18 April Thursday

യൂറോപ്പിൽ ഇന്ന്‌ വമ്പൻ പോരുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


ലണ്ടൻ
രാജ്യാന്തര മത്സരങ്ങളുടെ ഇടവേള കഴിഞ്ഞ്‌ യൂറോപ്പിൽ‌ ക്ലബ്‌ ഫുട്‌ബോൾ സജീവമാകുന്നു. ഇംഗ്ലണ്ടിലും സ്‌പെയ്‌നിലും ജർമനിയിലും ഇറ്റലിയിലും വമ്പൻ ടീമുകൾ ഇന്നു കളത്തിൽ. ചാമ്പ്യൻസ്‌ ലീഗ് ഗ്രൂപ്പുഘട്ട മത്സരങ്ങൾക്കും ഈ വാരം തുടക്കമാകും.

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി–-അഴ്‌സണൽ, എവർട്ടൺ–-ലിവർപൂൾ മത്സരങ്ങളാണ്‌ ശ്രദ്ധേയം. സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡിനും ബാഴ്‌സലോണയ്‌ക്കും കളിയുണ്ട്‌. ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും ഇറ്റലിയിൽ യുവന്റസും ഇന്നു കളത്തിലെത്തും.

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌
എവർട്ടൺ x ലിവർപൂൾ (വൈകിട്ട്‌ 5)
ചെൽസി x സതാംപ്‌ടൺ (രാത്രി 7.30)
മാഞ്ചസ്റ്റർ സിറ്റി x അഴ്‌സണൽ (രാത്രി 10)
ന്യൂകാസിൽ യുണൈറ്റഡ്‌ x
മാഞ്ചസ്റ്റർ യുണൈറ്റഡ്‌ (രാത്രി 12.30)
മത്സരങ്ങൾ സ്റ്റാർ സ്‌പോർട്‌സ്‌ സെലക്ട്‌ എച്ച്‌ഡി 2

പ്രീമിയർ ലീഗിൽ ചങ്കിടിപ്പ്‌ ലിവർപൂളിനാണ്‌. അവസാനകളിയിൽ ആസ്റ്റൺ വില്ലയോട്‌ ചരിത്രത്തിലെ വലിയ തോൽവി വഴങ്ങിയാണ്‌ യുർഗൻ ക്ലോപും കൂട്ടരും എത്തുന്നത്‌. എതിരാളിയാകട്ടെ അയൽക്കാരായ എവർട്ടണും. സീസണിൽ മികച്ച ഫോമിലാണ്‌ കാർലോ ആഞ്ചെലൊട്ടിയുടെ ടീം. കളിച്ച നാലിലും ജയിച്ച്‌ ഒന്നാമതാണവർ. ഹാമേഷ്‌ റോഡ്രിഗസ്‌, ഡൊമിനിക്‌ കാൽവെർട്‌ ലെവിൻ എന്നിവരടങ്ങിയ നിര സുശക്തമാണ്‌. കോവിഡ്‌ മോചിതരായ സാദിയോ മാനെയും തിയാഗോ അലസാൻഡ്രയും തിരിച്ചെത്തുന്നതാണ്‌ ലിവർപൂളിന്‌ ആശ്വാസം.

പെപ്‌ ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക്‌ ഇന്ന്‌ യഥാർഥ പരീക്ഷണമാണ്‌. മൂന്നു കളികളിൽ ഒരു ജയം, ഒരു തോൽവി, സമനിലയടക്കം പട്ടികയിൽ 14–-ാമതാണ്‌ മുൻ ചാമ്പ്യൻമാർ. മൈക്കേൽ അർടേറ്റയുടെ അഴ്‌സണലാണ്‌ സിറ്റിക്കു മുമ്പിൽ. കളിച്ച നാലിൽ മൂന്നിലും ജയിച്ച അഴ്‌സണൽ സീസണിൽ പുതിയ മുന്നേറ്റത്തിനാണ്‌ തയ്യാറെടുക്കുന്നത്‌. മറ്റു മത്സരങ്ങളിൽ ചെൽസി സതാംപ്‌ടണെയും മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ന്യൂകാസിലിനെയും നേരിടും.

