20 September Monday

ഒളിമ്പിക്‌സ്‌ മേള അരികെ ; നിറയും 
ഈ 
താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021


ടോക്യോ
കാത്തിരിപ്പുകൾക്കൊടുവിൽ ഒളിമ്പിക്‌സ്‌ മേള അരികെ എത്തിക്കഴിഞ്ഞു. 33 കായിക ഇനങ്ങളിലായി 339 മെഡൽ പോരാട്ടങ്ങൾ.  ടോക്യോയിലെ 42 വേദികളിലായി നിറയുന്നു. ഈ മേളയിലെത്തുന്ന സൂപ്പർതാരങ്ങളിലേക്ക്‌.

സിമോണി ബൈൽസ്‌
പതിനാറാംവയസ്സിൽ ജിംനാസ്‌റ്റിക്‌സ്‌ ലോകത്തിലെത്തുമ്പോൾ അമേരിക്കൻ പ്രതിഭ എന്നായിരുന്നു വിലയിരുത്തൽ. ടോക്യോ വേദിയിലെത്തുമ്പോഴേക്കും ലോകത്തിലെ ഏറ്റവും മികച്ച കായികതാരമായി ബൈൽസ്‌ വളർന്നു. റിയോവിൽ നാല്‌ സ്വർണമുൾപ്പെടെ അഞ്ച്‌ മെഡലുകളായിരുന്നു ഇരുപത്തിനാലുകാരിക്ക്‌. 25 മുതലാണ്‌ ജിംനാസ്‌റ്റിക്‌സ്‌ മത്സരങ്ങൾ തുടക്കം.

കാലെബ്‌ ഡ്രെസെൽ
നീന്തൽക്കുളത്തിൽ മൈക്കേൽ ഫെൽപ്‌സിന്റെ പിൻഗാമിയാണ്‌ ഡ്രസെൽ. എന്നാൽ, ഫെൽപ്‌സുമായുള്ള താരതമ്യം അമേരിക്കക്കാരൻ ഇഷ്ടപ്പെടുന്നില്ല. റിയോ ഒളിമ്പിക്‌സിൽ രണ്ട്‌ സ്വർണമായിരുന്നു ഇരുപത്തിനാലുകാരന്‌. ഫെൽപ്‌സ്‌ 23 സ്വർണവും മൂന്ന്‌ വെള്ളിയും രണ്ട്‌ വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്‌. ടോക്യോയിൽ ഡ്രെസെൽ ആറ്‌ സ്വർണം നേടിയേക്കും. 27ന്‌ നീന്തൽ തുടങ്ങും.

ജെസീക സ്‌പ്രിങ്‌സ്‌റ്റീൻ
അമേരിക്കൻ അശ്വാഭ്യാസതാരം. ആദ്യ ഒളിമ്പിക്‌സാണ്‌ ഇരുപത്തൊമ്പതുകാരിയുടേത്‌. ലോക റാങ്കിങ്ങിൽ പതിനാലാമതാണ്‌. എങ്കിലും പ്രധാന ടൂർണമെന്റുകളിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കും. 12–-ാംവയസ്സിലാണ്‌ തുടക്കം. വ്യക്തിഗത ചാട്ടം ആഗസ്‌ത്‌ മൂന്നിന്‌ ആരംഭിക്കും.

ലോറെൽ ഹബ്ബാർഡ്‌
ഒളിമ്പിക്‌സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡർ. ഭാരോദ്വഹനത്തിലാണ്‌ ന്യൂസിലൻഡ്‌ താരം ഇറങ്ങുന്നത്‌. 43 വയസ്സാണ്‌. ജൂനിയർതലത്തിൽ ദേശീയ റെക്കോഡുള്ള ഹബ്ബാർഡ്‌ ഒളിമ്പിക്‌സിൽ വനിതാവിഭാഗത്തിലാണ്‌ മത്സരിക്കുന്നത്‌. ആഗസ്‌ത്‌ രണ്ടാംതീയതിയാണ്‌ 87 കിലോ വിഭാഗത്തിൽ മത്സരം.

ഷെല്ലി ആൻഫ്രേസർപ്രൈസി

ജമൈക്കൻ സ്‌പ്രിന്റർ. ആറുതവണ ഒളിമ്പിക്‌ ചാമ്പ്യനായിട്ടുണ്ട് മുപ്പത്തിനാലുകാരി. വനിതാ 100 മീറ്ററിൽ ലോകത്തെ മികച്ച രണ്ടാമത്തെ സമയം ഷെല്ലിയുടെ പേരിലാണ്‌. ഒളിമ്പിക്‌ കിരീടം നിലനിർത്തി (2008, 2012)). ഇക്കുറി സഹതാരങ്ങളായ ഷെറീക്ക ജാക്‌സൺ, ഇലെയ്‌ൻ തോംപ്‌സൺഹെറാ എന്നിവരിൽനിന്ന്‌ കടുത്ത വെല്ലുവിളിയുണ്ട്‌. 100 മീറ്റർ 30ന്‌ ആരംഭിക്കും.

നൊവാക്‌ ജൊകോവിച്ച്‌
ടെന്നീസിൽ ഗോൾഡൻ സ്ലാമിനാണ്‌ സെർബിയക്കാരൻ ഒരുങ്ങുന്നത്‌. കിരീടം നേടിയാൽ ഗോൾഡൻ സ്ലാം സ്വന്തമാക്കുന്ന ആദ്യ പുരുഷ ടെന്നീസ്‌ താരമാകും. സ്‌റ്റെഫി ഗ്രാഫ്‌ മാത്രമാണ്‌ ഈ നേട്ടംകുറിച്ചത്‌. ഒരു കലണ്ടർ വർഷം വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച്‌ ഓപ്പൺ, യുഎസ്‌ ഓപ്പൺ, ഒളിമ്പിക്‌ സ്വർണം എന്നിവ സ്വന്തമാക്കുന്നതാണ്‌ ഗോൾഡൻ സ്ലാം. ടെന്നീസ്‌ 24ന്‌ തുടങ്ങും.

വെയ്‌ദെ വാൻ നീകെർക്ക്‌

ദക്ഷിണാഫ്രിക്കൻ 400 മീറ്റർ ഓട്ടക്കാരൻ. റിയോ ഒളിമ്പിക്‌സിൽ തകർപ്പൻ പ്രകടനമായിരുന്നു. ശേഷം പരിക്ക്‌ തളർത്തി. 400 മീറ്ററിൽ മൈക്കേൽ ജോൺസന്റെ ലോക റെക്കോഡ്‌ തകർത്തു. 200 മീറ്ററിൽ മത്സരിക്കാൻ ഇരുപത്തൊമ്പതുകാരൻ ശ്രമിച്ചെങ്കിലും യോഗ്യതാ മാർക്ക്‌ മറികടക്കാനായില്ല. ജൂണിലാണ്‌ 400ന്റെ യോഗ്യത കടന്നത്‌. 400 മീറ്റർ ആഗസ്‌ത്‌ ഒന്നിന്‌ ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top