ, സ്‌റ്റെഫാൻ ഡി വ്രിജ് എന്നിവരെ ഉൾപ്പെടുത്തി. ഗ്രൂപ്പ്‌ ബിയിൽ ജിബ്രാൾട്ടർ, ഗ്രീസ്‌, അയർലൻഡ്‌ എന്നിവരാണ്‌ മറ്റ്‌ ടീമുകൾ.

മറ്റ്‌ മത്സരങ്ങളിൽ ഇന്ന്‌ ബൽജിയം സ്വീഡനെ നേരിടും. കെവിൻ ഡി ബ്രയ്‌നാണ്‌ ബൽജിയം ക്യാപ്‌റ്റൻ. സ്വീഡിഷ് നിരയിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് കളിക്കുന്നുണ്ട്. പോളണ്ട്‌ ചെക്ക്‌ റിപ്പബ്ലിക്കിനെയും സ്വിറ്റ്‌സർലൻഡ്‌ ബെലാറസിനെയും നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top