29 March Friday

‘ഡ്രീം ഫൈനൽ’ ; ബാങ്കോക്കിൽനിന്ന്‌ എച്ച്‌ എസ്‌ പ്രണോയ്‌

സ്‌പോർട്‌സ്‌ ലേഖകൻUpdated: Sunday May 15, 2022



വലിയൊരു സ്വപ്‌നത്തിലാണ്‌ എച്ച്‌ എസ്‌ പ്രണോയ്‌. അതിന്റെ സന്തോഷവും അഭിമാനവും ശബ്‌ദത്തിലുണ്ട്‌. ലോക ബാഡ്‌മിന്റണിലെ പുരുഷ ചാമ്പ്യൻഷിപ്പായ തോമസ്‌കപ്പ്‌ ഫൈനലിൽ ഇറങ്ങുന്നതിന്റെ ‘ത്രിൽ’ മലയാളിയായ ബാഡ്‌മിന്റൺ താരം മറച്ചുവയ്‌ക്കുന്നില്ല. ഇന്ത്യ തോമസ്‌കപ്പ്‌ നേടിയാൽ അത്ഭുതം വേണ്ടെന്ന്‌ ആത്മവിശ്വാസത്തോടെയുള്ള മറുപടി.

എന്താണ്‌ ആ സ്വപ്‌നം?
തോമസ്‌കപ്പ്‌ ഫൈനലിൽ എത്തുകയെന്നതായിരുന്നു സ്വപ്‌നം.  അത്‌ സാധിച്ചു. അതിനെ ‘ഡ്രീം ഫൈനൽ ’ എന്ന്‌ വിശേഷിപ്പിക്കാനാണ്‌ ഇഷ്‌ടം. ഇന്തോനേഷ്യ കരുത്തരാണ്‌. ഈ ടീം സ്‌പിരിറ്റിൽ ഏത്‌ വമ്പൻ ടീമിനെയും വീഴ്‌ത്താമെന്ന ആത്മവിശ്വാസമുണ്ട്‌.

ഫൈനലിലേക്കുള്ള വഴി?
ക്വാർട്ടറും സെമിയും കടുപ്പമായിരുന്നു. രണ്ടിലും അവസാനത്തെ എന്റെ കളി നിർണായകമായി. അതിനാൽ കടുത്ത സമ്മർദമായിരുന്നു. ക്വാർട്ടറിലായിരുന്നു കൂടുതൽ. പക്ഷേ, സമ്മർദം അതിജീവിക്കാനായി. ആദ്യത്തെ 10–-15 മിനിറ്റിൽ ഒരു റിലേ കിട്ടാത്തപോലെയുണ്ടായിരുന്നു. എന്നാൽ, കൃത്യസമയത്ത്‌ താളം വീണ്ടെടുത്തു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

ആരും കൊതിക്കുന്ന 
വിജയം?
ടീമിന്‌ അനിവാര്യമായ നിമിഷത്തിലെ കിടിലൻ പ്രകടനം ആരാണ്‌ ആഗ്രഹിക്കാത്തത്‌. ക്വാർട്ടറിലും സെമിയിലും ടീമിനായി ആ ചുമതല നിറവേറ്റാനായി. ഗ്രൂപ്പുഘട്ടം കഴിഞ്ഞപ്പോൾത്തന്നെ കളി ഒപ്പത്തിനൊപ്പമായി. കാരണം എല്ലാ ടീമിലും ആദ്യ അഞ്ചു റാങ്കുകാരുണ്ട്‌. പക്ഷേ, ഉയർന്ന റാങ്കിനെ ഭയപ്പെടാതെ ടീം നന്നായി കളിച്ചു. ഒരു ടീമിന്‌ അഞ്ചു കളിയുള്ളതിനാൽ വ്യക്തിഗത മികവുകൊണ്ട്‌ മുന്നേറാനാകില്ല. എല്ലാവരും നന്നായി കളിക്കണം. അതിന്‌ ടീം സ്‌പിരിറ്റ്‌ വേണം. ഈ ടീമിന്റെ വിജയത്തിന്‌ കാരണം ഒടുങ്ങാത്ത വിജയദാഹവും ടീം സ്‌പിരിറ്റുമാണ്‌.

കൂട്ടുകെട്ടിന്റെ ഉറപ്പ്‌?
ഞങ്ങൾ കളിക്കാരായി പത്തുപേരാണ്‌. അതിൽ ജൂനിയർ, സീനിയർ കളിക്കാരുണ്ട്‌. എല്ലാവർക്കുമിടയിൽ ഒരു പോസിറ്റീവ്‌ വൈബുണ്ട്‌. അത്‌ ക്ലിക്കായി. എല്ലാവരും പരസ്‌പരം സപ്പോർട്ട്‌ ചെയ്‌താണ്‌ കളിക്കുന്നത്‌. പരിശീലകരും സപ്പോർട്ടിങ് സ്‌റ്റാഫും നല്ല പിന്തുണ നൽകുന്നു. എല്ലാം ഒത്തുവന്നപ്പോൾ ഗംഭീരമായി മുന്നേറാനായി. അത്‌ ഫൈനലിലും തുടരാനാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top