25 April Thursday

പ്രതീക്ഷ വിടാതെ ബാഴ്‌സ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020


ബാഴ്‌സലോണ
സ്‌പാനിഷ്‌ ലീഗിൽ പ്രതീക്ഷ വിടാതെ ബാഴ്‌സലോണ. റയൽ വല്ലാഡോളിഡിനെ ഒരു ഗോളിന്‌ തോൽപ്പിച്ച ബാഴ്‌സ പട്ടികയിൽ റയൽ മാഡ്രിഡുമായുള്ള അന്തരം കുറച്ചു.
രണ്ട്‌ കളി ശേഷിക്കെ ബാഴ്‌സയ്‌ക്ക്‌ 79 പോയിന്റാണ്‌. മൂന്ന്‌ മത്സരം ബാക്കിയുള്ള റയലിന്‌ 80ഉം. റയലിന്‌ ശേഷിക്കുന്ന മൂന്ന്‌ കളിയിൽ രണ്ടെണ്ണം ജയിച്ചാൽ മതി. തിങ്കളാഴ്‌ച ഗ്രനഡയുമായാണ്‌ റയലിന്റെ അടുത്ത കളി.

വല്ലാഡോളിഡിനെതിരെ ആധികാരിക പ്രകടനം പുറത്തെടുക്കാൻ ബാഴ്‌സയ്‌ക്ക്‌ കഴിഞ്ഞില്ല. ആദ്യ ഘട്ടത്തിൽ അർട്യൂറോ വിദാൽ നേടിയ ഗോളിൽ പിടിച്ചുകയറുകയായിരുന്നു. ലയണൽ മെസി അവസരമൊരുക്കി. കളിയുടെ തുടർന്നുള്ള മിനിറ്റുകളിൽ മെസിക്ക്‌ പതിവുതാളത്തിൽ കളിക്കാനാകാത്തത്‌ ബാഴ്‌സയ്‌ക്ക്‌ തിരിച്ചടിയായി.

ലൂയിസ്‌ സുവാരസിനെ ഒഴിവാക്കിയാണ്‌ പരിശീലകൻ കിക്വെ സെതിയെൻ ടീമിനെ ഇറക്കിയത്‌. പകരം ഇരുപതുകാരൻ റിക്കി പുജ്‌ ഇറങ്ങി. പുജ്‌ ഒരുക്കിയ മികച്ച അവസരം ഒൺടോയ്ൻ ഗ്രീസ്‌മാൻ പാഴാക്കുകയും ചെയ്‌തു. പരിക്കേറ്റ ഗ്രീസ്‌മാന്‌ പകരം രണ്ടാം പകുതിയിൽ സുവാരസ്‌ ഇറങ്ങി. മറുവശത്ത്‌ വല്ലാഡോളിഡ്‌ രണ്ടുതവണ ഗോളിന്‌ അരികെയെത്തി. ബാഴ്‌സ ഗോൾകീപ്പർ മാർക്‌ ആന്ദ്രേ ടെർസ്‌റ്റെയ്‌ഗന്റെ നീക്കങ്ങളാണ്‌ അവരെ തടഞ്ഞത്‌.

മെസി ഈ സീസണിൽ ഇരുപതാമത്തെ ഗോളവസരമാണ്‌ ഒരുക്കിയത്‌. 2008–-09ൽ സാവി കുറിച്ച റെക്കോഡിനൊപ്പമെത്തി. സീസൺ പുനരാരംഭിക്കുന്ന സമയത്ത്‌ ബാഴ്‌സയായിരുന്നു മുന്നിൽ. എന്നാൽ, മൂന്ന്‌ സമനിലകൾ ബാഴ്‌സയുടെ പ്രതീക്ഷകളെ താളംതെറ്റിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top