17 April Wednesday

അന്തർസർവകലാശാല ഫുട്‌ബോൾ : കലിക്കറ്റിന്‌ അഖിലേന്ത്യാ കിരീടം

ജോഷി അറയ്‌ക്കൽUpdated: Monday Jan 17, 2022


കോതമംഗലം
അഖിലേന്ത്യാ അന്തർസർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കലിക്കറ്റ്‌ സർവകലാശാല ജേതാക്കളായി. ഫൈനലിൽ ജലന്തറിലെ സന്ത്‌ബാബാ ഭാഗ്‌സിങ്‌ സർവകലാശാലയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചു. അഞ്ച്‌ മിനിറ്റിൽ രണ്ട്‌ ഗോളടിച്ചാണ്‌ സതീവൻ ബാലൻ പരിശീലിപ്പിച്ച ടീമിന്റെ നേട്ടം. പതിനെട്ടാം മിനിറ്റിൽ യു കെ നിസാമുദീനും ഇരുപത്തിരണ്ടാം മിനിറ്റിൽ  മുഹമ്മദ്‌ സഫ്‌നീദും ലക്ഷ്യം കണ്ടു.

ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പിൽ എംജി ജേതാക്കളായപ്പോൾ മൂന്നാം സ്ഥാനത്തോടെയാണ്‌ കലിക്കറ്റ്‌ അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിന്‌ യോഗ്യത നേടിയത്‌. എല്ലാ കളിയും ജയിച്ചാണ്‌ കിരീടനേട്ടം. പതിനൊന്നാം തവണയാണ്‌ ജേതാക്കളാകുന്നത്‌. ഒടുവിൽ 2018ൽ ആയിരുന്നു. കൂടുതൽതവണ അഖിലേന്ത്യാ കിരീടം നേടിയെന്ന ബഹുമതിയും കലിക്കറ്റിനാണ്‌. സതീവൻ ബാലനെന്ന പരിശീലകന്റെ നേതൃത്വത്തിൽ നാലുതവണ ജേതാക്കളായി.


 

സെമിയിൽ എംജി സർവകലാശാലയെ തോൽപ്പിച്ചാണ്‌ കലിക്കറ്റ്‌ കലാശക്കളിക്ക്‌ അർഹത നേടിയത്‌. പഞ്ചാബി സർവകലാശാലയെ എതിരില്ലാതെ ഒരു ഗോളിന് തോൽപ്പിച്ചാണ് സന്ത്‌ബാബ സർവകലാശാല ഫൈനലിൽ എത്തിയത്. രാജ്യത്തെ 16 സർവകലാശാലാ ടീമുകളാണ് അണിനിരന്നത്‌. മികച്ച മുന്നേറ്റക്കാരനായി കലിക്കറ്റിലെ പി കെ മിഷാലിനെ തെരഞ്ഞെടുത്തു. നിതിൻ വിൽസൺ (എംജി മധ്യനിര), അജയ്‌ അലക്‌സ്‌ (എംജി, പ്രതിരോധം), പി കെ ഷുഹൈബ്‌ (ഗോളി, കലിക്കറ്റ്‌) എന്നിവർക്കാണ്‌ മറ്റ്‌ ബഹുമതികൾ. 

കലിക്കറ്റ്‌ ടീം: പി പി മുഹമ്മദ്‌ സഫ്‌നീദ്‌ (ക്യാപ്‌റ്റൻ), പി കെ ഷുഹൈബ്‌, പി ഫഹീസ്‌, ബി ആർ ഇസ്‌മയിൽ, കെ അമീൻ, ഷഹീഫ്‌, യു കെ നിസാമുദ്ദീൻ, പി നജീബ്‌, സി മുഹമ്മദ്‌ ഇഹ്‌സൽ, പി കെ മിഷാൽ, എം എ സുഹൈൽ, ഭവിൻ നാരായണൻ, വി പി അബ്‌ദുൽ ഡാനിഷ്‌, മുഹമ്മദ്‌ റമീഫ്‌, മുഹമ്മദ്‌ നിഷാം, കെ പി ഷംനാദ്‌, കെ പി അബ്‌ദുൽ സമീഹ്‌, അബ്‌ദുൽ റഷീദ്‌, തേജസ്‌ കൃഷ്‌ണ, ആതിൽ ഷിബു.കോച്ച്‌: സതീവൻ ബാലൻ, അസിസ്‌റ്റന്റ്‌ കോച്ച്‌: മുഹമ്മദ്‌ ഷഫീക്ക്‌, മാനേജർ: ഇർഷാദ്‌ ഹസൻ, ഫിസിയോ: ഡെന്നി ഡേവിസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top