24 April Wednesday

ആനന്ദം 
അവസാനിക്കുന്നു ; ഫെഡററുടെ വിരമിക്കൽ മത്സരം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

image credit Roger Federer twitter

 
ലണ്ടൻ
ഒടുവിൽ റോജർ ഫെഡററും അവസാനമത്സരത്തിന്. ലോക ടെന്നീസിലെ ഇതിഹാസതാരത്തിന്റെ വിടവാങ്ങലിന് ഇന്ന് ലോകം സാക്ഷിയാകും. ലേവർ കപ്പിൽ കൂട്ടുകാരൻ റാഫേൽ നദാലിനൊപ്പമാണ് സ്വിസ് താരം റാക്കറ്റേന്തുക. ഡബിൾസിൽ കളിക്കണമെന്ന് ഫെഡറർ കഴിഞ്ഞദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ലണ്ടനിൽ ഇന്ത്യൻ സമയം രാത്രി 11ന്‌ ശേഷമാണ് മത്സരം. ലോക ടീമിന്റെ ഫ്രാൻസെസ് തിയാഫോ–ജാക് സോക് സഖ്യമാണ് ഫെഡറർ–നദാൽ സഖ്യത്തിന്റെ എതിരാളികൾ. ആദ്യദിനം മൂന്ന് സിംഗിൾസും ഒരു ഡബിൾസുമാണ്. സിംഗിൾസ് മത്സരങ്ങൾ ഇന്ത്യൻ സമയം വെെകിട്ട് അഞ്ചിന്‌ ആരംഭിക്കും. ആദ്യകളി ടീം യൂറോപ്പിന്റെ കാസ്-പെർ റൂഡും ലോക ടീമിന്റെ സോകും തമ്മിലാണ്. സ്റ്റെഫനോസ് സിറ്റ്സിപാസ്– ദ്യേഗോ ഷോർട്സ്മാൻ മത്സരം തുടർന്ന്‌ നടക്കും.

ആൻഡി മറെ–അലെക്സ് ഡി മിനാവുർ സിംഗിൾസാണ് മൂന്നാമത്തേത്. രാത്രി 11നാണ് ഈ മത്സരം ആരംഭിക്കുന്നത്. തുടർന്നാണ് ഫെഡററുടെ കളി. 20 ഗ്രാൻഡ്‌ സ്ലാം കിരീടനേട്ടവുമായാണ് ഫെഡറർ മടങ്ങുന്നത്. കഴിഞ്ഞ ഒന്നരവർഷമായി കളത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്രശ്രമത്തിലായിരുന്നു നാൽപ്പത്തൊന്നുകാരൻ. ഗ്രാൻഡ് സ്ലാമിൽ കളിച്ച് അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം. എന്നാൽ, കാൽമുട്ടിലെ വിട്ടുമാറാത്ത പരിക്ക് തളർത്തി. കഴിഞ്ഞവർഷം വിംബിൾഡണിലാണ് അവസാനമായി കളിച്ചത്. ക്വാർട്ടറിൽ ഹുബെർട്ട് ഹുർകാക്സിനോട് തോൽക്കുകയായിരുന്നു.

ലേവർ കപ്പിൽ സിംഗിൾസിൽ കളിക്കാനാകില്ലെന്ന് ഫെഡറർ യൂറോപ് ടീം ക്യാപ്റ്റൻ ബ്യോൺ ബോർഗിനെ അറിയിച്ചിരുന്നു. ഡബിൾസിൽ നദാലിനൊപ്പം കളിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. നദാലിനൊപ്പം ഡബിൾസ് കളിക്കുക എന്നത് മനോഹരമായ അനുഭവമായിരുക്കുമെന്നും ഫെഡറർ പറഞ്ഞു. മുപ്പത്താറുകാരനായ നദാൽ 22 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ ആവേശകരമായ പോരാട്ടങ്ങളും ഇരുവരും തമ്മിൽ നടന്നിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top