19 April Friday

ബാഴ്‌സയ്‌ക്കും റയലിനും അടിപതറി

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


മാഡ്രിഡ്‌
എൽ ക്ലാസികോയ്‌ക്ക്‌ ഒരുങ്ങുന്ന ബാഴ്‌സലോണയ്‌ക്കും റയൽ മാഡ്രിഡിനും തിരിച്ചടി. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വമ്പൻമാർക്ക്‌ ഒറ്റ ഗോൾ തോൽവി. റയലിനെ ഈ സീസണിൽ ലീഗിൽ ഇടംപിടിച്ച കാഡിസ്‌ വീഴ്‌ത്തിയപ്പോൾ ബാഴ്‌സയെ ഗെറ്റഫെ മറികടന്നു. 15 മത്സരങ്ങൾക്കുശേഷമാണ്‌ റയൽ തോൽവി രുചിക്കുന്നത്‌. ശനിയാഴ്‌ച ബാഴ്‌സയുടെ തട്ടകമായ നൗകാമ്പിലാണ്‌ ബാഴ്‌സ–-റയൽ പോരാട്ടം. 2003നുശേഷം ആദ്യമായാണ്‌ ക്ലാസികോയ്‌ക്ക്‌ മുമ്പോടിയായുള്ള കളികളിൽ ഇരുടീമുകളും തോൽക്കുന്നത്‌.

പതിനഞ്ച്‌ വർഷങ്ങൾക്കുശേഷമാണ്‌ കാഡിസ്‌ ലീഗിൽ തിരിച്ചെത്തുന്നത്‌. അവസാനമായി 2005–-06 സീസണിലാണ്‌ അവർ ഒന്നാം ഡിവിഷനിൽ കളിച്ചത്‌. ആദ്യ കളികളിലെ മികച്ച പ്രകടനം റയലിനെതിരെയും ആവർത്തിച്ചു, അൽവാരോ സെർവെറയുടെ ടീം. 16–-ാം മിനിറ്റിൽ ആന്തണി ലൊസാനോയുടെ ഗോൾ കളിയുടെ വിധിയെഴുതി. പന്തിൽ മേധാവിത്വമുണ്ടായിട്ടും കാഡിസ്‌ പ്രതിരോധവാതിൽ തുറക്കാൻ റയലിനായില്ല.

ലക്ഷ്യത്തിലേക്ക്‌ രണ്ടുവട്ടം മാത്രമാണവർ പന്ത്‌ തൊടുത്തത്‌. കാഡിസാകട്ടെ പ്രത്യാക്രമണത്തിലൂടെ സിനദിൻ സിദാന്റെ ടീമിനെ വിറപ്പിച്ചു. സ്വന്തംതട്ടകത്തിൽ ചാമ്പ്യൻമാർ പൊരുതാതെ കീഴടങ്ങി. 30 വർഷങ്ങൾക്കുശേഷമാണ്‌ റയൽ കാഡിസിനോട്‌ തോൽക്കുന്നത്‌. തോറ്റെങ്കിലും പട്ടികയിൽ പത്ത്‌ പോയിന്റുമായി ഒന്നാമത്‌ തുടർന്നു റയൽ.രണ്ടാംപകുതിയിൽ ഹയ്‌മെ മാറ്റയുടെ പെനൽറ്റി ഗോളാണ്‌ ബാഴ്‌സയ്ക്ക്‌ ലീഗിലെ ആദ്യ തോൽവി സമ്മാനിച്ചത്‌.

മധ്യനിരക്കാരൻ ഫ്രെങ്കി ഡിയോങ്‌ ഗെറ്റഫെക്കാരൻ ഡെനെ ഡാക്നാമിനെ വീഴ്‌ത്തിയതാണ്‌ ബാഴ്‌സയ്‌ക്ക്‌ വിനയായത്‌. കളിയിൽ മികച്ചുനിന്നിട്ടും ഗെറ്റഫെ വല കുലുക്കാൻ റൊണാൾഡ്‌ കൂമാന്റെ സംഘത്തിനായില്ല. ലയണൽ മെസിയുടെ ഷോട്ട്‌ പോസ്റ്റിൽ തട്ടിമടങ്ങിയപ്പോൾ ഒൺടോയൻ ഗ്രീസ്‌മാൻ മികച്ച അവസരം പാഴാക്കി. തോൽവി ബാഴ്‌സയെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തിച്ചു. ക്ലാസികോയ്ക്കുമുമ്പ്‌ ചാമ്പ്യൻസ്‌ ലീഗിൽ കളികളുണ്ട്‌ ബാഴ്‌സയ്‌ക്കും റയലിനും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top