01 July Tuesday

‘ചൂടാറാതെ’ ഖത്തർ

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

twitter.com/FIFAWorldCup

ദോഹ> ഖത്തർ പ്രതീക്ഷിച്ചപോലെ തണുക്കുന്നില്ല. ഇന്ന്‌ വരും നാളെ വരും എന്നു പറഞ്ഞ് തണുപ്പുകാലത്തെ കാത്തിരിക്കുകയാണ്. പ്രതീക്ഷയായി ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഇപ്പോൾ പകൽ പുറത്തിറങ്ങിയാൽ ചൂടിൽ വാടും. എന്നാൽ, ഇതൊന്നും ഒരു ചൂടല്ലെന്നാണ് ഖത്തറിലെ സ്ഥിരതാമസക്കാർ പറയുന്നത്. ഇന്നലെ രാവിലെ 25 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. ഉച്ചയോടെ 30 ഡിഗ്രിക്ക് അടുത്തെത്തി. പുറത്തിറങ്ങി നടക്കാനാകില്ല. രാത്രിയോടെ അത് 20 ഡിഗ്രിയിലേക്ക് താണു.

ദോഹ വിമാനത്താവളത്തിൽ 2010ൽ രേഖപ്പെടുത്തിയത് 50.4 ഡിഗ്രിയാണ്. ശരാശരി എന്തായാലും 30 ഡിഗ്രിയാണ്. ചൂട് ലോകകപ്പിനെ ബാധിക്കുമോയെന്ന ആശങ്ക മുമ്പുതന്നെ ഉയർന്നതാണ്. അതുകൊണ്ടാണ് ചരിത്രത്തിലാദ്യമായി ലോകകപ്പ് നവംബർ–-ഡിസംബർ മാസത്തിലേക്ക് മാറ്റിയത്. ഈ രണ്ടുമാസം ചൂട്‌ കുറഞ്ഞ് തണുപ്പാകുന്ന കാലമാണ്.

കിക്കോഫായിട്ടും ചൂട് പ്രതീക്ഷിച്ചപോലെ കുറഞ്ഞിട്ടില്ല.ചൂടിനെ ചെറുക്കാൻ എട്ട് സ്റ്റേഡിയത്തിലും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ശീതീകരിച്ച കളിക്കളങ്ങളിലാകും മത്സരങ്ങൾ. ശീതീകരണം മാത്രമല്ല വായുശുദ്ധീകരണംകൂടി നടക്കുന്നുണ്ട്. സ്റ്റേഡിയത്തിൽ ശുദ്ധവായു ലഭ്യമാകും. കാണികൾക്ക് സുഖമുള്ള അന്തരീക്ഷത്തിൽ കളി കാണാം. ടീമുകൾക്ക് അറിയുന്ന കാര്യമാണെങ്കിലും അവർ ചൂടിനെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. യൂറോപ്യൻ ടീമുകൾക്കാണ് പ്രശ്നം. ഹോട്ടലിനുപുറത്ത് നടക്കുമ്പോഴേക്കും വിയർക്കുന്നുവെന്നാണ് വെയ്ൽസ് മുന്നേറ്റക്കാരൻ മാർക്ക് ഹാരിസിന്റെ പരാതി. പരിശീലനത്തിനും ബുദ്ധിമുട്ടുണ്ട്.

ബ്രസീലിൽ 2014ൽ നടന്ന ലോകകപ്പിൽ ഒരു മത്സരം കടുത്ത ചൂടിലായിരുന്നു. പോർച്ചുഗലും അമേരിക്കയും തമ്മിലുള്ള കളി 29 ഡിഗ്രി സെൽഷ്യസിലായിരുന്നു. ശീതീകരിക്കാത്ത സ്‌റ്റേഡിയത്തിലായിരുന്നു കളി. 1994 അമേരിക്കൻ ലോകകപ്പിൽ മെക്സിക്കോ–--അയർലൻഡ് മത്സരം 48 ഡിഗ്രിയിലാണ്‌ അരങ്ങേറിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top