24 April Wednesday

സൂപ്പർ ലീഗുമായി സൂപ്പർ ക്ലബ്ബുകൾ ; അനുവദിക്കില്ലെന്ന് ഫിഫയും യുവേഫയും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021


ലണ്ടൻ
ഫിഫയെയും യുവേഫയെയും ധിക്കരിച്ച്‌ യൂറോപ്പിൽ ബദൽ ഫുട്‌ബോൾ ലീഗിന്‌ നീക്കം. റയൽ മാഡ്രിഡ്‌, ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഉൾപ്പെടെ 12 പ്രധാന ക്ലബ്ബുകളാണ്‌ ലീഗിന്‌ മുന്നിട്ടിറങ്ങുന്നത്‌. ചാമ്പ്യൻസ്‌ ലീഗിന്‌ ബദലായി ‘യൂറോപ്യൻ സൂപ്പർ ലീഗ്‌’ എന്ന പേരിലാണ്‌ ടൂർണമെന്റ്‌.

റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ ഫ്ലൊറന്റീനോ പെരെസാണ്‌ ചുക്കാൻ പിടിക്കുന്നത്‌. കോവിഡ്‌ കാരണം പ്രതിസന്ധിയിലായ ക്ലബ്ബുകളെ സാമ്പത്തികമായി ഉയർത്താനാണ്‌ ലീഗ്‌ നടത്തുന്നതെന്നാണ്‌ വിശദീകരണം. ബദൽ ലീഗ്‌ നീക്കത്തിനെതിരെ ഫിഫയും യുവേഫയും (യൂറോപ്യൻ യൂണിയൻ ഫുട്‌ബോൾ അസോസിയേഷൻ) രംഗത്തുവന്നു. ലീഗിൽ പങ്കാളികളാകുന്ന ടീമിനെ വിലക്കാനും പിഴ ഈടാക്കാനുമാണ് നീക്കം. കളിക്കാരെ ലോകകപ്പിൽ പങ്കെടുപ്പിക്കില്ലെന്ന താക്കീതും ഫിഫ നൽകി.

ഫുട്‌ബോളിന്റെ വളർച്ചയ്‌ക്കും സാമ്പത്തികപ്രതിസന്ധികൾക്ക്‌ അയവുവരുത്താനുമാണ്‌ ലീഗ്‌ നടത്താൻ ഒരുങ്ങുന്നതെന്നാണ്‌ സൂപ്പർ ലീഗ്‌ സംഘാടകരുടെ വാദം. കോവിഡ്‌ യൂറോപ്പിലെ ക്ലബ്ബുകളുടെ അടിവേരറുത്തിരുന്നു. റയലിനും ബാഴ്‌സയ്‌ക്കും യുണൈറ്റഡിനെയും കൂടാതെ അഴ്‌സണൽ, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം ഹോട്‌സ്‌പർ, എസി മിലാൻ, അത്‌ലറ്റികോ മാഡ്രിഡ്‌, ഇന്റർ മിലാൻ, യുവന്റസ്‌ എന്നീ ടീമുകളുമുണ്ട്.

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ടീമുകൾ എല്ലാ വർഷവും പരസ്‌പരം ഏറ്റുമുട്ടുന്നത്‌ വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കുമെന്നാണ്‌ കണക്കുകൂട്ടൽ. ലീഗിൽ പങ്കെടുക്കുന്ന ക്ലബുകൾക്ക്‌ നിലവിൽ യുവേഫ നൽകുന്നതിന്റെ പത്തിരട്ടിയോളം തുകയാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. ഒരു ക്ലബ്ബിനുമാത്രം 20,000 കോടി രൂപ ലഭിച്ചേക്കും.

ആകെ 20 ക്ലബ്ബുകളാകും ലീഗിൽ. 15 സ്ഥിരം ടീമുകൾ. നിലവിൽ സന്നദ്ധരായ ടീമുകളെ കൂടാതെ മൂന്ന് ക്ലബ്ബുകൾകൂടിയെത്തും. അഞ്ച്‌ സ്ഥാനത്തിനായി യോഗ്യതാമത്സരങ്ങൾ അരങ്ങേറും. എല്ലാ വർഷവും ആഗസ്‌തിൽ ലീഗ്‌ ആരംഭിക്കും. 10‌ ടീമുകൾ രണ്ടു‌ ഗ്രൂപ്പുകളായി തിരിഞ്ഞ്‌ ഏറ്റുമുട്ടും. പുതിയ നീക്കത്തിൽ ഫുട്‌ബോൾ പ്രേമികൾ രണ്ടുതട്ടിലാണ്‌. അനുകൂലിച്ചും പ്രതികൂലിച്ചും കളിക്കാരും ആരാധകരും രംഗത്തുവന്നുകഴിഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top