19 April Friday

സയ്യദ് മുഷ്താഖ്‌ അലി ട്രോഫി : തോറ്റു, കേരളം

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


മുംബൈ
കൊമ്പന്മാരായ മുംബൈയെയും ഡൽഹിയെയും മുട്ടുകുത്തിച്ച കേരളത്തിന്  ആന്ധ്രപ്രദേശിനോട് അപ്രതീക്ഷിത തോൽവി. സയ്യദ് മുഷ്താഖ്‌ അലി ട്രോഫി ട്വന്റി–20 ക്രിക്കറ്റിലെ നാലാം മത്സരത്തിൽ ആറ് വിക്കറ്റിനാണ് പരാജയം. ഇതോടെ ക്വാർട്ടർ ഫൈനൽ പ്രവേശനം അനശ്‌ചിതത്വത്തിലായ കേരളം നാളെ ഹരിയാനയെ നേരിടും.

നാല് കളിയിൽ കേരളത്തിന്റെ ആദ്യ തോൽവിയാണ്. ആന്ധ്രയുടെ ആദ്യ വിജയവും. സ്കോർ: കേരളം 4–112. ആന്ധ്ര –113 (17.1).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ബാറ്റ്സ്‌മാന്മാർ  ആന്ധ്രക്കാരുടെ പന്തുകൾക്കുമുന്നിൽ പതറി. മുംബൈക്കും ഡൽഹിക്കുമെതിരെ നിറഞ്ഞാടിയ ബാറ്റ്സ്മാന്മാർക്ക് ഒന്നും ചെയ്യാനായില്ല. അർധ സെഞ്ചുറി നേടി (51) പുറത്താകാതെനിന്ന സചിൻ ബേബിയാണ് നാണക്കേട് ഒഴിവാക്കിയത്. 9.4 ഓവറിൽ 4–38 റണ്ണെന്ന നിലയിൽ പതറിയ കേരളത്തെ സചിനും ജലജ് സക്‌സേനയും (27 നോട്ടൗട്ട്) നൂറ് കടത്തി.

കഴിഞ്ഞ രണ്ട് കളിയിലും  മികച്ച സ്കോർ കണ്ടെത്തിയ റോബിൻ ഉത്തപ്പ (8), മുഹമ്മദ് അസ്ഹറുദീൻ (12), സഞ്ജു സാംസൺ (7), വിഷ്ണു വിനോദ് (4) എന്നിവർ തീർത്തും മങ്ങി. ആന്ധ്രയ്‌ക്കായി രണ്ട് വിക്കറ്റെടുത്ത മനീഷ് ഗൊലമരുവും ഒരു വിക്കറ്റുവീതം നേടിയ  ഷൊഹൈബും ലളിത് മോഹനും ബാറ്റ്സ്‌മാന്മാരെ വരിഞ്ഞുകെട്ടി.

രണ്ട് വിക്കറ്റെടുത്ത് ജലജ് സക്‌സേന കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും ഓപ്പണർ അശ്വിൻ ഹെബ്ബറും (48) ക്യാപ്റ്റൻ അമ്പാട്ടി റായ്ഡുവും (38 നോട്ടൗട്ട്) ആന്ധ്രയ്‌ക്ക് അനായാസ ജയമൊരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top