25 April Thursday
പ്രൊഫഷണൽ ഫുട്‌ബോളിൽ 
ഏറ്റവും കൂടുതൽ ഗോൾ 801

ക്രിസ്റ്റ്യാനോ റൊണാൾഡോ 800 കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

ഗോളടിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 800 കടന്നു. ഈ നേട്ടം കെെവരിക്കുന്ന ആദ്യ ഫുട്ബോളർ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഴ്സണലിനെതിരെ ഇരട്ടഗോളടിച്ചാണ് റൊണാൾഡോ മാന്ത്രികസംഖ്യ മറികടന്നത്. 1097 മത്സരങ്ങളിൽ 801 ഗോൾ. മാഞ്ചസ്റ്റർ യുണെെറ്റഡ് 3–2നാണ് കളി ജയിച്ചത്. കളിയുടെ 52, 70 മിനിറ്റുകളിലായിരുന്നു പോർച്ചുഗീസുകാരന്റെ ഗോളുകൾ. രണ്ടാമത്തേത് പെനൽറ്റിയിലൂടെയായിരുന്നു.
മുപ്പത്താറാം വയസ്സിലാണ് ഈ അനുപമനേട്ടം.

ഗോളെണ്ണത്തിൽ ബ്രസീൽ ഇതിഹാസം പെലെയാണ് റൊണാൾഡോയ്ക്കുപിന്നിൽ. ഔദ്യോഗിക കണക്കുപ്രകാരം പെലെയ്ക്ക് 765 ഗോളാണ്. അർജന്റീന താരം ലയണൽ മെസിക്ക് 756 ഗോൾ. ആയിരത്തിൽ കൂടുതൽ ഗോളുകൾ പെലെ നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക തെളിവുകളില്ല. മറ്റൊരു ബ്രസീൽ താരം റൊമാരിയോയും ഗോളെണ്ണത്തിൽ 1000 തികച്ചുവെന്ന്‌ അവകാശപ്പെടുന്നു. റൊമാരിയോയ്ക്ക് ഔദ്യോഗികമായി 753 ഗോളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെക്കോസ്ലൊവാക്യ, ഓസ്ട്രിയ രാജ്യങ്ങൾക്കായി കളിച്ച ജോസെഫ് ബിക്കാന് 821 ഗോളുണ്ടെന്നാണ് ചെക്ക് ഫുട്ബോൾ അസോസിയേഷൻ പറയുന്നത്.

ഔദ്യോഗിക കണക്കനുസരിച്ച് റൊണാൾഡോ മാത്രമാണ് 800ൽ തൊട്ടത്. 2002ൽ സ്പോർടിങ് സിപിയുടെ ബി ടീമിലൂടെയാണ് റൊണാൾഡോയുടെ കളിജീവിതം ആരംഭിക്കുന്നത്. പിന്നാലെ സ്പോർടിങ്ങിന്റെ പ്രധാന ടീമിലെത്തി. 2003ൽ മാഞ്ചസ്റ്റർ യുണെെറ്റഡിൽ എത്തിയതോടെ ലോക ഫുട്ബോളിലെ സൂപ്പർതാരം തെളിഞ്ഞു. 2009 വരെ യുണെെറ്റഡിൽ തുടർന്നു. തുടർന്ന് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ. ഒമ്പത് വർഷത്തെ റയൽ ജീവിതത്തിൽ അടിച്ചുകൂട്ടിയത് 450 ഗോളുകൾ. റയലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ. ഇറ്റാലിയൻ ലീഗിലായിരുന്നു അടുത്ത ഊഴം. യുവന്റസിനായും ഗോളടിച്ചുകൂട്ടി. മാഞ്ചസ്റ്റർ യുണെെറ്റഡിലേക്കുള്ള രണ്ടാംവരവും ആഘോഷമായി. ടീമെന്ന നിലയിൽ യുണെെറ്റഡിന് തിരിച്ചടികൾ ഉണ്ടായെങ്കിലും റൊണാൾഡോയുടെ പ്രഭാവം മങ്ങിയില്ല.

യുണൈറ്റഡിൽ തിരിച്ചെത്തിയശേഷം 17 കളിയിൽ 12 ഗോളടിച്ചു. അഴ്സണലിനെതിരെ യുണെെറ്റഡിന്റെ ആദ്യഗോൾ നേടിയത് ബ്രൂണോ ഫെർണാണ്ടസാണ്. അഴ്സണലിനായി എമിലെ സ്മിത്ത് റോവിയും മാർടിൻ ഒദെഗാർദും ഗോളടിച്ചു. യുണെെറ്റഡിന്റെ ഇടക്കാല പരിശീലകനായെത്തുന്ന റാൽഫ് റാങ്ക്നിക് മത്സരം കാണാനുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top