23 April Tuesday

ബ്ലാസ്‌റ്റേഴ്‌സിൽ ഇനി ജിങ്കനില്ല ; - ക്ലബ്ബിന്റെ ഔദ്യോഗിക സ്ഥിരീകരണം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


കൊച്ചി
സന്ദേശ്‌ ജിങ്കൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വിടുന്നതിന്‌ ഔദ്യോഗിക സ്ഥിരീകരണം. ജിങ്കനും ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ വഴിപിരിയുന്നതായി ക്ലബ് അറിയിച്ചു. ആറ്‌ വർഷമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായിരുന്നു ഈ ഇരുപത്താറുകാരൻ. കഴിഞ്ഞ സീസണിൽ പരിക്കുകാരണം കളിക്കാനായില്ല. ജിങ്കൻ ബ്ലാസ്‌റ്റേഴ്‌സ്‌ വിടുമെന്ന്‌ ദിവസങ്ങൾക്ക്‌ മുമ്പുതന്നെ സൂചനയുണ്ടായിരുന്നു. വിദേശ ലീഗിൽ കളിക്കാനാണ്‌ ഈ പ്രതിരോധക്കാരന്റെ ലക്ഷ്യം. വിദേശ ക്ലബ്ബുകൾ ജിങ്കനുവേണ്ടി രംഗത്തുണ്ട്‌.
2014ലാണ്‌ ഈ ചണ്ഡീഗഢുകാരൻ ബ്ലാസ്‌റ്റേഴ്‌സിൽ ചേർന്നത്‌. തുടർന്ന്‌ ടീമിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. 76 മത്സരങ്ങളിൽ കളിച്ചു. 2017ൽ ക്യാപ്റ്റനുമായി.ആദ്യ സീസണിൽത്തന്നെ യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.  രണ്ട്‌ ഐഎസ്‌എൽ ഫൈനലുകളിൽ കളിച്ചു. ഇതിനിടെ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെയും ക്യാപ്‌റ്റനായി.

കഴിഞ്ഞ സീസണിൽത്തന്നെ ജിങ്കനുവേണ്ടി വമ്പൻ ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിൽ കളിക്കാരുടെ വേതനം കുറയ്‌ക്കാനുള്ള തീരുമാനവും പുതിയ മാനേജ്‌മെന്റിന്റെ വരവും ജിങ്കൻ ക്ലബ്‌ വിടുന്നതിനുള്ള കാരണമായി. ഒരുകോടിയിൽ കൂടുതൽ രൂപയാണ്‌ ജിങ്കന്റെ വാർഷിക കരാർ. 2023 വരെയായിരുന്നു കരാർ കാലാവധി. ഖത്തർ ക്ലബ്‌ അൽ ഗറാഫ എസ്‌സിയാണ്‌ ജിങ്കനെ സ്വന്തമാക്കാൻ സജീവമായി രംഗത്തുള്ളത്‌.

നന്ദി: ജിങ്കൻ
കേരള ബ്ലാസ്‌റ്റേഴ്‌സിനോടും ആരാധകരോടും നന്ദി പറഞ്ഞ്‌ സന്ദേശ്‌ ജിങ്കൻ. ‘ആദ്യദിവസംമുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ പരസ്പരം വളരാൻ സഹായിച്ചു. ഒടുവിൽ വേർപിരിയുന്നു. നല്ല ഓർമകളാണ്‌. ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയ്‌ക്ക്‌ എല്ലാ ആശംസകളും. കാണികൾ നൽകിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി പറയുന്നു. ക്ലബ്ബും ആരാധകരും എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും’–- ജിങ്കൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top