25 April Thursday

ഓസീസിനെതിരെ ഏകദിന പരമ്പര : ചരിത്രമെഴുതി ലങ്ക

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


കൊളംബോ
മൂന്നുപതിറ്റാണ്ടിനുശേഷം സ്വന്തം മണ്ണിൽ ഓസ്ട്രേലിയക്കെതിരായ പരമ്പരനേട്ടം ആഘോഷിച്ച് ശ്രീലങ്ക. കൊളംബോയിൽ നടന്ന ആവേശകരമായ നാലാം ഏകദിനത്തിൽ നാലു റണ്ണിനായിരുന്നു ലങ്കൻ ജയം. സെഞ്ചുറി നേടിയ ചരിത് അസലങ്കയും ബൗളർമാരുമാണ് ലങ്കയുടെ വിജയശിൽപ്പികൾ. പരമ്പര 3–1നാണ് ലങ്ക നേടിയത്. അവസാനമത്സരം നാളെ നടക്കും.

ലങ്ക 259 റൺ ലക്ഷ്യമാണ് കുറിച്ചത്. അവർ 49 ഓവറിൽ 258ന് പുറത്തായി. 106 പന്തിൽ 110 റണ്ണാണ് അസലങ്ക നേടിയത്. തുടക്കം തകർന്ന ലങ്കയ്ക്ക് അസലങ്കയാണ് ജീവൻ നൽകിയത്. 10–-ാംഓവറിൽ 3–34 റണ്ണെന്ന നിലയിലായിരുന്നു. തുടർന്ന് ഒത്തുചേർന്ന അസലങ്കയും ധനഞ്ജയ ഡി സിൽവയും ലങ്കയെ മുന്നോട്ടുനയിച്ചു. ഈ സഖ്യം 116 റൺ കൂട്ടിച്ചേർത്തു. ധനഞ്ജയ (61 പന്തിൽ 69) ഗ്ലെൻ മാക്സ്-വെല്ലിന്റെ പന്തിൽ പുറത്തായെങ്കിലും അസലങ്ക തുടർന്നു. ഒരു സിക്സറും 10 ഫോറുമായിരുന്നു അസങ്കയുടെ ഇന്നിങ്സിൽ. വണീന്ദു ഹസരങ്ക 20 പന്തിൽ 21 റണ്ണുമായി പുറത്താകാതെ നിന്നു. 

മറുപടിയിൽ നാല് സ്പിന്നർമാരും ഒരു പേസറുമായി എറിയാനെത്തിയ ലങ്കയ്ക്ക് തുടക്കത്തിൽ ഓസീസ് ബാറ്റർമാരെ നിയന്ത്രിക്കാനായില്ല. എന്നാൽ, 99 റണ്ണെടുത്ത ഡേവിഡ് വാർണറെ ധനഞ്ജയ ഡി സിൽവയുടെ പന്തിൽ നിരോഷൻ ഡിക്-വെല്ല സ്റ്റമ്പ് ചെയ്തതോടെ ലങ്ക കളംപിടിച്ചു. 4–189 എന്ന ശക്തമായ നിലയിൽനിന്ന് 7–192ലേക്ക് തകർന്ന ഓസീസിന് പ്രതീക്ഷ നഷ്ടമായി. 43 പന്തിൽ 35 റണ്ണുമായി പാറ്റ് കമ്മിൻസും പൊരുതി. ദിമുത് കരുണരത്നെ എറിഞ്ഞ 49–ാം ഓവറിൽ കമ്മിൻസ് പുറത്തായതോടെ ഓസീസിന് അവസാന ഓവറിൽ 19 റണ്ണായി ലക്ഷ്യം. ഒരു വിക്കറ്റും ബാക്കി.

ലങ്കൻ ക്യാപ്റ്റൻ ദാസുൺ ഷനകയാണ് പന്തെറിയാനെത്തിയത്. ക്രീസിൽ മാത്യു കുനെമാൻ. ആദ്യ അഞ്ചു പന്തിൽ 14 റണ്ണടിച്ച കുനെമാൻ ലക്ഷ്യം ഒരു പന്തിൽ അഞ്ചാക്കി ചുരുക്കി. എന്നാൽ, ഷനക വിട്ടുകൊടുത്തില്ല. അവസാനപന്തിൽ കുനെമാനെ അസലങ്കയുടെ കെെയിലെത്തിച്ച് ഷനക ലങ്കൻ ജയം പൂർത്തിയാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top