26 April Friday

എന്തൊരു വേദന ! ഖത്തർ ലോകകപ്പ്‌ പരിക്കിന്റെ വേദനയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

എങ്കുങ്കു image credit Equipe de France twitter


ദോഹ
ഖത്തർ ലോകകപ്പ്‌ പരിക്കിന്റെ വേദനയിൽ. ചാമ്പ്യൻമാരായ ഫ്രാൻസിനെ ഉൾപ്പെടെ പരിക്ക്‌ വലയ്‌ക്കുകയാണ്‌. പന്തുരുളാൻ മൂന്ന്‌ ദിവസംമാത്രം ബാക്കിനിൽക്കെ പരിക്കിൽ പുറത്താകുന്ന കളിക്കാരുടെ എണ്ണം വർധിക്കുകയാണ്‌. ക്ലബ് ഫുട്‌ബോൾ സീസണിന്റെ ഇടയിൽ ലോകകപ്പ്‌ എത്തിയത്‌ കളിക്കാർക്ക്‌ തിരിച്ചടിയായി. ഏറ്റവുമൊടുവിലായി ഫ്രാൻസിന്റെ മുന്നേറ്റതാരം ക്രിസ്‌റ്റഫർ എങ്കുങ്കുവാണ്‌ മടങ്ങിയത്‌. സെനെഗലിന്റെ സൂപ്പർതാരം സാദിയോ മാനെയ്‌ക്ക്‌ ആദ്യ മത്സരങ്ങൾ നഷ്ടമാകും. പരിക്കുവലച്ച ടീമുകളിലൂടെ.

ഫ്രാൻസ്‌
മധ്യനിരക്കാരായ പോൾ പോഗ്‌ബയെയും എൻഗോളോ കാന്റെയെയും ഉൾപ്പെടുത്താതെയാണ്‌ നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസ്‌ ഖത്തറിലേക്ക്‌ വിമാനം കയറിയത്‌. ആസ്‌റ്റൺ വില്ല മധ്യനിര താരം ബൗബക്കാർ കമാറയ്‌ക്കും പരിക്ക്‌ തിരിച്ചടിയായി. പരിശീലകൻ ദിദിയർ ദെഷാം ടീം പ്രഖ്യാപിച്ചശേഷവും കളിക്കാരുടെ കൊഴിഞ്ഞുപോക്ക്‌ തുടരുകയാണ്‌. പ്രതിരോധതാരം പ്രസ്‌നെൽ കിംപെമ്പെയാണ്‌ ടീം പ്രഖ്യാപനത്തിനുശേഷം പുറത്തായ പ്രധാനകളിക്കാരൻ. ഏറ്റവുമൊടുവിൽ എങ്കുങ്കുവും.

ജർമനി
ലോക കിരീടത്തിനായി ഒരുങ്ങുന്ന ജർമനിക്കും പരിക്ക്‌ വില്ലനായി. മുന്നേറ്റതാരം ടിമോ വെർണർ പരിക്കേറ്റ്‌ പുറത്തായത്‌ കനത്ത തിരിച്ചടിയായി. മാർകോ റ്യൂസ്‌ ആണ്‌ മറ്റൊരു താരം. 2014ലെ ലോകകപ്പും റ്യൂസിന്‌ പരിക്കുകാരണം നഷ്ടമായിരുന്നു.

ഇംഗ്ലണ്ട്‌
ഇരുപത്തിരണ്ടുകാരൻ വലതുബാക്ക്‌ റീസെ ജയിംസിന്റെ പരിക്ക്‌ ഇംഗ്ലണ്ടിനെ തളർത്തി. ഒക്‌ടോബറിലാണ്‌ ജയിംസിന്‌ പരിക്കേറ്റത്‌. ചെൽസിയിൽ ജയിംസിന്റെ സഹതാരം ബെൻ ചിൽവെല്ലും പരിക്കുകാരണം ഇംഗ്ലണ്ടിന്റെ ലോകകപ്പ്‌ ടീമിൽനിന്ന്‌ പുറത്തായി.

പോർച്ചുഗൽ
മുന്നേറ്റതാരം ദ്യേഗോ ജോട്ടയുടെ പരിക്കാണ്‌ പോർച്ചുഗലിനെ തളർത്തിയത്‌. വൂൾവ്‌സ്‌ പെഡ്രോ നെറ്റോയും പരിക്കുകാരണം പുറത്തായി. ബ്രസീലിന്റെ മധ്യനിരക്കാരൻ ഫിലിപെ കുടീന്യോക്ക് പരിക്കുകാരണം ഇടംപിടിക്കാനായില്ല. അർജന്റീനയ്‌ക്ക്‌ അവരുടെ മധ്യനിരക്കാരൻ ജിയോവാനി ലോ സെൽസോയുടെ പരിക്കാണ്‌ തിരിച്ചടിയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top