20 April Saturday

ഡച്ച്‌ തന്ത്രമോ
 മെസി മന്ത്രമോ

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

image credit FIFA WORLD CUP twitter

ദോഹ
‘രണ്ട്‌ ലോകകപ്പിനുമുമ്പേയുള്ള ഒരു കണക്ക്‌ തീർക്കാനുണ്ട്‌ ഞങ്ങൾക്ക്‌. ലയണൽ മെസി അപകടകാരിയായ താരമാണ്‌. എന്നാൽ, പന്ത്‌ നഷ്ടപ്പെട്ടാൽ അയാൾക്കൊന്നും ചെയ്യാനാകില്ല’–- നെതർലൻഡ്‌സ്‌ പരിശീലകൻ ലൂയിസ്‌ വാൻ ഗാലിന്‌ കൃത്യമായ പദ്ധതികളുണ്ട്‌. സെമിഫൈനൽ കൊതിച്ച്‌ ക്വാർട്ടറിലിറങ്ങുന്ന അർജന്റീനയുടെ ആശങ്ക വാൻ ഗാലിന്റെ തന്ത്രങ്ങളിലാണ്‌. ആവശ്യമായ നേരത്ത്‌ ഏത്‌ കളി അവലംബിക്കണമെന്ന്‌ എഴുപത്തൊന്നുകാരന്‌ നന്നായറിയാം. 2014 ലോകകപ്പ്‌ സെമിയിൽ മെസിയോടും കൂട്ടരോടും പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന്റെ അരിശവും വാൻ ഗാലിനുണ്ട്‌. ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ രാത്രി 12.30നാണ്‌ പോരാട്ടം.

മെസിയാണ്‌ അർജന്റീനയുടെ ഊർജം. കളത്തിൽ മുപ്പത്തഞ്ചുകാരന്റെ കാലുകളറിയാതെ ഒരു നീക്കവും പൂർണമാകില്ല. ഇത്തവണ തകർപ്പൻ പ്രകടനമാണ്‌. മൂന്ന്‌ ഗോളടിച്ചു. ഒന്നിന്‌ വഴിയൊരുക്കി. നിർണായകസമയങ്ങളിലെല്ലാം രക്ഷകനായി അവതരിച്ചു. ഡച്ചിനെതിരെയും ആ മാന്ത്രിക ബൂട്ടുകളിലാണ്‌ ലയണൽ സ്‌കലോണിയുടെയും കൂട്ടരുടെയും പ്രതീക്ഷകൾ. മധ്യനിരയിലെ റോഡ്രിഗോ ഡി പോളിന്റെ സാന്നിധ്യവും കരുത്തുപകരും.  ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ പാസ്‌ നൽകിയ മധ്യനിരക്കാരനാണ്‌ ഡി പോൾ–-380. പ്രതിരോധത്തിൽക്കൂടി ഇറങ്ങിക്കളിക്കുന്ന ഇരുപത്തെട്ടുകാരനാണ്‌ യൂറോപ്യൻ ശൈലിയുമായി കളംനിറയുന്ന, നെതർലൻഡ്‌സിനെ മെരുക്കാനുള്ള അർജന്റീനയുടെ ആയുധം. ശാരീരികക്ഷമത വീണ്ടെടുക്കാത്ത എയ്‌ഞ്ചൽ ഡി മരിയ ഇന്നും പുറത്തിരിക്കാനാണ്‌ സാധ്യത.

എട്ടരവർഷത്തിനുശേഷം ലോകകപ്പിന്‌ എത്തുന്ന ഡച്ചുകാർക്ക്‌ ഒറ്റലക്ഷ്യം മാത്രം. മൂന്നുതവണ ഫൈനലിൽ കൈവിട്ട കിരീടം. എല്ലാ വശങ്ങളിലൂടെയും ആക്രമിക്കുക എന്നതാണ്‌ കളിശൈലി. സെൻട്രൽ സ്‌ട്രൈക്കറായി കോഡ്‌ ഗാക്‌പോയുണ്ട്‌. ഇരുപത്തിമൂന്നുകാരനെ തടയാനാകും അർജന്റീന പ്രതിരോധം കൂടുതൽ വിയർക്കുക. ഒപ്പം മെംഫസ്‌ ഡിപെയുമുണ്ട്‌. വിങ്ങുകളിൽ ഡെൻസൽ ഡംഫ്രിസും ഡാലി ബ്ലിൻഡും തലവേദനയുണ്ടാക്കും.മുമ്പ്‌ ഒമ്പതുതവണ ഏറ്റുമുട്ടിയപ്പോഴും നാലുതവണ ജയം നെതർലൻഡ്‌സുകാർക്കായിരുന്നു. ഒന്നിൽമാത്രമാണ്‌ അർജന്റീന ജയിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top