29 March Friday
തിരിച്ചുവന്നാൽ ബാഴ്സ തകർന്നേക്കും , മറ്റ് യൂറോപ്യൻ ക്ലബ്ബുകളുടെ 
വാഗ്ദാനം സ്വീകരിച്ചില്ല

പണമല്ല ആഗ്രഹിച്ചത്‌ ; ബാഴ്‌സ മാത്രമായിരുന്നു മനസ്സിൽ : മെസി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


നൗകാമ്പ്‌
ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ്‌ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കി അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസി. സാമ്പത്തിക നിയന്ത്രണം കാരണം ബാഴ്‌സയിലേക്കുള്ള തിരിച്ചുപോക്ക്‌ അസാധ്യമായിരുന്നു. തിരിച്ചുപോയാൽതന്നെ ക്ലബ്ബിന്റെ ഭാവിപരിപാടികളെ അതുബാധിക്കും. മറ്റു കളിക്കാരെയും ക്ലബ്ബിന്റെ സാമ്പത്തികസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന രീതിയിൽ ക്ലബ്ബിലേക്ക്‌ മടങ്ങാൻ ആഗ്രഹമില്ലായിരുന്നു.

ബാഴ്‌സ മാത്രമായിരുന്നു മനസ്സിൽ. ബാഴ്‌സയിൽ വീണ്ടും ജീവിതം തുടങ്ങാൻ ഞാൻ കൊതിച്ചിരുന്നു, തീരുമാനിച്ചിരുന്നു. ഒരു ദിവസം ക്ലബ്ബിനെ സഹായിക്കണമെന്നുണ്ടായിരുന്നു. കാരണം അത്രയും സ്‌നേഹമാണ്‌. യൂറോപ്പിൽനിന്ന്‌ നിരവധി ക്ലബ്ബുകളുടെ വാഗ്‌ദാനമുണ്ടായിരുന്നു. അതൊന്നും ഞാൻ പരിഗണിച്ചിരുന്നില്ല. കാരണം യൂറോപ്പിലാണെങ്കിൽ എനിക്ക്‌ ബാഴ്‌സ മാത്രമായിരുന്നു. പക്ഷേ, എന്റെ തിരിച്ചുവരവ്‌ ക്ലബ്ബിനെ തകർക്കുമെന്ന്‌ ഞാൻ മനസ്സിലാക്കി. കളിക്കാരെ വിൽക്കുകയോ അല്ലെങ്കിൽ അവരുടെ ശമ്പളം കുറയ്‌ക്കുകയോ വേണ്ടിവരുമെന്നും കേട്ടു. ഇതൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. മുമ്പൊരിക്കൽ ഇതൊക്കെ അനുഭവിച്ചതാണ്‌. അത്തരമൊരു സാഹചര്യം ആവർത്തിക്കപ്പെടരുത്‌. പണമാണ്‌ ഞാൻ ആഗ്രഹിച്ചിരുന്നെങ്കിൽ സൗദി അറേബ്യൻ ക്ലബ്ബ്‌ അൽ ഹിലാലിന്റെ വാഗ്‌ദാനം സ്വീകരിക്കാമായിരുന്നു –- മെസി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

കഴിഞ്ഞദിവസമാണ്‌ മുപ്പത്തഞ്ചുകാരൻ അമേരിക്കൻ മേജർ ലീഗ്‌ സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ചേരുമെന്ന്‌ വ്യക്തമാക്കിയത്‌. അവസാന നിമിഷംവരെ ബാഴ്‌സയിലേക്ക്‌ തിരിച്ചെത്തുമെന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ, ഒടുവിൽ തീരുമാനം മയാമിയിലേക്കായി. മെസിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നായിരുന്നു ബാഴ്‌സ പ്രസിഡന്റ്‌ യൊവാൻ ലപോർട്ടയുടെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top