25 September Sunday

കൗണ്ട്‌ഡൗൺ തുടങ്ങുന്നു ; ലോകകപ്പ് ഫുട്ബോളിന് ഇനി 100 ദിവസം

ആർ രഞ്‌ജിത്‌Updated: Friday Aug 12, 2022


ലോകം കാത്തിരിക്കുന്ന ഫുട്‌ബോൾ വിരുന്നിനായി കൗണ്ട്‌ഡൗൺ തുടങ്ങുന്നു. ഇനി 100 ദിവസം. ഫുട്‌ബോൾ ആരാധകരെ വരവേൽക്കാനുള്ള തിടുക്കത്തിലാണ്‌ ഖത്തർ. മത്സരക്രമം പുതുക്കിയാൽ നവംബർ 20 മുതൽ ഡിസംബർ 18 വരെയാകും 22–-ാമത്തെ ലോകകപ്പ്‌.  നവംബർ 21ന് തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.  32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പാണിത്‌. അടുത്തതവണ ടീമുകളുടെ എണ്ണം നാൽപ്പത്തെട്ടാകും. ആകെ 64 കളികളാണ്‌.

ഖത്തറിനെ വേദിയായി പ്രഖ്യാപിച്ചത്‌ 2010ലാണ്‌. അന്നുമുതൽ ലോകകപ്പ്‌ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌. അഞ്ചു നഗരങ്ങളിലെ എട്ട്‌ സ്‌റ്റേഡിയങ്ങളാണ്‌ ലോകകപ്പിനായി ഒരുങ്ങിയത്‌. അൽഖോർ നഗരത്തിലെ അൽ ബെയ്‌ത്ത്‌ സ്‌റ്റേഡിയത്തിലാണ്‌ ഉദ്‌ഘാടനമത്സരം. മത്സരക്രമം പുതുക്കിയാൽ ആതിഥേയരായ ഖത്തർ– ഇക്വഡോർ ആയിരിക്കും ആദ്യ മത്സരം.  60,000 പേർക്ക്‌ ഇരിക്കാവുന്ന സ്‌റ്റേഡിയമാണ്‌. ഫൈനൽ ഡിസംബർ 18ന്‌ ലുസൈൽ സ്‌റ്റേഡിയത്തിലാണ്‌. 80,000 പേർക്ക്‌ കളി കാണാം.

ഒട്ടേറെ സവിശേഷതകളുള്ള ലോകകപ്പാണിത്‌. അറബ്‌ലോകത്തെ ആദ്യ ലോകകപ്പ്‌. ഏഷ്യയിൽ രണ്ടാംതവണയും. അതുപോലെ ലോകകപ്പിന്‌ വേദിയാകുന്ന ചെറിയ രാജ്യം എന്ന സവിശേഷതയുമുണ്ട്‌. സാധാരണ ലോകകപ്പ്‌ നടക്കുന്നത്‌ ജൂൺ, ജൂലൈ മാസങ്ങളിലാണ്‌. ആ സമയത്ത്‌ ഖത്തറിൽ കടുത്ത ചൂടായതിനാലാണ്‌ തണുപ്പുള്ള നവംബർ, ഡിസംബർ തെരഞ്ഞെടുത്തത്‌.

ലോകകപ്പ്‌ കേരളത്തിന്‌ ഇത്രയടുത്ത്‌ എത്തുന്നതും ആദ്യം. നാലരമണിക്കൂർ വിമാനത്തിൽ പറന്നാൽ ഖത്തറായി. അതിനാൽ ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന ലോകകപ്പുമാകും. രാജ്യത്തെ ജനസംഖ്യ 29.83 ലക്ഷമാണ്‌. അതിൽ ഏഴുലക്ഷം ഇന്ത്യക്കാരുണ്ട്‌. അവരിൽ മൂന്നരലക്ഷമാണ്‌ മലയാളികൾ. ഏകദേശം 12 ലക്ഷം കാണികളെയാണ്‌ ഖത്തർ പ്രതീക്ഷിക്കുന്നത്‌. അവർക്കായി ഇതുവരെ കാണാത്ത താമസസൗകര്യമാണ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌. 30,000 ഹോട്ടൽമുറികൾക്കുപുറമേ 65,000 പേർക്ക്‌ വില്ലകളും അപാർട്ട്‌മെന്റുകളും ഒരുക്കിയിരിക്കുന്നു. തീരത്ത്‌ നങ്കൂരമിട്ട രണ്ട്‌ ആഡംബരക്കപ്പലുകളിൽ 4000 പേർക്ക്‌ താമസിക്കാം.  കുറഞ്ഞ നിരക്കിൽ താമസത്തിന്‌ ലഭ്യമാകുന്ന കൂടാരങ്ങൾ സവിശേഷതയാണ്‌.

