20 April Saturday

കനൽവഴി കടന്ന് പൊൻമുത്തം

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


ഹൈദരാബാദ്‌
നിഖാത് സരീൻ ആഘോഷത്തിലാണ്. നാടായ നിസാമാബാദ്‌, ബോക്സിങ്ങിലെ പുതിയ ലോക ചാമ്പ്യനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്‌. തായ്‌ലൻഡ്‌ താരം ജുതാമസ്‌ ജിറ്റ്‌പോങ്ങിനെ തോൽപ്പിച്ചായിരുന്നു ഇരുപത്തഞ്ചുകാരിയുടെ കിരീടനേട്ടം. 52 കിലോഗ്രാം ഫ്ലൈവെയ്‌റ്റ്‌ വിഭാഗത്തിലാണ്‌ ചാമ്പ്യനായത്.

ലോകവേദിയിലേക്കുള്ള വഴികൾ എളുപ്പമായിരുന്നില്ല നിഖാത്തിന്. ജമീൽ അഹമ്മദിന്റെയും -പർവീൺ സുൽത്താനയുടെയും മക്കളിൽ മൂന്നാമത്തേതായ പെൺകുട്ടിക്ക് ബോക്സിങ് ജീവിതംതന്നെയായിരുന്നു. ഇടതുകണ്ണിനുചുറ്റും ഇടികൊണ്ട് മുറിഞ്ഞ മുഖവുമായി മുന്നിലെത്തിയപ്പോൾ അമ്മ പർവീൺ പേടിച്ചു. നിഖാത് പിന്മാറിയില്ല. അച്ഛനും അമ്മാവന്മാരും പിന്തുണ നൽകി.
 അത്‌ലറ്റിക്സിലൂടെയായിരുന്നു തുടക്കം. ജില്ലാതലത്തിൽ സ്വർണംനേടി. എന്നാൽ, കായികജീവിതം കണ്ടെത്തിയത് ബോക്സിങ്ങിലാണ്. നിസാമാബാദിലെ സെക്രട്ടറിയറ്റ് മെെതാനത്തായിരുന്നു പരിശീലനം. അക്കാദമികളിൽ ബോക്സിങ് പരിശീലിക്കാൻ പെൺകുട്ടികളുണ്ടായിരുന്നില്ല. കളത്തിൽമാത്രമല്ല പുറത്തും പ്രശ്നങ്ങളുണ്ടായി. യാഥാസ്ഥിതികരായ നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചു. പെൺകുട്ടികൾ കായികരംഗത്ത് ഇറങ്ങരുതെന്ന് ശഠിച്ചു. ബോക്സിങ് ഷോർട്സുകൾ ധരിക്കുന്നത് വിലക്കി. എന്നാൽ, ജമീൽ മകൾക്കൊപ്പംനിന്നു.

വളരെവേഗത്തിലായിരുന്നു നിഖാത്തിന്റെ ഉയർച്ച. 14–-ാം വയസ്സിൽ ദേശീയ സബ്ജൂനിയർ ചാമ്പ്യനായി. ഒരുവർഷത്തിനുശേഷം തുർക്കിയിലെ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം. സീനിയർ തലത്തിൽ ഇതിഹാസതാരം മേരി കോമിന്റെ നിഴലിലൊതുങ്ങി. 2017ൽ തോളിനേറ്റ പരിക്ക് വലിയ തിരിച്ചടിയായി. ആ വർഷം ഇറങ്ങാൻ കഴിഞ്ഞില്ല. വിട്ടുകൊടുക്കാൻ തയ്യാറായില്ല. കരുത്തോടെ തിരിച്ചുവന്നു.

ഒളിമ്പിക്സിന് മേരി കോമിനും ട്രയൽസ് നടത്തണമെന്ന് ആവശ്യപ്പെട്ട് 2019ൽ നിഖാത് ഇന്ത്യൻ ബോക്സിങ് ഫെഡറേഷനെ സമീപിച്ചു. ‘ആരാണ് നിഖാത്, എനിക്ക് അവളെ അറിയുകപോലുമില്ല’ എന്നായിരുന്നു അതിനുള്ള മേരി കോമിന്റെ പ്രതികരണം. ട്രയൽസിൽ കടുത്ത പോരാട്ടത്തിൽ മേരി കോമിനോട് തോറ്റെങ്കിലും ആ തോൽവിയല്ല നിഖാത്തിനെ വേദനിപ്പിച്ചത്. താൻ ആരാധിക്കുന്ന പ്രിയതാരം അപമാനിച്ചതിലായിരുന്നു. ‘എന്ത് സംഭവിച്ചാലും മുന്നോട്ട് പോകാനായിരുന്നു തീരുമാനം’ – നിഖാത് പറഞ്ഞു. 52 കിലോ വിഭാഗത്തിൽ രാജ്യാന്തരതലത്തിൽ നേട്ടമുണ്ടാക്കി. ഒളിമ്പിക്സ് താരങ്ങളെവരെ കീഴടക്കി. 2019ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top