20 April Saturday

ഡാനിയും ഡാലിയും ; ഡച്ചിന്റെ സ്‌നേഹഗാഥ

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

image credit Varsky Sports twitter


ദോഹ
ഒരച്ഛനും മകനുമുണ്ട്‌. ഡാനി ബ്ലിൻഡും ഡാലി ബ്ലിൻഡും. നെതർലൻഡ്‌സിന്റെ സഹപരിശീലകനാണ്‌ ഡാനി. ഡാലിയാകട്ടെ ഡച്ച്‌ നിരയിലെ പ്രതിരോധക്കാരനും. അമേരിക്കയ്‌ക്കെതിരായ പ്രീക്വാർട്ടറിൽ ഗോൾ നേടിയശേഷം അച്ഛനരികിലേക്ക്‌ ഓടിയടുത്ത്‌ ആഹ്ലാദിക്കുന്ന ഡാലിയുടെ ചിത്രം ലോകകപ്പിലെ മനോഹരകാഴ്‌ചകളിലൊന്നായി.

ഡാനിയും പ്രതിരോധക്കാരനായിരുന്നു. 1990, 1994 ലോകകപ്പുകളിൽ ഡച്ച്‌ കുപ്പായമിട്ടു. പിന്നീട്‌ പരിശീലകവേഷത്തിൽ. അയാക്‌സിൽനിന്നായിരുന്നു തുടക്കം. ഇപ്പോഴത്തെ നെതർലൻഡ്‌സ്‌ കോച്ച്‌ ലൂയിസ്‌ വാൻ ഗാലിനൊപ്പം കൂടി. 2015ൽ വാൻ ഗാലിനുശേഷം മുഖ്യപരിശീലകനുമായി. 2017ൽ പടിയിറങ്ങി. റഷ്യൻ ലോകകപ്പിൽ യോഗ്യത നേടിക്കൊടുക്കാനാകാതെ അപമാനിതനായാണ്‌ വിടവാങ്ങിയത്‌.

അച്ഛന്റെ പാത പിന്തുടർന്നാണ്‌ ഡാലി പ്രതിരോധക്കാരനായത്‌. അയാക്‌സായിരുന്നു കളിയിടം. 2014 മുതൽ നാലുവർഷം മാഞ്ചസ്റ്റർ യുണൈറ്റഡിലും കളിച്ചു. 2019ൽ ഹൃദ്‌രോഗം പിടിപെട്ടു. കളിക്കാനാകില്ലെന്ന്‌ വിധിയെഴുതിയിടത്തുനിന്ന്‌ തിരിച്ചുവന്നു. ഡെൻമാർക്കിന്റെ ക്രിസ്റ്റ്യൻ എറിക്‌സണെപ്പോലെ ഹൃദയത്തിൽ യന്ത്രം ഘടിപ്പിച്ചാണ്‌ കളിക്കുന്നത്‌. അയാക്‌സിൽ ഉജ്വല മടങ്ങിവരവ്‌ നടത്തി. ദേശീയ ടീമിനായും മികവ്‌ തുടർന്നു.

അമേരിക്കയ്‌ക്കെതിരെ ഡച്ച്‌ നിരയിലെ പ്രായം കൂടിയ താരമായിരുന്നു ഡാലി. 32 വയസ്സും 269 ദിവസവുമാണ്‌ പ്രായം. ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്‌തു. ഗോളടിച്ചശേഷം ആദ്യം പോയത്‌ സഹതാരം വൗട്‌ വെഗൊസ്റ്റിന്റെ അടുത്തേക്കായിരുന്നു. ഗോളടിക്കുമെന്നു പറഞ്ഞ്‌ ഡാലിയുടെ ബൂട്ട്‌ പോളിഷ്‌ ചെയ്‌തത്‌ വെഗൊസ്റ്റാണ്‌. അതിനുശേഷം അച്ഛന്റെ അരികിലേക്ക്‌. ഡാലിയുടെ കഴുത്ത്‌ ചേർത്തുപിടിച്ച്‌ മുഖം നെറ്റിയിലമർത്തി. ‘വല്ലാത്തൊരു നിമിഷമായിരുന്നു അത്‌. ചിലനേരം നമ്മൾ എല്ലാം മറക്കും’–- മത്സരശേഷം ഡാലി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top