ടിക്കറ്റ്‌ വിൽപ്പന തകൃതിയായി നടക്കുന്നു. ആദ്യഘട്ടത്തിൽ 2.35 കോടിപ്പേർ ടിക്കറ്റിന്‌ അപേക്ഷിച്ചു. 12 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, മെക്‌സിക്കോ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ആരാധകരാണ്‌ ടിക്കറ്റ്‌ വാങ്ങാൻ മുന്നിലുള്ളത്‌. ടിക്കറ്റ്‌ വിൽപ്പനയുടെ  രണ്ടാംഘട്ടം ഞായറാഴ്‌ച അവസാനിക്കും.

ബ്രസീൽ ആറാം ലോകകപ്പ്‌ ലക്ഷ്യമിടുന്നു. അവസാനം ജേതാക്കളായിട്ട്‌ 20 വർഷം കഴിഞ്ഞു. നാലുതവണ ജേതാക്കളായ ജർമനി, രണ്ടുതവണ കിരീടം നേടിയ അർജന്റീനയും നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസും ഉറുഗ്വേയുമുണ്ട്‌. ഇംഗ്ലണ്ടിനും സ്‌പെയ്‌നിനും ഒരിക്കൽമാത്രമാണ്‌ സൗഭാഗ്യം.
നാലുതവണ ചാമ്പ്യൻമാരായ ഇറ്റലി ഇല്ലാത്തതാണ്‌ ലോകകപ്പിന്റെ നഷ്‌ടം. മെസിയുടെയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെയും അവസാന ലോകകപ്പാകും. അർജന്റീനയ്‌ക്കായി ലോകകപ്പ്‌ നേടുകയെന്ന മെസിയുടെ ആഗ്രഹം 35–-ാംവയസ്സിൽ ബാക്കിയാണ്‌. മുപ്പത്തേഴുകാരനായ റൊണാൾഡോയ്‌ക്കും പോർച്ചുഗൽ കുപ്പായത്തിലെ വിടവാങ്ങൽ രാജകീയമാക്കണം.

ഏഷ്യയിൽനിന്ന്‌ ആറ്‌ ടീമുകൾ
ലോകകപ്പ്‌ ചരിത്രത്തിൽ ആദ്യമായി ഏഷ്യയിൽനിന്ന്‌ ആറ്‌ ടീമുകൾ.

ഏഷ്യ 6: ആതിഥേയരായി ഖത്തർ, ഇറാൻ, ദക്ഷിണകൊറിയ, ജപ്പാൻ, സൗദി അറേബ്യ, പ്ലേഓഫ്‌ വഴി ഓസ്‌ട്രേലിയ (ക്വാട്ട –-4, ആതിഥേയർ, പ്ലേഓഫ്‌ ക്വാളിഫയർ –-1).

യൂറോപ്പ്‌ 13: ജർമനി, ഡെന്മാർക്ക്‌, ഫ്രാൻസ്‌, ബൽജിയം, ക്രൊയേഷ്യ, സ്‌പെയ്‌ൻ, സെർബിയ, ഇംഗ്ലണ്ട്‌, സ്വിറ്റ്‌സർലൻഡ്‌, നെതർലൻഡ്‌സ്‌, പോർച്ചുഗൽ, പോളണ്ട്‌, വെയ്‌ൽസ്‌ (ക്വാട്ട –-13).

ദക്ഷിണ അമേരിക്ക 4: ബ്രസീൽ, അർജന്റീന, ഉറുഗ്വേ, ഇക്വഡോർ (ക്വാട്ട –- 4, പ്ലേഓഫ്‌ ക്വാളിഫയർ–- 1).

വടക്കൻ അമേരിക്ക/മധ്യ അമേരിക്ക 4: ക്യാനഡ, മെക്‌സിക്കോ, അമേരിക്ക, കോസ്‌റ്ററിക്ക (ക്വാട്ട–- 3, പ്ലേഓഫ്‌ ക്വാളിഫയർ–- 1).

ആഫ്രിക്ക 5: ഘാന, മൊറോക്കോ, സെനഗൽ, ടുണീഷ്യ, കാമറൂൺ (ക്വാട്ട –- 5).

ഖത്തറിൽ ഇല്ലാത്ത പ്രമുഖർ
ഇറ്റലി, കൊളംബിയ, പെറു, നൈജീരിയ, സ്വീഡൻ, സ്‌കോട്ട്‌ലൻഡ്‌, ഉക്രയ്‌ൻ, അൾജീരിയ, ഈജിപ്‌ത്‌, ന്യൂസിലൻഡ്‌, ഹംഗറി

മുഹമ്മദ്‌ സലാ (ഈജിപ്‌ത്‌), എർലിങ് ഹാലണ്ട് (നോർവേ), മാർകോ വെരാറ്റി, ദൊന്നരുമ്മ (ഇരുവരും ഇറ്റലി), സ്ലാട്ടൻ ഇബ്രാഹിമോവിച്ച്‌ (സ്വീഡൻ), ഹമേഷ് റോഡ്രിഗസ്‌ (കൊളംബിയ), അലക്‌സിസ്‌ സാഞ്ചസ്‌ (ചിലി)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top