04 December Monday
ഈ റാക്കറ്റിൽ ഇനിയുമേറെ കാലം

സലാം ജൊകോ ; പുതിയൊരു ചരിത്രമെഴുതി നൊവാക്‌ ജൊകോവിച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023

image credit us open facebook

ന്യൂയോർക്ക്‌
നൊവാക് ജൊകോവിച്ചിന്റെ റാക്കറ്റ്‌ പുതിയൊരു ചരിത്രമെഴുതി. യുഎസ്‌ ഓപ്പൺ ടെന്നീസ്‌ പുരുഷ സിംഗിൾസിൽ ചാമ്പ്യനായി. ഫൈനലിൽ റഷ്യക്കാരൻ ഡാനിൽ മെദ്‌വെദെവിനെ 6–-3, 7–-6, 6–-3ന്‌ കീഴടക്കി. മുപ്പത്താറാംവയസ്സിൽ ഗ്രാൻഡ്‌ സ്ലാം കിരീടം ചൂടിയ സെർബിയക്കാരൻ ഒരുപിടി റെക്കോഡുകളാണ്‌ സ്വന്തമാക്കിയത്‌. മൂന്ന്‌ മണിക്കൂറും 16 മിനിറ്റും നീണ്ടതായിരുന്നു കിരീടപ്പോര്‌.

നാലാംതവണ യുഎസ്‌ ഓപ്പൺ നേടിയതോടെ 24 ഗ്രാൻഡ്‌ സ്ലാം കിരീടങ്ങളായി. ഓസ്‌ട്രേലിയയുടെ ഇതിഹാസ വനിതാതാരം മാർഗരറ്റ്‌ കോർട്ട്‌ മാത്രമാണ്‌ ഇതുവരെ 24 ഗ്രാൻഡ്‌ സ്ലാം സിംഗിൾസ്‌ കിരീടങ്ങൾ നേടിയിട്ടുള്ളത്‌. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ റെക്കോഡിന്‌ ഒപ്പമെത്താൻ സാധിച്ചു. യുഎസ്‌ ഓപ്പൺ നേടുന്ന പ്രായംകൂടിയ താരമാണ്‌. 1970ൽ ഓസ്‌ട്രേലിയക്കാരൻ കെൻ റോസ്‌വാൾ കിരീടം നേടുമ്പോൾ പ്രായം 35 വയസ്സ്‌. ജൊകോയുടെ പ്രായം 36 വർഷവും നാല്‌ മാസവും.

ജയത്തോടെ ജൊകോ ഒന്നാംറാങ്കിൽ തിരിച്ചെത്തി. കലാശപ്പോരിൽ പ്രായം ജൊകോയുടെ കുതിപ്പിന്‌ തടസ്സമായതേയില്ല. 27 വയസ്സുള്ള മെദ്‌വെദെവിന്റെ അഞ്ചാം ഗ്രാൻഡ്‌ സ്ലാം ഫൈനലായിരുന്നു. 2021ൽ യുഎസ്‌ ഓപ്പൺ ഫൈനലിൽ ജൊകോയെ കീഴടക്കിയ ആത്മവിശ്വാസവുമായാണ്‌ ഫൈനലിന്‌ ഇറങ്ങിയത്‌. ആദ്യ സെറ്റിൽ പൊരുതുംമുമ്പെ ജൊകോ കളി പിടിച്ചു. രണ്ടാംസെറ്റിൽ മെദ്‌വെദെവ്‌ തിരിച്ചുവരാൻ ശ്രമിച്ചു. കൊണ്ടുംകൊടുത്തും മുന്നേറിയ കളിയിൽ ആ സെറ്റ്‌ ഒരു മണിക്കൂറും 44 മിനിറ്റും നീണ്ടു. ടൈബ്രേക്കിൽ ജൊകോയെ വെല്ലാനാകില്ലായിരുന്നു. മൂന്നാംസെറ്റിൽ വിശ്വരൂപം പുറത്തെടുത്ത്‌ കളിയും കിരീടവും സ്വന്തമാക്കി.

