23 April Tuesday
നാപോളിയെ വീഴ്‌ത്തി യുവന്റസ്‌ ഇറ്റാലിയൻ സൂപ്പർ കപ്പ്‌ ചാമ്പ്യൻമാർ

റൊണാൾഡോ 760* ; ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021


റോം
ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സൂപ്പർ കപ്പ്‌ ഫൈനലിൽ നാപോളിക്കെതിരെ വല കണ്ടതോടെ കളിജീവിതത്തിൽ ആകെ 760 ഗോളായി റൊണാൾഡോയ്‌ക്ക്‌. 1040 കളിയിൽനിന്നാണ്‌ ഈ നേട്ടം. ഇതോടെ ഔദ്യോഗിക കണക്കുകൾപ്രകാരം പോർച്ചുഗീസുകാരൻ ജോസെഫ്‌ ബികാനെ മറികടന്നു. ബികാനെയ്‌‌ക്ക്‌ 759 ഗോളാണ്‌. ബ്രസീൽ ഇതിഹാസം പെലെയ്‌ക്ക്‌ 757ഉം ബ്രസീലിന്റെതന്നെ റൊമാരിയോക്ക്‌ 743ഉം ഗോളുകളാണ്‌. അഞ്ചാമത്‌ ലയണൽ മെസിയാണ്‌. ആകെ 719 ഗോൾ.

എന്നാൽ, ഈ കണക്കുകളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്‌. അനൗദ്യോഗിക രേഖകൾപ്രകാരം ബികാനിന്‌ 805 ഗോളുകളുണ്ട്‌. ഓസ്‌ട്രിയയിൽ ജനിച്ച്‌ അവിടെയും ചെക്ക്‌ റിപബ്ലിക്കിലുമായി അഞ്ച്‌ ക്ലബ്ബുകൾക്കാണ്‌ ബികാൻ കളിച്ചത്‌. സാന്റോസിന്റെ കണക്കുകൾപ്രകാരം പെലെയ്‌ക്ക്‌ 1091 ഗോളുകളാണ്‌. ആകെ 1283 ഗോളടിച്ചുവെന്ന്‌ ഇൻസ്റ്റഗ്രാമിൽ പെലെ അവകാശപ്പെടുന്നുണ്ട്‌. യൂത്ത്‌, സൗഹൃദ കളികൾ ഉൾപ്പെടെ ആയിരത്തിലധികംവട്ടം റൊമാരിയോയും വല കണ്ടെന്നാണ്‌ അനൗദ്യോഗിക കണക്ക്‌.

നാപോളിക്കെതിരെ 64–-ാംമിനിറ്റിലാണ്‌ റൊണാൾഡോ ലക്ഷ്യംകണ്ടത്‌. യുവന്റസിനായുള്ള മുപ്പത്തഞ്ചുകാരന്റെ 85–-ാംഗോൾ. അൽവാരോ മൊറാട്ടയുടെയും ഗോളിൽ യുവന്റസ്‌ ഇരുപതാം ഇറ്റാലിയൻ സൂപ്പർ കപ്പ്‌ ഉയർത്തി. പരിശീലകനായുള്ള ആന്ദ്രേ പിർലോയുടെ കന്നിക്കിരീടം കൂടിയാണിത്‌.

ഏറ്റവും മികച്ച ഗോൾവേട്ടക്കാർ

760 - ക്രിസ്റ്റ്യാനോ റൊണാൾഡോ
759 - ജോസെഫ്‌ ബികാൻ
757 - പെലെ
743 - റൊമാരിയോ
719 - ലയണൽ മെസി
റൊണാൾഡോയുടെ ഗോളുകൾ
450 റയൽ മാഡ്രിഡ്‌
118 മാഞ്ചസ്റ്റർ യുണൈറ്റഡ്‌
85 യുവന്റസ്‌
5 സ്‌പോടിങ്‌ ലിസ്‌ബൺ
102 പോർച്ചുഗൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top