08 June Thursday

ഐഎസ്‌എല്ലിൽ കിരീടപ്പോര്‌ ; എടികെ ബഗാൻ–ബംഗളൂരു ഫെെനൽ ഗോവയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

ഐഎസ്എൽ ട്രോഫിയ്--ക്കരികെ എടികെ മോഹൻ ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാലും പരിശീലകൻ യുവൻ ഫെർണാണ്ടോയും (ഇടത്ത്) ബംഗളൂരു കോച്ച് സൈമൺ ഗ്രയ്‌സനും ക്യാപ്റ്റൻ സുനിൽ ഛേത്രിയും image credit isl twitter


ഫത്തോർദ
ഐഎസ്‌എൽ ഫുട്‌ബോൾ കിരീടത്തിനായി എടികെ മോഹൻ ബഗാനും ബംഗളൂരു എഫ്‌സിയും ഇന്ന്‌ ഏറ്റുമുട്ടുന്നു. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ്‌ മത്സരം. സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ്‌ എഫ്‌സിയെ ഷൂട്ടൗട്ടിൽ മറികടന്നായിരുന്നു എടികെ ബഗാന്റെ സെമി പ്രവേശം. ഷീൽഡ്‌ ജേതാക്കളായ മുംബൈ സിറ്റിയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ്‌ ബംഗളൂരുവിന്റെ മുന്നേറ്റം. പട്ടികയിൽ മൂന്നാംസ്ഥാനത്തെത്തിയ എടികെ ബഗാൻ പ്ലേ ഓഫിൽ ഒഡിഷ എഫ്‌സിയെ ആധികാരികമായി മറികടന്നു. ബംഗളൂരു വിവാദ ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെയും കീഴടക്കി. പട്ടികയിൽ നാലാമതായിരുന്നു ബംഗളൂരു.

സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സംഘമാണ്‌ ബംഗളൂരുവിന്റേത്‌. ഗ്രൂപ്പുഘട്ടത്തിൽ തുടക്കംപതറിയ ടീം അവസാന എട്ട്‌ കളിയിൽ തുടർജയങ്ങൾ നേടി. എടികെ ബഗാനെതിരെ ഒരു ജയവും തോൽവിയുമാണ്‌ സീസണിൽ. ആദ്യം ഏറ്റുമുട്ടുമ്പോൾ തുടർത്തോൽവികളിൽ വലയുകയായിരുന്നു ബംഗളൂരു. സ്വന്തം തട്ടകത്തിൽ തോറ്റു. എന്നാൽ, കൊൽക്കത്തയിൽ ജയംനേടി പകരംവീട്ടി. പ്ലേ ഓഫിലും സെമി ആദ്യപാദത്തിലും നിർണായക ഗോളുകൾ നേടിയ സുനിൽ ഛേത്രിയാണ്‌ ബംഗളൂരുവിന്റെ കരുത്ത്‌. പല മത്സരങ്ങളിലും പകരക്കാരനായാണ്‌ ഛേത്രി കളത്തിലെത്തിയത്‌.

മധ്യനിരയിൽ ഹാവിയെർ ഹെർണാണ്ടസാണ്‌ കളി നിയന്ത്രിക്കുന്നത്‌. മുന്നേറ്റത്തിൽ റോയ്‌ കൃഷ്‌ണയും ശിവശക്തി നാരായണനും. സന്ദേശ്‌ ജിങ്കനും അലൻ കോസ്‌റ്റയും നയിക്കുന്ന പ്രതിരോധം മികച്ചതാണ്‌. ഗോൾകീപ്പർ ഗുർപ്രീത്‌സിങ്‌ സന്ധുവിന്റെ പ്രകടനവും നിർണായകമാകും.
2018–-19 സീസണിൽ ബംഗളൂരു ചാമ്പ്യൻമാരായിട്ടുണ്ട്‌. സൈമൺ ഗ്രയ്‌സനാണ്‌ പരിശീലകൻ.

എടികെ മൂന്നുതവണ ചാമ്പ്യൻമാരായിട്ടുണ്ട്‌. ഇതിൽ രണ്ടുതവണ അത്‌ലറ്റികോ ഡി കൊൽക്കത്ത എന്ന പേരിലായിരുന്നു. ഒരുതവണ എടികെയായും. എടികെ മോഹൻ ബഗാനായശേഷം രണ്ടാംതവണയാണ്‌ ഫൈനലിൽ എത്തുന്നത്‌. കാൾ മക്‌ഹ്യൂഗ്‌, ദിമിത്രി പെട്രറ്റോസ്‌, ഹ്യൂഗോ ബൗമസ്‌ എന്നീ വിദേശ താരങ്ങളാണ്‌ എടികെ ബഗാനെ മുന്നോട്ടുനയിച്ചത്‌. പ്രത്യാക്രമണത്തിലൂടെ ഗോളടിക്കാൻ മിടുക്കർ. ആശിഷ്‌ റായ്‌, ബ്രണ്ടൻ ഹാമിൽ എന്നിവരുൾപ്പെട്ട പ്രതിരോധം ശക്തമാണ്‌. വിശാൽ കെയ്‌ത്താണ്‌ ഗോൾകീപ്പർ. മലയാളിതാരം ആഷിഖ്‌ കുരുണിയൻ ടീമിലുണ്ട്‌.  യുവാൻ ഫെർണാണ്ടോയാണ്‌ പരിശീലകൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top