28 November Tuesday

ഈ പന്തിൽ ഏഷ്യയുമുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

ദോഹ
ഖത്തർ ലോകകപ്പിൽ ഇനി ഏഷ്യൻ സാന്നിധ്യമില്ല. പ്രീക്വാർട്ടറിലെത്തിയ മൂന്ന്‌ ടീമുകളും പുറത്തായി. എങ്കിലും ലോക ഫുട്‌ബോളിൽ ഏഷ്യക്കും ഇടമുണ്ടെന്ന്‌ തെളിയിച്ചായിരുന്നു ഈ ടീമുകളുടെ മടക്കം. വൻപേരുകാരെ ഞെട്ടിക്കുകയും അവരുടെ പ്രതീക്ഷകൾ തീർക്കുകയും ചെയ്‌താണ്‌ ഏഷ്യൻ സംഘങ്ങൾ അവസാനിപ്പിച്ചത്‌.

ലോകകപ്പിൽ ആദ്യമായാണ്‌ മൂന്നു ഏഷ്യൻ ടീമുകൾക്ക്‌ പ്രീ ക്വാർട്ടർ യോഗ്യത കിട്ടിയത്‌. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ ഭാഗമായ ഓസ്‌ട്രേലിയക്കൊപ്പം ദക്ഷിണ കൊറിയയും ജപ്പാനുമാണ്‌ കരുത്തുകാട്ടിയത്‌. പ്രീക്വാർട്ടറിൽ കൊറിയ ബ്രസീലിനുമുന്നിൽ തകർന്നടിഞ്ഞപ്പോൾ ഷൂട്ടൗട്ടുവരെ നീണ്ട പോരിലാണ്‌ ജപ്പാൻ ക്രൊയേഷ്യയോട്‌ കീഴടങ്ങിയത്‌. ഓസ്‌ട്രേലിയ അർജന്റീനയോട്‌ പൊരുതിത്തോറ്റു.

ആതിഥേയരായ ഖത്തർ, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ്‌ ഈ ലോകകപ്പിൽ പന്ത്‌ തട്ടിയ മറ്റ്‌ ഏഷ്യൻ രാജ്യങ്ങൾ. ജർമനിയെയും സ്‌പെയ്‌നിനെയും തകർത്ത ജപ്പാനാണ്‌ മിടുക്കുകാട്ടിയത്‌. ലയണൽ മെസിയുടെ അർജന്റീനയെ തോൽപ്പിച്ച സൗദി അറേബ്യ ഈ ലോകകപ്പിലെ ഏറ്റവും വലിയ അപ്രതീക്ഷിത ഫലം നൽകി. മെക്‌സിക്കോയോട്‌ തോറ്റെങ്കിലും അവരുടെ മുന്നോട്ടുള്ള വഴിയടയ്‌ക്കാൻ സൗദിക്ക്‌ കഴിഞ്ഞു. ദക്ഷിണ കൊറിയ പ്രഥമ ചാമ്പ്യൻമാരായ ഉറുഗ്വേയെ സമനിലയിൽ പിടിച്ചു. മുൻ യൂറോ ചാമ്പ്യൻമാരായ പോർച്ചുഗലിനെ കീഴടക്കി. അതുവഴി ഉറുഗ്വേയുടെ നോക്കൗട്ട്‌ പ്രതീക്ഷകളും തകർത്തു. ഇറാൻ ആദ്യകളിയിൽ ഇംഗ്ലണ്ടിനോട്‌ തകർന്നടിഞ്ഞെങ്കിലും വെയ്‌ൽസിനെ ഞെട്ടിച്ചു. അമേരിക്കയോട്‌ അവസാനംവരെ പൊരുതിയാണ്‌ തോറ്റത്‌. ഓസ്‌ട്രേലിയ യൂറോ കപ്പ്‌ സെമിഫൈനലിസ്‌റ്റുകളായ ഡെൻമാർക്കിനെയും ആഫ്രിക്കൻ സംഘം ടുണീഷ്യയെയും പരാജയപ്പെടുത്തി. ഇതിൽ എല്ലാ ഫലവും ഉയർന്ന റാങ്കുകാർക്കെതിരെയാണ്‌. ആതിഥേയരായ ഖത്തർമാത്രമാണ്‌ നിരാശപ്പെടുത്തിയത്‌. ഗ്രൂപ്പുഘട്ടത്തിലെ ഒരു കളിപോലും അവർക്ക്‌ ജയിക്കാനായില്ല.

സൗദിയുടെ സലേം അൽ ദോസരി, ജപ്പാന്റെ റിറ്റ്‌സു ദൊയാൻ, കൊറിയയുടെ ചോ ജിയു സങ്‌, ഓസ്‌ട്രേലിയയുടെ മാത്യു ലെക്കി എന്നിവരെല്ലാം ഈ ലോകകപ്പിന്റെ താരങ്ങളാണ്‌. ഇതിനുമുമ്പ്‌ 2002ലായിരുന്നു ഏഷ്യൻ ടീമുകളുടെ മികച്ച പ്രകടനമുണ്ടായത്‌. ജപ്പാനും ദക്ഷിണ കൊറിയയുമായിരുന്നു ആതിഥേയർ. ജപ്പാൻ പ്രീ ക്വാർട്ടറിലെത്തിയപ്പോൾ കൊറിയ സെമിവരെ മുന്നേറി.

ലോകകപ്പ്‌ ചരിത്രത്തിൽ ഇതുവരെ ഒരുതവണ മാത്രമാണ്‌ ഏഷ്യൻ ടീം സെമിയിൽ കടന്നിട്ടുള്ളത്‌. 1966ൽ ഉത്തര കൊറിയ ക്വാർട്ടറിൽ കടന്നതാണ്‌ മറ്റൊരു നേട്ടം. ആകെ എട്ടുതവണ പ്രീക്വാർട്ടറിലെത്തി. 33 തവണ ആദ്യ റൗണ്ടിൽ പുറത്തായി.

ഇക്കുറി ചില അനുകൂലഘടകങ്ങൾ ടീമുകൾക്കുണ്ടായിരുന്നു. അറബ്‌ രാജ്യങ്ങൾക്ക്‌ ആരാധകരുടെ പിന്തുണ ഊർജമായി. സ്വന്തം രാജ്യത്തെ ലീഗുകളിൽ കളിക്കുന്ന കളിക്കാരും ഒരു ഘടകമായി. ലോകകപ്പിന്‌ മികച്ച രീതിയിൽ ഒരുങ്ങാൻ അവർക്ക്‌ കഴിഞ്ഞു. യൂറോപ്പ്‌, ലാറ്റിനമേരിക്കൻ കളിക്കാർ ലീഗ്‌ മത്സരങ്ങൾക്കിടയിൽനിന്നാണ്‌ എത്തിയത്‌. ചില വലിയ ടീമുകൾക്ക്‌ ഒരുപരിധിവരെ ഇത്‌ തിരിച്ചടിയായി.

പിൻവലിഞ്ഞുനിന്ന്‌ പ്രത്യാക്രമണത്തിലൂടെ കളിപിടിക്കുക എന്നതായിരുന്നു ജപ്പാൻ ഉൾപ്പെടെയുള്ള ടീമുകളുടെ രീതി. പന്ത്‌ കൈവശം വയ്‌ക്കുന്നതിലല്ല, കിട്ടുന്ന സമയത്തിൽ ഗോളാക്കാൻ ശ്രമിക്കുക എന്നതായിരുന്നു അവർ കളത്തിൽ നടപ്പാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top