അഹമ്മദാബാദ്
ആദ്യമായാണ് ഔദ്യോഗിക ഉദ്‌ഘാടനച്ചടങ്ങില്ലാത്ത ലോകകപ്പ് പോരാട്ടത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ബോളിവുഡ് താരങ്ങളടക്കം പങ്കെടുക്കുന്ന കലാപരിപാടികൾ ഉൾപ്പെടുത്തി ഉദ്‌ഘാടനച്ചടങ്ങ് നടക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും കാരണംപറയാതെ ചടങ്ങ് ഉപേക്ഷിച്ചു. പകരം എല്ലാ ക്യാപ്‌റ്റൻമാരും പങ്കെടുത്ത ക്യാപ്‌റ്റൻസ് ഡേ മൊട്ടേറ സ്‌റ്റേഡിയത്തിൽ ബുധനാഴ്‌ച നടത്തിയാണ് തുടക്കംകുറിച്ചത്. ലോകകപ്പ് കീരീടത്തിനൊപ്പം നായകർ ചിത്രമെടുത്തു.
രാജ്യത്തിനായി വ്യത്യസ്‌തമായി എന്തെങ്കിലും നേടണമെന്നാണ് എല്ലാ ക്യാപ്‌റ്റൻമാരുടെയും ആഗ്രഹമെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രതികരണം. ഇന്ത്യയിൽ വന്നപ്പോൾ ലഭിച്ച സ്വീകരണവും ആരാധക പിന്തുണയും അത്ഭുതപ്പെടുത്തിയെന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം വെളിപ്പെടുത്തി. സ്വന്തം രാജ്യത്തെന്നപോലെയാണ് ഹൈദരാബാദിൽ അനുഭവപ്പെട്ടതെന്നും ബാബർ പറഞ്ഞു. കുറെക്കാലം ഒന്നിച്ച് കളിക്കുന്നവരായതിനാൽ അതിന്റെ മികവുണ്ടാകുമെന്ന് ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ജോസ് ബട്‌ലർ അഭിപ്രായപ്പെട്ടു. ഭൂരിഭാഗംപേരും 2015 മുതൽ ടീമിന്റെ ഭാഗമാണ്. ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റൻ ടെംബ ബവുമ, ശ്രീലങ്കൻ നായകൻ ദസുൺ ഷനക, നെതർലൻഡ്‌സ് നായകൻ സ്‌കോട്ട് എഡ്‌വേർഡ്‌സ്, ബംഗ്ലാദേശ് ക്യാപ്‌റ്റൻ ഷാക്കിബ് അൽ ഹസ്സൻ തുടങ്ങിയവരും പ്രതീക്ഷകൾ പങ്കുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..