സ്‌പാനിഷ്‌ ലീഗ്‌
ഗ്രനഡ x സെവിയ്യ (പകൽ 4.30)
സെൽറ്റ ഡി വിഗോ x അത്‌ലറ്റികോ (രാത്രി 7.30)
റയൽ മാഡ്രിഡ്‌ x കാഡിസ്‌  (രാത്രി 10)
ഗെറ്റഫെ x ബാഴ്‌സലോണ (രാത്രി 12.30)
മത്സരങ്ങൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ

അടുത്ത ശനിയാഴ്‌ച എൽ ക്ലാസികോയ്‌ക്ക്‌ തയ്യാറെടുക്കുന്ന ബാഴ്‌സലോണയ്‌ക്കും റയൽ മാഡ്രിഡിനും ഇന്നു കളികളുണ്ട്‌. പട്ടികയിൽ ഒന്നാമതുള്ള റയലിന്‌ കാഡിസാണ്‌ എതിരാളി. ബാഴ്‌സയ്‌ക്കാകട്ടെ ശക്തരായ ഗെറ്റഫെയും. പട്ടികയിൽ അഞ്ചാമതാണ്‌ ലയണൽ മെസിയുടെ ടീം. മികച്ച ജയം സ്വന്തമാക്കി ആത്മവിശ്വാസത്തോടെ ക്ലാസികോയ്‌ക്ക്‌ ഇറങ്ങാനാണ് ഇരുടീമുകളും‌ ലക്ഷ്യമിടുന്നത്‌. അത്‌ലറ്റികോ മാഡ്രിഡും ഇന്നിറങ്ങും.

ജർമൻ ലീഗ്‌
ഹൊഫെൻഹെയിം x ബൊറൂസിയ ഡോർട്ട്‌മുണ്ട്‌ (രാത്രി 7)
അർമീനിയ ബിഫീൽഡ്‌ x ബയേൺ മ്യൂണിക് (രാത്രി 10)
(മത്സരങ്ങൾ ഫാൻകോഡ്‌ ലൈവിൽ)

ജർമനിയിൽ കരുത്തരായ ബയേൺ മ്യൂണിക്കും ബൊറൂസിയ ഡോർട്ട്‌മുണ്ടും ഇന്നിറങ്ങും. ലീഗിൽ മൂന്നു കളികളിൽ രണ്ടിൽ ജയംപിടിച്ചപ്പോൾ ഒന്നിൽ തോറ്റും ബയേണും ബൊറൂസിയയും. പട്ടികയിൽ യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്‌. ജർമൻ കപ്പിൽ ഡുറെനെ മൂന്ന്‌ ഗോളുകൾക്ക്‌ തകർത്താണ്‌ ബയേൺ വരുന്നത്‌. അരങ്ങേറ്റമത്സരത്തിൽ ഇരട്ടഗോൾ നേടിയ എറിക്‌ മാക്‌സിം ചൂപൊമോടിങ്ങാണ്‌ ബയേണിന്റെ വിജയശിൽപ്പി. തോമസ്‌ മുള്ളർ ഒന്നടിച്ചു.

ഇറ്റാലിയൻ ലീഗ്‌
നാപ്പോളി x അറ്റ്‌ലാന്റ (രാത്രി 6.30)
ഇന്റർ മിലാൻ x എസി മിലാൻ (രാത്രി 9.30)
ക്രൊടോണെ x യുവന്റസ്‌
(രാത്രി 12.15) മത്സരങ്ങൾ സോണി ടെൻ 2വിൽ

മിലാൻ പോരാണ്‌ ഇറ്റലിയിലെ സവിശേഷത. സീസണിൽ മികച്ച തുടക്കമാണ്‌ ഇന്റർ മിലാനും എസി മിലാനും ലഭിച്ചത്‌. കോവിഡ്‌ മോചിതനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്‌ എസി മിലാനായി കളിക്കും. ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ററിനായിരുന്നു ജയം.

ലീഗിൽ 34 വട്ടം ഏറ്റുമുട്ടിയപ്പോൾ 18ലും ജയം നേടിയത്‌ എസി മിലാണ്‌. ഇന്ററിന്‌ പത്തു കളികളിലാണ്‌ ജയിക്കാനായത്‌. കോവിഡ്‌ ബാധിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ്‌ നിലവിലെ ചാമ്പ്യൻമാരായ യുവന്റസ്‌ ക്രൊടോണെയെ നേരിടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top