25 April Thursday

ധവാന്‌ സെഞ്ചുറി, അഞ്ച്‌‌ വിക്കറ്റിന്‌ ഡൽഹി ജയിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


ദുബായ്‌
ശിഖർ ധവാന്റെ ഉജ്വല സെഞ്ചുറി ഡൽഹി ക്യാപിറ്റൽസിനെ ഉയർത്തി. ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 58 പന്തിൽ 101 റണ്ണാണ്‌ ധവാൻ അടിച്ചുകൂട്ടിയത്‌. 14 ബൗണ്ടറികളും ഒരു സിക്‌സറും ഉൾപ്പെട്ടതാണ്‌ ഡൽഹി ഓപ്പണറുടെ ഇന്നിങ്‌സ്‌. കളിയിൽ അഞ്ച്‌‌ വിക്കറ്റിന്‌ ഡൽഹി ജയിച്ചു. അവസാന ഓവറിൽ മൂന്ന്‌ സിക്‌സറടിച്ച അക്‌സർ പട്ടേലും (5 പന്തിൽ 21) ഡൽഹിയുടെ ജയത്തിൽ നിർണായകമായി. സ്‌കോർ: ചെന്നൈ 4–-179, ഡൽഹി 5–-185 (19.5). ജയത്തോടെ ഡൽഹി പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി.

സഹതാരങ്ങൾക്കൊന്നും പിടിച്ചുനിൽക്കാനാകാത്തിടത്താണ്‌ ധവാൻ മിന്നിയത്‌. പിഴവുകളില്ലാത്ത ബാറ്റിങ്ങിൽ ചെന്നൈ ബൗളർമാർക്ക്‌ മറുപടിയുണ്ടായില്ല. ഐപിഎലിലെ ധവാന്റെ ‌ആദ്യസെഞ്ചുറിയാണിത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ചെന്നൈ 58 റണ്ണടിച്ച ഫാഫ്‌ ഡു പ്ലെസിയുടെ മികവിലാണ്‌ ഭേദപ്പെട്ട സ്‌കോറിലെത്തിയത്‌.

മറ്റൊരു കളിയിൽ അവാസാന ഓവറുകളിൽ സിക്‌സറുകളുടെ പെരുമഴ തീർത്ത്‌‌ എ ബി ഡിവില്ലിയേഴ്‌സ്‌ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്‌ ഉശിരൻ ജയം സമ്മാനിച്ചു. ആറ്‌ സിക്‌സറുകളുടെ അകമ്പടിയോടെ 22 പന്തിൽ 55 റണ്ണടിച്ച ഡിവില്ലിയേഴ്‌സിന്റെ മികവിൽ ബാംഗ്ലൂർ ഏഴ്‌ വിക്കറ്റിന്‌ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി. സ്‌കോർ: രാജസ്ഥാൻ 6–-177, ബാംഗ്ലൂർ 3–-179 (19.4).

അവസാന രണ്ടോവറിൽ 35 റണ്ണായിരുന്നു ലക്ഷ്യത്തിലേക്ക്‌ ബാംഗ്ലൂരിന്‌. 19–-ാം ഓവറിൽ ജയദേവ്‌ ഉനദ്‌ഘട്ടിനെ ഹാട്രിക്‌ സിക്‌സറുകൾ പായിച്ച്‌ ഡിവില്ലിയേഴ്‌സ്‌ കളി മാറ്റിയെഴുതി. ഈ ഓവറിൽ 25 റണ്ണാണ്‌ ബാംഗൂർ അടിച്ചെടുത്തത്‌. അവസാന ഓവറിൽ ജോഫ്ര ആർച്ചെറെ അതിർത്തികടത്തി ഡിവില്ലിയേഴ്‌സ്‌ ജയമുറപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top