24 April Wednesday

ജപ്പാൻ തിരയടങ്ങി

ഖത്തറിൽ നിന്ന് 
ആർ രഞ്ജിത്Updated: Monday Dec 5, 2022

image credit FIFA WORLD CUP twitter


ജപ്പാൻതിരമാലകൾ നിലച്ചു. ജർമനിയെയും സ്‌പെയ്‌നിനെയും ചുഴറ്റിയെറിഞ്ഞെത്തിയ ജപ്പാൻ, ക്രൊയേഷ്യക്കുമുന്നിൽ അവസാനിച്ചു. പ്രീ ക്വാർട്ടറിൽ ഷൂട്ടൗട്ടിലാണ്‌ ജപ്പാന്റെ പോരാട്ടം അവസാനിച്ചത്‌. ഗോൾകീപ്പർ ഡൊമിനിക്‌ ലിവാകോവിച്ചിന്റെ മികവാണ്‌ ഷൂട്ടൗട്ടിൽ ക്രൊയേഷ്യക്ക്‌ തുണയായത്‌. ജപ്പാന്റെ മൂന്ന്‌ കിക്കുകൾ തടുത്തിട്ട ലിവാകോവിച്ച്‌ ക്രൊയേഷ്യയെ ക്വാർട്ടറിലേക്ക്‌ നയിച്ചു.

നിശ്‌ചിതസമയത്ത്‌  1–-1 ആയിരുന്നു ഫലം. ദയ്‌സെൻ മയേദയിലൂടെ ജപ്പാൻ മുന്നിലെത്തി. ഇവാൻ പെരിസിച്ച്‌ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. പിന്നെ ഗോൾ പിറന്നില്ല. ഇതോടെ കളി അധികസമയത്തേക്ക്‌. ഗോൾ വന്നില്ല. പിന്നെ ഷൂട്ടൗട്ട്‌. ജപ്പാന്‌ സമ്മർദം അതിജീവിക്കാനായില്ല. ഷൂട്ടൗട്ടിൽ 3–-1ന്റെ  ജയവുമായി നിലവിലെ റണ്ണറപ്പുകൾ അവസാന എട്ടിലെത്തി.

ആദ്യപകുതിയിൽ എല്ലാ തലത്തിലും ജപ്പാൻ മികച്ചുനിന്നു. പന്തുമായി വേഗത്തിൽ നീങ്ങി. ബോക്‌സിൽ കൃത്യമായി നിലയുറപ്പിച്ചു. അവസരങ്ങൾ സൃഷ്‌ടിച്ചു. ഇതിനൊപ്പംതന്നെ നല്ല ജാഗ്രതയും കാണിച്ചു. ലൂക്കാ മോഡ്രിച്ച്‌ ഉൾപ്പെട്ട ക്രൊയേഷ്യൻ മധ്യനിരയിലെ മൂവർസംഘത്തിന്‌ പന്ത്‌ കിട്ടാതിരിക്കാൻ അവർ ശ്രദ്ധിച്ചു.
ജപ്പാൻ പതുക്കെ കളി പിടിക്കാൻ തുടങ്ങി. വേഗംകൊണ്ട്‌ അവർ ക്രൊയേഷ്യയെ ക്ഷീണിപ്പിച്ചു. കാലിൽ പന്ത്‌ കിട്ടിയ ഘട്ടത്തിലെല്ലാം അവർ അപകടകാരികളായി മാറി. അങ്ങനെയൊരു നീക്കത്തിലായിരുന്നു ഗോൾ. കുറിയ കോർണറിൽനിന്ന്‌ തുടക്കം. റിറ്റ്‌സു ദൊയാൻ ക്രോസ്‌ തൊടുത്തു. മയ യോഷിദ അതിൽ തലവച്ചു. പന്ത്‌ മയേദക്ക്‌ മുന്നിൽ. ജപ്പാൻ മുന്നിൽ.

തന്ത്രങ്ങൾ തിരുത്തിയാണ്‌ ക്രൊയേഷ്യ ഇടവേള കഴിഞ്ഞെത്തിയത്‌. ലോങ്‌ ക്രോസുകൾ ജപ്പാൻ ബോക്‌സിലേക്ക്‌ പറക്കാൻ തുടങ്ങി. അതിലൊന്നിൽ പെരിസിച്ച്‌ തലവച്ചു. അത്‌ വല കണ്ടു. ദെയാൻ ലോവ്‌റന്റേതായിരുന്നു ക്രോസ്‌.കളിക്ക്‌ ചൂടുപിടിച്ചു. മോഡ്രിച്ചിന്റെ ചാട്ടുളി പോലൊരു വോളി ഗോണ്ടയുടെ കൈയിൽ തട്ടിത്തെറിച്ചു. പെരിസച്ചിന്റെ  വല തകർക്കാൻ കരുത്തുള്ള അടി ടൊമിയാസുവിന്റെ കാലിൽത്തട്ടി മടങ്ങി.

അധികസമയത്ത്‌ കവോറു മിറ്റോമയുടെ ഷോട്ട്‌ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച്‌ കുത്തിയകറ്റി. ആ ഒരു നിമിഷംമാത്രമായിരുന്നു അധികസമയത്തെ കാഴ്‌ച. കളി ഷൂട്ടൗട്ടിലേക്ക്‌. ജപ്പാനായി ആദ്യ കിക്ക്‌ എടുത്ത താകുമി മിനാമിനോ നേരെ ലിവാകോവിച്ചിന്റെ കൈകളിലേക്കാണ്‌ പന്തടിച്ച്‌ കൊടുത്തത്‌. ക്രൊയേഷ്യക്കായി നിക്കോളാ വ്‌ളാസിച്ച്‌ ലക്ഷ്യംകണ്ടു. ജപ്പാന്റെ രണ്ടാമത്തെ കിക്ക്‌ എടുത്ത മിറ്റോമയ്‌ക്കും പിഴച്ചു. ക്രൊയേഷ്യയുടെ രണ്ടാമത്തെ കിക്ക്‌ മാർസെലൊ ബ്രൊസോവിച്ച്‌ വലയിലെത്തിച്ചു. ജപ്പാനായി താകുമ അസാനോ ലക്ഷ്യംകണ്ടു. എന്നാൽ, മാർകോ ലിവായയുടെ ഷോട്ട്‌ പോസ്‌റ്റിൽ തട്ടിത്തെറിച്ചതോടെ ജപ്പാന്‌ പ്രതീക്ഷയായി. പക്ഷേ, മയ യോഷിദയുടെ കിക്കും ലിവാകോവിച്ച്‌ തടഞ്ഞതോടെ ജപ്പാൻ കരഞ്ഞു. ക്രൊയേഷ്യക്കായി അവസാന കിക്കെടുത്ത മരിയോ പസാലിച്ചിന്‌ പിഴച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top