ഈ റാക്കറ്റിൽ ഇനിയുമേറെ കാലം
നിങ്ങളെന്താണ്‌ ഇപ്പോഴും ഇവിടെ ചെയ്‌തുകൊണ്ടിരിക്കുന്നത്‌–- ചോദ്യം ഡാനിൽ മെദ്‌വെദെവിന്റേതാണ്‌. നൊവാക്‌ ജൊകോവിച്ചിനെ നോക്കി ടെന്നീസിലെ ഒരു തലമുറ ആ ചോദ്യം ആവർത്തിക്കുന്നു. മുപ്പത്താറാംവയസ്സിലും അടങ്ങാത്ത വിജയതൃഷ്‌ണയും അപാരമായ ശാരീരിക മികവുംകൊണ്ട്‌ അത്ഭുതപ്പെടുത്തുകയാണ്‌ സെർബിയക്കാരൻ. 24 ഗ്രാൻഡ്‌ സ്ലാം കിരീടമെന്ന അനുപമനേട്ടത്തിൽ ഒതുങ്ങില്ല ജൊകോയുടെ കളിജീവിതം. ജോകോ പറയുംപോലെ, ‘ഇനിയും ഇത്‌ തുടർന്നുകൊണ്ടേയിരിക്കും’.

മെദ്‌വെദെവും കാർലോസ്‌ അൽകാരെസും സിറ്റ്‌സിപാസുമൊക്കെ അൽപ്പം കാത്തിരിക്കണം. നിങ്ങളുടെ കാലം വരുന്നതേയുള്ളുവെന്ന്‌ ജൊകോ പ്രഖ്യാപിക്കുന്നു. ഈ വർഷം വിംബിൾഡൺ ഒഴികെ മറ്റു മൂന്ന്‌ ഗ്രാൻഡ്‌ സ്ലാം കിരീടങ്ങളും സ്വന്തമാക്കി. വിംബിൾഡണിലെ അഞ്ച്‌ സെറ്റ്‌ കിരീടപ്പോരിൽ അൽകാരെസിനോട്‌ തോൽക്കുകയായിരുന്നു. നാല്‌ ഗ്രാൻഡ്‌ സ്ലാം ഫൈനൽ കളിക്കുന്നത്‌ മൂന്നാംതവണയാണ്‌. ഒരു കിരീടംകൂടി നേടിയാൽ മാർഗരറ്റ്‌ കോർട്ടിനെ മറികടക്കും. ഓസ്‌ട്രേലിയക്കാരിയായ കോർട്ടിന്റെ 24 കിരീടങ്ങളിൽ 13 എണ്ണം പ്രൊഫഷണൽ ടെന്നീസിന്‌ മുമ്പായിരുന്നു.

