19 April Friday

പോർച്ചുഗലിന്റെ മേൽവിലാസം മാറുന്നു

ഖത്തറിൽ നിന്ന് 
ആർ രഞ്ജിത്Updated: Thursday Dec 8, 2022

image credit FIFA WORLD CUP twitter


ഫെർണാണ്ടോ സാന്റോസിന്റെ പരിശീലകജീവിതത്തിലെ ഏറ്റവും ധീരമായ തീരുമാനമായിരുന്നു അത്‌. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തുക. അതും ലോകകപ്പിന്റെ നോക്കൗട്ട്‌ ഘട്ടത്തിൽ. ഒരു ഫുട്‌ബോൾ ടീമിന്റെ ക്യാപ്‌റ്റൻ മാത്രമല്ല, പോർച്ചുഗലുകാർക്ക്‌ റൊണാൾഡോ. ഈ മുപ്പത്തേഴുകാരനാണ്‌ ഇന്ന്‌ ആ ജനതയുടെ മേൽവിലാസം.

അഞ്ചുവട്ടം ലോക ഫുട്‌ബോളറും രാജ്യാന്തര മത്സരങ്ങളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനുമായ റൊണാൾഡോയെ സ്വിറ്റ്‌സർലൻഡിനെതിരായ പ്രീക്വാർട്ടറിൽ സാന്റോസ്‌ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയില്ല. പകരം മുമ്പ്‌ 33 മിനിറ്റുമാത്രം പോർച്ചുഗീസ്‌ കുപ്പായമിട്ട ഗോൺസാലോ റാമോസിന്‌ അവസരം നൽകി. പരിശീലകന്റെ പ്രതീക്ഷയ്‌ക്കും അപ്പുറമായിരുന്നു ഇരുപത്തൊന്നുകാരന്റെ പ്രകടനം. ഖത്തറിലെ ആദ്യ ഹാട്രിക്കുമായി റാമോസ്‌ കളംനിറഞ്ഞു. 6–-1ന്റെ മിന്നുംപ്രകടനം സാന്റോസിന്റെ ഉറച്ച നിലപാടിന്റെകൂടി ജയമായി.

പതിനാലുവർഷത്തിനുശേഷം ആദ്യമായാണ്‌ പ്രധാന ടൂർണമെന്റിൽ റൊണാൾഡോ പകരക്കാരുടെ ബെഞ്ചിലിരിക്കുന്നത്‌. 2008 യൂറോയിലായിരുന്നു അവസാനം. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പിൻവലിച്ചപ്പോൾ പരസ്യമായി അമർഷം പ്രകടിപ്പിച്ചിരുന്നു റൊണാൾഡോ. ഇത്‌ നല്ല ശീലമല്ലെന്ന്‌ സാന്റോസ്‌ പ്രതികരിക്കുകയും ചെയ്‌തു. കളത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെ വലഞ്ഞ മുപ്പത്തേഴുകാരന്‌ അച്ചടക്കലംഘനംകൂടി ശിക്ഷയായി. മൂന്നുകളിയിൽ പെനൽറ്റിയിലൂടെ നേടിയ ഒരു ഗോളായിരുന്നു ഏക സമ്പാദ്യം.

പുതിയകാലത്തെ പരിശീലകനല്ലെന്ന ചീത്തപ്പേരുണ്ടായിരുന്നു സാന്റോസിന്‌. യൂറോയിലും നേഷൻസ്‌ ലീഗിലും പോർച്ചുഗലിന്‌ കിരീടം സമ്മാനിച്ചെങ്കിലും പഴഞ്ചൻതന്ത്രമെന്ന വിമർശം കേട്ടു. അത്യുഗ്രൻ ടീമുണ്ടായിട്ടും റൊണാൾഡോയെമാത്രം ആശ്രയിക്കുന്ന സംഘത്തിന്റെ കളിക്ക്‌ ഒട്ടും സൗന്ദര്യമുണ്ടായിരുന്നില്ല. എന്നാൽ, സ്വിറ്റ്‌സർലൻഡിനെതിരെ പുതിയ പോർച്ചുഗലിനെയായിരുന്നു കണ്ടത്‌. 4–-3–-3 ശൈലിയായിരുന്നു സാന്റോസ്‌ ആവിഷ്‌കരിച്ചത്‌.  ബ്രൂണോ ഫെർണാണ്ടസും റാമോസും ജോയോ ഫെലിക്‌സും മുന്നേറ്റത്തിൽ. മധ്യനിരയിൽ ബെർണാഡോ സിൽവ–-ഒറ്റാവിയോ–-വില്ല്യം കാർവാലിയോ ത്രയവും. മുപ്പത്തൊമ്പതുകാരൻ പെപെയ്‌ക്കും റൂബെൻ ഡയസിനുമായിരുന്നു പ്രതിരോധഹൃദയത്തിന്റെ ചുമതല. ദ്യേഗോ ദലോട്ടും റാഫേൽ ഗുറൈയ്‌റോയും വിങ്‌ ബാക്കുകളായി. സമവാക്യങ്ങൾ തിരുത്തിക്കുറിച്ചപ്പോൾ പറങ്കിപ്പടയുടെ കളിയിൽ ഒഴുക്കുണ്ടായി. സർവസ്വതന്ത്രരായി കളത്തിലവർ പാറിപ്പറന്നു. എല്ലാം ആക്രമണത്തിലേക്കായിരുന്നു. പ്രതിരോധിക്കേണ്ടിടത്ത്‌ ഒന്നിച്ച്‌ പ്രതിരോധിച്ചു. കൂട്ടായ്‌ മുന്നേറി. റാമോസായിരുന്നു മുഖമുദ്ര.

ലോകകപ്പ്‌ നോക്കൗട്ടിൽ ഒറ്റ ഗോളുമില്ല റൊണാൾഡോയ്‌ക്ക്‌. അഞ്ചുപതിപ്പുകളിലായി 514 മിനിറ്റ്‌ കളിച്ചു. ഇതുവരെയും വല കാണാനായില്ല. മുപ്പത്തേഴുകാരന്‌ പകരക്കാരനായെത്തിയ റാമോസ്‌ 67 മിനിറ്റിനുള്ളിൽ ഹാട്രിക്‌ കുറിച്ചു. പോർച്ചുഗൽ കുപ്പായത്തിൽ നാലാം മത്സരമായിരുന്നു ഈ ബെൻഫിക്കക്കാരന്‌. സ്വിസിനെതിരെ 16 മിനിറ്റുമാത്രം ബാക്കിനിൽക്കേയാണ്‌ റൊണാൾഡോയെ സാന്റോസ്‌ കളത്തിലിറക്കിയത്‌. ഒരുവട്ടം ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌സൈഡായിരുന്നു. പിന്നാലെ എത്തിയ മറ്റൊരു പകരക്കാരൻ റാഫേൽ ലിയാവോ ഗോളടിക്കുകയും ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top