25 April Thursday

രഞ്ജി ട്രോഫി ഫൈനൽ : മിന്നിയില്ല മുംബൈ

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

image credit bcci twitter


ബംഗളൂരു
കരുത്തുറ്റ മുംബൈ ബാറ്റിങ്‌നിരയെ തളച്ച്‌ മധ്യപ്രദേശ്‌. രഞ്ജി ട്രോഫി ക്രിക്കറ്റ്‌ ഫൈനലിൽ ഒന്നാംദിനം മുംബൈയെ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 248 റണ്ണിൽ ഒതുക്കി. ഓപ്പണർ യശസ്വി ജയ്‌സ്വാളാണ്‌ (78) ടോപ്‌ സ്‌കോറർ. രണ്ടുവീതം വിക്കറ്റ്‌ നേടിയ അനുഭവ്‌ അഗർവാളും സരാൻഷ്‌ ജെയിനുമാണ്‌ മധ്യപ്രദേശിനായി പന്തിൽ തിളങ്ങിയത്‌. 42–-ാംകിരീടമാണ്‌ മുംബൈ ലക്ഷ്യമിടുന്നത്‌. മധ്യപ്രദേശാകട്ടെ ആദ്യത്തേതും. ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ടോസ്‌ നേടി മുംബൈ ക്യാപ്‌റ്റൻ പൃഥ്വി ഷാ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബാറ്റിങ്‌നിരയിലൂടെ കൂറ്റൻ സ്‌കോർ പടുത്തുയർത്തുക എന്നതായിരുന്നു തന്ത്രം. പൃഥ്വിയും (47) ജയ്‌സ്വാളും സാവധാനമായിരുന്നു തുടങ്ങിയത്‌. ഇരുവരും കളംപിടിക്കവേ അനുഭവ്‌, പൃഥ്വിയെ ബൗൾഡാക്കി. അർമാൻ ജാഫറിനും (26) പതിവുശൈലിയിൽ ബാറ്റ്‌ വീശാനായില്ല. കുമാർ കാർത്തികേയക്കുമുമ്പിൽ കീഴടങ്ങി ഈ വലംകൈയൻ.

നാലാമനായി എത്തിയ സുദേവ്‌ പാർകറും (18) നിരാശപ്പെടുത്തി. ഒരറ്റത്ത്‌ കൂട്ടുകാരെ നഷ്ടപ്പെട്ടപ്പോഴും പിടിച്ചുനിന്ന യശസ്വിക്ക്‌ അധികം ആയുസ്സുണ്ടായില്ല. അനുഭവിന്റെ പന്തിൽ യാഷ്‌ ദുബെയ്‌ക്ക്‌ പിടികൊടുത്തായിരുന്നു പുറത്താകൽ. ഒരു സിക്‌സും ഏഴ്‌ ഫോറും യശസ്വി ഇതിനിടെ പായിച്ചു.

ഹാർദിക്‌ തമോറാണ്‌ (24) ക്രീസ്‌ വിട്ട മറ്റൊരു മുംബൈ ബാറ്റർ.ടൂർണമെന്റിലെ മികച്ച റൺവേട്ടക്കാരൻ സർഫ്രാസ്‌ ഖാനിലാണ്‌ (843 റൺ) മുംബൈയുടെ പ്രതീക്ഷകളെല്ലാം. 40 റണ്ണുമായി വലംകൈയൻ ക്രീസിലുണ്ട്‌. ഓൾറൗണ്ടർ ഷംസ്‌ മുലാനിയാണ്‌ (12) കൂട്ട്‌. രണ്ടാംദിനം ഇരുവരുടെയും ബാറ്റ്‌ അനായാസം റൺ കണ്ടെത്തിയാൽ മുംബൈക്ക്‌ കളംപിടിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top