06 July Sunday

സംസ്ഥാന ക്ലബ് അത്‌ലറ്റിക്‌ മീറ്റ്‌ : എതിരില്ലാതെ എംഎ അക്കാദമി

ജിജോ ജോർജ്Updated: Saturday Aug 20, 2022

സംസ്ഥാന ക്ലബ് അത്‌ലറ്റിക്‌ മീറ്റിൽ ചാമ്പ്യൻമാരായ കോതമംഗലം മാർ അത്തനേഷ്യസ്‌ അത്‌ലറ്റിക്‌ അക്കാദമി താരങ്ങൾ കിരീടവുമായി


തേഞ്ഞിപ്പലം
തുടർച്ചയായി മൂന്നാംതവണയും സംസ്ഥാന ക്ലബ് അത്‌ലറ്റിക്‌ മീറ്റിൽ കോതമംഗലം മാർ അത്തനേഷ്യസ്‌ അത്‌ലറ്റിക്‌ അക്കാദമി കിരീടംചൂടി. 32 സ്വർണവും 21 വെള്ളിയും 14 വെങ്കലവും നേടിയാണ്‌ എംഎയുടെ ഉജ്വല കുതിപ്പ്‌. 437 പോയിന്റാണ്‌.

സീനിയർ, അണ്ടർ 20 വിഭാഗങ്ങളിൽ എംഎയുടെ പുരുഷ–-വനിത ടീമുകൾ ഒന്നാമതെത്തിയത്‌ ടീമിന്‌ നേട്ടമായി. 12 സ്വർണവും 10 വീതം വെള്ളിയും വെങ്കലവുമായി കോഴിക്കോട്‌ പുല്ലൂരാംപാറ മലബാർ സ്‌പോർട്‌സ്‌ അക്കാദമി (210) രണ്ടാംസ്ഥാനത്തും നാല്‌ സ്വർണവും 11 വെള്ളിയും 10 വെങ്കലവുമായി പാല അൽഫോൻസ അത്‌ലറ്റിക്‌ അക്കാദമി (205) മൂന്നാമതുമെത്തി. ഉഷ സ്‌കൂൾ ഓഫ്‌ അത്‌ലറ്റിക്‌സ്‌ (117.5), ദ്രോണാചാര്യ കെ പി തോമസ്‌ മാസ്‌റ്റർ സ്‌പോർട്‌സ്‌ അക്കാദമി (104) തുടർന്നുള്ള സ്ഥാനങ്ങളിലെത്തി.

അവസാനദിനം മൂന്ന്‌ മീറ്റ്‌ റെക്കോഡുകൾകൂടി പിറന്നു. 26 മീറ്റ്‌ റെക്കോഡുകളും മീറ്റ്‌ റെക്കോഡിനൊപ്പം എത്തിയ ഒരു പ്രകടനവും, നാലുദിവസമായി കലിക്കറ്റ്‌ സർവകലാശാല സ്‌റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പിറന്നു. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്‌പോർട്‌സ്‌ അക്കാദമിയിലെ ആർ ആരതി (59.54 സെക്കൻഡ്‌) പുതിയ സമയം കുറിച്ചു. 800 മീറ്ററിൽ കണ്ണൂർ അമിഗോസ്‌ അക്കാദമിയുടെ തോംസൺ പൗലോസ്‌ (1:52:32) പുതിയ വേഗം കണ്ടെത്തി. വെള്ളി നേടിയ എം എസ്‌ അനന്തുമോൻ നിലവിലുള്ള മീറ്റ്‌ റെക്കോഡിനേക്കാൾ മികച്ച പ്രകടനം നടത്തി.

3000 സ്‌റ്റീപ്പിൾചെയ്‌സിൽ മാർ ബേസിൽ എച്ച്‌എസ്‌എസിലെ ബിബിൻ ജോർജ്‌ പുതിയ റെക്കോഡിട്ടു (9:24:41). വിജയികൾക്ക്‌ കലിക്കറ്റ്‌ സർവകലാശാല പ്രോ വൈസ്‌ ചാൻസലർ എം നാസർ ട്രോഫികൾ വിതരണം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top