ഹാങ്ചൗ
ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിനായി 655 അംഗസംഘത്തെയാണ് അണിനിരത്തുന്നത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും വലിയ ടീമാണിത്. 100 മെഡലാണ് ലക്ഷ്യം. ഏറ്റവും വലിയസംഘം അത്‌ലറ്റിക്‌സിലാണ്–-68.
ഏഷ്യൻ ഗെയിംസിന്റെ 18 പതിപ്പിലായി ഇന്ത്യ നേടിയത് 155 സ്വർണവും 201 വെള്ളിയും 316 വെങ്കലവുമാണ്. ആകെയുള്ള 672 മെഡലിൽ 254 എണ്ണം അത്‌ലറ്റിക്‌സിലാണ്. 79 സ്വർണമാണ് ട്രാക്കിലും ഫീൽഡിലുമായി കിട്ടിയത്. ഇക്കുറി ആകെയുള്ള 40 ഇനങ്ങളിൽ 39ലും മത്സരിക്കുന്നു. ബ്രേക്ക് ഡാൻസിങ് എന്ന പുതിയ ഇനത്തിൽ പങ്കാളിത്തമില്ല. തുഴച്ചിലിന് 33 അംഗസംഘമുണ്ട്. ഷൂട്ടിങ് 30, അമ്പെയ്‌ത്ത് 16, ബാഡ്‌മിന്റൺ 19 , നീന്തൽ 20 എന്നിങ്ങനെയാണ് പ്രധാന ഇനങ്ങളിലെ പങ്കാളിത്തം. ക്രിക്കറ്റ്, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ, ഫുട്‌ബോൾ, ഹോക്കി, കബഡി എന്നിവയിൽ പുരുഷ, വനിതാ ടീമുണ്ട്. ക്രിക്കറ്റിൽ ആദ്യമായാണ് പങ്കെടുക്കുന്നത്.
അത്‌ലറ്റിക്‌സിൽ കഴിഞ്ഞതവണ എട്ട് സ്വർണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്. ഇത്തവണ അതിനേക്കാൾ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. ലോക, ഒളിമ്പിക്‌സ് ചാമ്പ്യനായ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ സ്വർണനേട്ടം ആവർത്തിക്കുമെന്നു കരുതുന്നു. കിഷോർ കുമാർ ജെനയും മത്സരിക്കുന്നു. ഷോട്‌പുട്ടിൽ രജീന്ദർപാൽ സിങ് ടൂർ നിലവിലെ ചാമ്പ്യനാണ്. ലോങ്ജമ്പിൽ ജെസ്വിൻ ആൽഡ്രിൻ, എം ശ്രീശങ്കർ, ട്രിപ്പിൾജമ്പിൽ പ്രവീൺ ചിത്രവേൽ, അബ്‌ദുള്ള അബൂബക്കർ,1500 മീറ്ററിൽ അജയ്‌കുമാർ സരോജ്, ജിൻസൻ ജോൺസൺ, വനിതാ ലോങ്ജമ്പിൽ ശൈലി സിങ്, സ്‌റ്റീപ്പിൾചേസിൽ പാരുൾ ചൗധരി, അവിനാഷ് സാബ്‌ലെ, ജാവലിൻത്രോയിൽ അന്നുറാണി, 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജി എന്നിവരെല്ലാം മെഡൽ സാധ്യതയുള്ളവരാണ്. ലോകചാമ്പ്യൻഷിപ്പിൽ ഏഷ്യൻ റെക്കോഡിട്ട പുരുഷ റിലേ ടീമും മിക്‌സഡ് റിലേ ടീമും നൽകുന്ന സൂചന സ്വർണംതന്നെ.
ചെസിൽ യുവടീമിനെയാണ് അണിനിരത്തുന്നത്. ആർ പ്രഗ്‌നാനന്ദ, ഡി ഗുകേഷ്, അർജുൻ എറിഗൈസി എന്നിവർ പത്തംഗ ടീമിലുണ്ട്.
മലയാളികൾ നാൽപ്പത്
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ 40 മലയാളികളുണ്ട്. അത്‌ലറ്റിക്‌സിൽ 12 പേർ. വോളിബോളിൽ 10. ബാസ്‌കറ്റ്‌ബോളിൽ നാലും തുഴച്ചിലിലും ബാഡ്‌മിന്റണിലും മുന്നുപേർ വീതവും. നീന്തലിൽ സജൻ പ്രകാശ്, ഹോക്കിയിൽ പി ആർ ശ്രീജേഷ്, ക്രിക്കറ്റിൽ മിന്നുമണി എന്നിവരാണ് അഭിമാന താരങ്ങൾ.
വനിതകളുടെ 12 അംഗ വോളി ടീമിൽ എട്ട് മലയാളികളാണ്. ബാഡ്‌മിന്റണിൽ എച്ച് എസ് പ്രണോയ്, ട്രീസ ജോളി, എം ആർ അർജുൻ, ബാസ്‌കറ്റ്‌ബോളിൽ ആർ ശ്രീകല, കവിതാ ജോസ്, പ്രണവ് പ്രിൻസ്, അനു മരിയ എന്നിവരുമുണ്ട്. തുഴച്ചിലിൽ പി ബി അശ്വതി, കെ ബി വർഷ, എ ആർച്ച, കനോയിങ് കയാക്കിങിൽ മേഘ പ്രദീപ്, പാർവതി, പായ്‌വഞ്ചിയിൽ അദ്വൈത് മേനോൻ എന്നിവരും ഇറങ്ങും.
അത്‌ലറ്റിക്‌സിൽ എം ശ്രീശങ്കർ, അബ്‌ദുള്ള അബൂബക്കർ, ജിൻസൺ ജോൺസൻ എന്നിവർക്കുപുറമെ മുഹമ്മദ് അഫ്‌സൽ, രാഹുൽ ബേബി, മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ, മിജോ ചാക്കോ കുര്യൻ എന്നിവരുണ്ട്. വനിതകളിൽ ആൻസി സോജനും എൻ വി ഷീനയും ജിസ്‌ന മാത്യുവും. അത്‌ലറ്റിക്‌സ് മുഖ്യകോച്ച് പി രാധാകൃഷ്‌ണൻ നായരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..