ബാങ്കോക്ക്
കിങ്‌സ് കപ്പ് ഫുട്‌ബോളിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. ഷൂട്ടൗട്ടിൽ ഇറാഖിനോട് 5–-4ന് കീഴടങ്ങി. നിശ്ചിതസമയം ഇരുടീമുകളും രണ്ട് ഗോളടിച്ച് തുല്യത പാലിക്കുകയായിരുന്നു. അധികസമയമില്ലാതെ മത്സരം നേരിട്ട് പെനൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഇന്ത്യക്കായി ആദ്യ കിക്കെടുത്ത ബ്രണ്ടൻ ഫെർണാണ്ടസിന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. പിന്നീടുള്ള കിക്കുകളെല്ലാം വല കടത്തിയെങ്കിലും കാര്യമുണ്ടായില്ല. പരിചയസമ്പന്നരായ ഇറാഖുകാർ അഞ്ചും ലക്ഷ്യത്തിൽ എത്തിച്ചു. ഫൈനലിൽ ആതിഥേയരായ തായ്ലൻഡാണ് ഇറാഖിന്റെ എതിരാളി.
ഇന്ത്യ മൂന്നാംസ്ഥാനത്തിനായി ലെബനനെ നേരിടും. ഞായർ വൈകിട്ട് നാലിനാണ് ഈ മത്സരം. ഫൈനൽ രാത്രി ഏഴിനും.ക്യാപ്‌റ്റൻ സുനിൽ ഛേത്രി ഇല്ലാതിരുന്നിട്ടും കരുത്തരായ ഇറാഖിനെതിരെ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. പതിനാറാംമിനിറ്റിൽ മഹേഷ് സിങ്ങിലൂടെ ലീഡെടുത്തു. മലയാളി മധ്യനിരക്കാരൻ സഹൽ അബ്‌ദുൽ സമദാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാൽ, വൈകാതെ ഇറാഖ് തിരിച്ചടിച്ചു. ബോക്‌സിൽ സന്ദേശ് ജിങ്കന്റെ ഹാൻഡ്‌ബോളിന് വിലയായി നൽകേണ്ടിവന്ന പെനൽറ്റിയിൽ അലി അൽ ഹമാദി സമനില സമ്മാനിച്ചു.
ഇടവേള കഴിഞ്ഞെത്തിയ ഉടൻ ഇന്ത്യ മുന്നിലെത്തി. ഗോൾകീപ്പർ ജലാൽ ഹസന്റെ പിഴവ് ഇറാഖിന് വിനയായി. മൻവീർ സിങ്ങിന്റെ ഷോട്ട് തടയുന്നതിനിടെ ജലാലിന് അബദ്ധം പിണയുകയായിരുന്നു. കളിയവസാനിക്കാൻ 10 മിനിറ്റ് ബാക്കിനിൽക്കേയാണ് ഇറാഖിന്റെ സമനില വന്നത്. ഒരിക്കൽക്കൂടി പെനൽറ്റി. തന്നെ വീഴ്‌ത്തിയതിന്റെ പേരിൽ കിട്ടിയ അവസരം അയ്‌മെൻ ഗദ്‌ബാൻ കളഞ്ഞില്ല. പരിക്കുസമയം സിദാൻ ഇഖ്‌ബാൽ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയിട്ടും ഇറാഖ് തളർന്നില്ല.
ലെബനനെ 2–1ന് തോൽപ്പിച്ചാണ് തായ്‌ലൻഡ് കിരീടപ്പോരിന് യോഗ്യത നേടിയത്. കിങ്സ് കപ്പിൽ 14 വട്ടം ചാമ്പ്യൻമാരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..