യുഎസ്‌ ഓപ്പൺ സ്വന്തമാക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാണ്‌ ജൊകോ. ഗ്രാൻഡ്‌ സ്ലാം കളത്തിൽ മത്സരിച്ചതിന്റെ മൂന്നിലൊരുഭാഗവും ചാമ്പ്യനായി. 72 മത്സരങ്ങളിൽ 24 കിരീടം. പകുതിയെണ്ണത്തിൽ ഫൈനലിലുമെത്തി. റോജർ ഫെഡററും റാഫേൽ നദാലും കളംപിടിക്കുന്ന സമയത്തായിരുന്നു ജൊകോയുടെ വരവ്‌. ഫെഡററുടെ കളിയഴകിനും നദാലിന്റെ പോർവീര്യത്തിനും ആർപ്പുവിളികൾ ഉയർന്നപ്പോൾ ചിലപ്പോഴൊക്കെ ആൾക്കൂട്ടങ്ങൾക്ക്‌ ജൊകോ അനഭിമതനായി. എന്നാൽ, കാലംകാത്തുവച്ചത്‌ മറ്റൊന്നായിരുന്നു. 20 ഗ്രാൻഡ്‌ സ്ലാമിൽ ഫെഡറർ കളമൊഴിഞ്ഞു. പരിക്കിനെ ജയിക്കാനാകാതെ നദാലും മടക്കയാത്രയിലാണ്‌. 22 കിരീടമാണ്‌ സ്‌പാനിഷുകാരന്‌. പുതുതലമുറയോടാണ്‌ ഇപ്പോൾ ജൊകോയുടെ കളി. എത്ര വിയർത്തിട്ടും തളർത്താനാകുന്നില്ല അവർക്ക്‌. അതിനാലാണ്‌ യുഎസ്‌ ഓപ്പൺ സമ്മാനദാനച്ചടങ്ങിൽ മെദ്‌വെദെവ്‌ തമാശപോലെ ആ ചോദ്യം ഉന്നയിച്ചത്‌. ഈ ടൂർണമെന്റിൽത്തന്നെ മൂന്നാംറൗണ്ടിൽ നാട്ടുകാരൻ ലാസ്‌ലോ ദ്യേറേയോട്‌ രണ്ട്‌ സെറ്റ്‌ നഷ്ടമായശേഷമായിരുന്നു തിരിച്ചുവരവ്‌.

എത്രദൂരമെന്ന സംശയം ഉയർത്തിയപ്പോഴെല്ലാം കിരീടങ്ങൾകൊണ്ടായിരുന്നു മറുപടി. 2017ലും 2018ലുമായി തുടർച്ചയായി ആറ്‌ ഗ്രാൻഡ്‌ സ്ലാമുകളിൽ സെമിയിൽപ്പോലും കടക്കാൻ കഴിയാതെവന്നപ്പോൾ കാലം കഴിഞ്ഞുവെന്നായിരുന്നു വിലയിരുത്തൽ. പരിശീലകൻ ബോറിസ്‌ ബെക്കറുമായി വേർപിരിഞ്ഞതും ആത്മീയഗുരു പെപ്‌ ഇമാസിൽ അഭയം പ്രാപിച്ചതെല്ലാം ഇക്കാലത്തായിരുന്നു. വിംബിൾഡണിൽ കെവിൻ ആൻഡേഴ്‌സണെ കീഴടക്കി കിരീടം ചൂടിയായിരുന്നു തിരിച്ചുവരവ്‌. തുടർച്ചയായ മൂന്ന്‌ കിരീടങ്ങൾ. ഗൊവാൻ ഇവാനിസേവിച്ചിന്റെ പരിശീലനം കളിക്കും വിജയത്തിനും സ്ഥിരതനൽകി. കോവിഡ്‌ വാക്‌സിൻ സ്വീകരിക്കാത്തതിനാൽ കഴിഞ്ഞവർഷം ഓസ്‌ട്രേലിയൻ ഓപ്പണിലും യുഎസ്‌ ഓപ്പണിലും പങ്കെടുപ്പിച്ചില്ല. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പൺ നേടി മറ്റൊരു തിരിച്ചുവരവ്‌.

നൊവാക്‌ ജൊകോവിച്ച്‌
36 വയസ്സ്‌, റാങ്ക്‌ 1
ജനനം: ബെൽഗ്രേഡ്‌, സെർബിയ
96 കിരീടങ്ങൾ, 24 ഗ്രാൻഡ്‌ സ്ലാം
കോച്ച്‌: ഗൊരാൻ ഇവാനിസേവിച്ച്‌
ഓസ്‌ട്രേലിയൻ ഓപ്പൺ 10
(2023, 2021, 2020, 2019, 2016, 2015, 2013, 2012, 2011, 2008)
ഫ്രഞ്ച്‌ ഓപ്പൺ 3 (2023, 2021, 2016)
വിംബിൾഡൺ 7 (2022, 2021, 2019, 2018, 2015, 2014, 2011)
യുഎസ്‌ ഓപ്പൺ 4 (2023, 2018, 2015, 2011)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top