29 March Friday
നീന്തലിൽ സജന് രണ്ടാം സ്വർണം

പിന്നോട്ട്‌.....പിന്നോട്ട്‌ ; ദേശീയ ഗെയിംസിൽ മെഡൽ പട്ടികയിൽ ഒമ്പതാമത്

ജിജോ ജോർജ്‌Updated: Thursday Oct 6, 2022

ദേശീയ ഗെയിംസ് പുരുഷ വിഭാഗം നീന്തൽ 200 മീറ്റർ ബട്ടർ ഫ്ലൈയിൽ കേരളത്തിന്റെ സജൻ പ്രകാശ് സ്വർണത്തിലേക്ക് / ഫോട്ടോ: പി വി സുജിത്


അഹമ്മദാബാദ്
ദേശീയ ഗെയിംസിൽ സർവീസസിന്റെയും തമിഴ്നാടിന്റെയും ഹരിയാനയുടെയുമൊക്കെ കുതിപ്പിൽ പതറി കേരളം. ഇതുവരെ 11 സ്വർണവും 15 വെള്ളിയും ഒമ്പത് വെങ്കലവുമാണ് സമ്പാദ്യം. നിലവിലെ ജേതാക്കളായ സർവീസസാണ് മുന്നിൽ. 40 സ്വർണവും 25 വെള്ളിയും 24 വെങ്കലവും. ഹരിയാന 25 സ്വർണവും 22 വെള്ളിയും 19 വെങ്കലവുമായി രണ്ടാമത്.
കഴിഞ്ഞതവണത്തെ രണ്ടാംസ്ഥാനക്കാരായ കേരളം ഒമ്പതാമതാണ്. ഗെയിംസിലെ ഗ്ലാമർ ഇനമായ അത്‌ലറ്റിക്സ് അവസാനിച്ചപ്പോൾ കനത്ത തിരിച്ചടികിട്ടി. ഇന്നലെ ആകെ കിട്ടിയത്‌ ഒരുസ്വർണവും മൂന്ന്‌ വെങ്കലവും.

ഒളിമ്പ്യൻ സജൻ പ്രകാശ് 200 മീറ്റർ ബട്ടർ ഫ്ലൈയിൽ സ്വർണം നേടി. കേരള പൊലീസ്‌ താരത്തിന്‌ രണ്ട്‌ സ്വർണവും രണ്ട്‌ വെള്ളിയുമായി. ഷട്ടിൽ ബാഡ്മിന്റണിലാണ്‌ മൂന്ന് വെങ്കലം.
വനിതാ ഡബിൾസിൽ ആരതി സാറ സുനിൽ–--മെഹ്റിൻ ട്രീസ സഖ്യം, പുരുഷ ഡബിൾസിൽ എസ് സഞ്‌ജിത്–-എം ശ്യാംപ്രസാദ് സഖ്യം, മിക്സഡ് ഡബിൾസിൽ എസ് സഞ്ജിത്‌–-ടി ആർ ഗൗരികൃഷ്ണ സഖ്യം എന്നിവരാണ് വെങ്കലം നേടിയത്.കഴിഞ്ഞദിവസം അമ്പെയ്‌ത്ത്‌ ഇന്ത്യൻ വിഭാഗത്തിൽ കേരള വനിതകൾ സ്വർണം നേടിയിരുന്നു. കെ ജെ ജെസ്‌ന, ആർച്ച രാജൻ, എ വി ഐശ്വര്യ, മേഘ്ന കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് നേട്ടം കൈവരിച്ചത്.

ഭാരോദ്വഹനത്തിൽ 87 കിലോ പ്ലസ് വിഭാഗത്തിൽ അന്ന മരിയ വെള്ളി നേടി. പുരുഷ ഖൊ ഖൊ ടീമിനും വെള്ളിയുണ്ട്‌.അത്‌ലറ്റിക്സിന്റെ അവസാനദിവസം പുരുഷന്മാരുടെ 800 മീറ്ററിൽ സർവീസസിന്റെ മലയാളിതാരം പി മുഹമ്മദ് അഫ്സൽ (ഒരു മിനിറ്റ്‌ 46.30 സെക്കൻഡ്‌) പുതിയ ഗെയിംസ് റെക്കോഡ് സ്ഥാപിച്ചു. 200 മീറ്ററിൽ സർവീസസിന്റെ വി മുഹമ്മദ് അജ്മൽ വെങ്കലം നേടി.

സ്-ക്വാഷ് വനിതാ സിംഗിൾസിൽ തമിഴ്നാടിന്റെ മലയാളിതാരം സുനെെന കുരുവിള സ്വർണംനേടി.  ഡൽഹിയുടെ കെ എം ചന്ദ (800, 1500) ഡബിൾ തികച്ചു. ജാവലിൻത്രോയിൽ രാജ്യാന്തരതാരം അന്നു റാണി സ്വർണം നേടി (54.56 മീറ്റർ).പുരുഷവിഭാഗം ഫുട്ബോളിൽ കേരളം സെമിയിലെത്തി. രണ്ടാംമത്സരത്തിൽ സർവീസസിനെ 3–1ന് തോൽപ്പിച്ചു. ഇന്ന്  മണിപ്പൂരിനെ നേരിടും. വനിതാ ബാസ്‌കറ്റ്ബോൾ ടീം സെമിയിൽ  തെലങ്കാനയോട്  തോറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top