26 April Friday

‘സൂപ്പറാ’ണ് പഞ്ചാബും‌ കൊൽക്കത്തയും ; ഐപിഎലിൽ സൂപ്പർ സൺഡേ

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


അബുദാബി
ഐപിഎലിൽ സൂപ്പർ സൺഡേ. രണ്ട്‌ സൂപ്പർ ഓവർ മത്സരങ്ങൾ അരങ്ങേറിയ ദിനത്തിൽ കിങ്‌സ്‌ ഇലവൻ പഞ്ചാബും കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സും ജയവുമായി മടങ്ങി. കൊൽക്കത്ത ‌സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ വീഴ്‌ത്തിയപ്പോൾ ത്രസിപ്പിച്ച കളിയിൽ പഞ്ചാബ്‌ മുംബൈയെ മറികടന്നു. ആദ്യ സൂപ്പർ ഓവറും തുല്യമായതോടെ രണ്ടാം സൂപ്പർ ഓവറിലാണ്‌ ജേതാക്കളെ തീരുമാനിച്ചത്‌. ലീഗ്‌‌ ചരിത്രത്തിൽ ആദ്യമായാണ്‌ ഒരുദിനം രണ്ട്‌ സൂപ്പർ ഓവർ മത്സരങ്ങൾ നടന്നത്‌. 

ഇരുടീമുകളും 176 റണ്ണിൽ തുല്യമായപ്പോഴാണ്‌ മുംബൈ‌–-പഞ്ചാബ്‌ കളി സൂപ്പർ ഓവറിലേക്ക്‌ നീണ്ടത്‌. മുംബൈക്കായി പന്തെറിഞ്ഞ ജസ്‌പ്രീത്‌ ബുമ്ര വിട്ടുനൽകിയത്‌ വെറും അഞ്ച്‌ റൺ. രണ്ട്‌ വിക്കറ്റുകളും നേടി. നിക്കോളാസ്‌ പുരാൻ, ലോകേഷ്‌ രാഹുൽ എന്നിവരാണ്‌ പുറത്തായവർ. രോഹിത്‌ ശർമയും ക്വിന്റൺ ഡി കോക്കുമാണ്‌ മുംബൈക്കായി ബാറ്റെടുത്തത്‌. പന്തെറിഞ്ഞത്‌ മുഹമ്മദ്‌ ഷമിയും. എന്നാൽ, ഷമിയുടെ ആറ്‌ പന്തിൽ അഞ്ച്‌ റണ്ണേടുക്കാനേ മുംബൈക്ക്‌ കഴിഞ്ഞുള്ളൂ. അവസാന പന്തിൽ വിജയറണ്ണിന്‌ ശ്രമിച്ച ഡി കോക്ക്‌ റണ്ണൗട്ടായി. ആദ്യ ഓവറിൽ ബാറ്റും ബൗളും ചെയ്‌തവർക്ക്‌ രണ്ടാം ഓവറിൽ അവസരം ലഭിക്കില്ല. ഇതേത്തുടർന്ന്‌ ക്രിസ്‌ ജോർദാനാണ്‌ പഞ്ചാബിനായി രണ്ടാംഘട്ടം ബൗൾ ചെയ്‌തത്‌. കീറൊൺ പൊള്ളാർഡും ഹാർദിക്‌ പാണ്ഡ്യയും ക്രീസലെത്തി. പാണ്ഡ്യ റണ്ണൗട്ടായി. മുംബൈ നേടിയത്‌ 11 റൺ. അവസാന പന്തിൽ പൊള്ളാർഡിന്റെ സിക്‌സെന്നുറച്ച പന്ത്‌ അതിർത്തിക്കരികിൽനിന്ന്‌ രക്ഷപ്പെടുത്തി മായങ്ക്‌ അഗർവാൾ പഞ്ചാബിന്‌ പ്രതീക്ഷ നൽകി.

ട്രെന്റ്‌ ബോൾട്ടിന്റെ ആദ്യ പന്ത്‌ സിക്‌സർ പറത്തി ക്രിസ്‌ ഗെയ്‌ൽ നയം വ്യക്തമാക്കി. മൂന്നും നാലും പന്തുകൾ ബൗണ്ടറി കടത്തി മായങ്ക്‌ പഞ്ചാബിന്റെ ജയമുറപ്പിച്ചു. ന്യൂസിലൻഡ്‌ പേസർ ലോക്കി ഫെർഗൂസന്റെ മികവിലാണ്‌ കൊൽക്കത്ത ഹൈദരാബാദിനെ മറികടന്നത്‌. സൂപ്പർ ഓവറിൽ മൂന്നു പന്തിൽ ഹൈദരാബാദിനെ ഫെർഗൂസൺ അവസാനിപ്പിച്ചു.  ആദ്യപന്തിൽ വാർണറെ ബൗൾഡാക്കിയ ഫെർഗൂസൺ മൂന്നാംപന്തിൽ സമദിന്റെയും കുറ്റി പിഴുതു. കൊൽക്കത്തയ്‌ക്കായി ബാറ്റേന്തിയ ദിനേശ്‌ കാർത്തിക്കിനും മോർഗനും പിഴച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top