19 December Friday

റണ്ണങ്കം ; ഗ്രീൻഫീൽഡിൽ ഇന്ത്യ x നെതർലൻഡ്‌സ്‌ മഴമൂലം ഉപേക്ഷിച്ചു

ആർ രഞ് ജിത്Updated: Wednesday Oct 4, 2023

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടന മത്സരം നടക്കുന്ന അഹമ്മദാബാദ് സ്റ്റേഡിയത്തിന് മുന്നിലൂടെ നടന്നുനീങ്ങുന്ന സ്ത്രീകൾ


തിരുവനന്തപുരം
സന്നാഹങ്ങളെല്ലാം കഴിഞ്ഞു. ആയുധങ്ങൾക്കെല്ലാം മൂർച്ചകൂട്ടി. പന്തുകൾ തീയുണ്ടകളാക്കി. ബാറ്റുകൾ റണ്ണൊഴുക്കും യന്ത്രത്തോക്കുകളാക്കി. ഇനിയാണ്‌ യുദ്ധം. റണ്ണിന്‌, വിക്കറ്റിന്‌, ജയത്തിന്‌, ലോകകപ്പിന്‌. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്റെ മുന്നോടിയായുള്ള സന്നാഹമത്സരങ്ങളെല്ലാം കഴിഞ്ഞ്‌ ടീമുകൾ കൂടാരം കയറി. ഇന്നൊരു ദിവസം പഠിച്ച പാഠങ്ങൾ വിലയിരുത്താനുള്ളതാണ്‌. നാളെ ലോകകപ്പിന്‌ ആദ്യ പന്തെറിയുമ്പോൾ 10 ടീമുകളും പൂർണസജ്ജം. 

ലോകകപ്പിന്‌ മുന്നോടിയായി 10 മത്സരങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ഭൂരിപക്ഷം മത്സരങ്ങളും മഴയെടുത്തു. ഒറ്റപ്പന്തുപോലും എറിയാതെ മൂന്ന്‌ മത്സരങ്ങളാണ്‌ ഉപേക്ഷിച്ചത്‌. തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ഇന്നലെ ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള മത്സരവും മഴകൊണ്ടുപോയി. രാവിലെ തുടങ്ങിയ മഴ ഇടയ്‌ക്ക്‌ കുറഞ്ഞെങ്കിലും മൈതാനം കളിക്ക്‌ സജ്ജമായില്ല. പകൽ രണ്ടിനായിരുന്നു കളി നിശ്‌ചയിച്ചത്‌. വൈകിട്ട്‌ 3.45ന്‌ മത്സരം ഉപേക്ഷിച്ചതായി അറിയിപ്പ്‌ വന്നു.  രണ്ടായിരത്തോളം കാണികൾ സ്‌റ്റേഡിയത്തിൽ എത്തിയിരുന്നു. അവരെല്ലാം നിരാശയോടെ മടങ്ങി. ടിക്കറ്റ്‌ എടുത്തവർക്ക്‌ പണം തിരികെ നൽകും.

ഇന്ത്യയുടെ രണ്ട്‌ പരിശീലനമത്സരവും  മഴയിൽ മുങ്ങിപ്പോയി. ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരദിവസവും മഴ പെയ്‌തു.  ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ നാല്‌ കളിയാണ്‌ ഉണ്ടായിരുന്നത്‌. ആദ്യത്തെ ദക്ഷിണാഫ്രിക്ക–-അഫ്‌ഗാനിസ്ഥാൻ കളി പൂർണമായും ഉപേക്ഷിച്ചു. ഓസ്‌ട്രേലിയയും നെതർലൻഡ്‌സും തമ്മിലുള്ള കളി പാതിവഴിയിൽ മുടങ്ങി. മത്സരം 23 ഓവറായി ചുരുക്കിയിരുന്നു. ഓസ്‌ട്രേലിയ ബാറ്റ്‌ ചെയ്‌തു. നെതർലൻഡ്‌സിന്റെ ബാറ്റിങ് 15 ഓവറായപ്പോഴേക്കും മഴവന്നു.

മൂന്നാമത്തെ മത്സരം ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു. ന്യൂസിലൻഡ്‌ മഴനിയമപ്രകാരം ഏഴ്‌ റണ്ണിന്‌ ജയിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസിന്‌ 50 ഓവർ ബാറ്റ്‌ ചെയ്യാനായി. ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 321 റണ്ണെടുത്തു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ 37 ഓവറേ സാധ്യമായുള്ള. നാല്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 211 റണ്ണിൽ നിൽക്കെ മഴ കളി മുടക്കി.

ഗുവാഹത്തിയിൽ ശ്രീലങ്കയ്‌ക്കും ബംഗ്ലാദേശിനും 50 ഓവർ കളിക്കാനായി. ഏഴ്‌ വിക്കറ്റ്‌ ജയത്തോടെ ബംഗ്ലാദേശ്‌ ഒരുക്കം ഗംഭീരമാക്കി. ഹൈദരാബാദിൽ പാകിസ്ഥാനെ അഞ്ച്‌ വിക്കറ്റിന്‌ തകർത്താണ്‌ ന്യൂസിലൻഡ്‌ ഒരുങ്ങിയത്‌. ബംഗ്ലാദേശിനെതിരായ പരിശീലനത്തിൽ ഇംഗ്ലണ്ടിന്റെ ജയം മഴനിയമപ്രകാരമായിരുന്നു. ഓസ്ട്രേലിയ പാകിസ്ഥാനെ 14 റണ്ണിന് തോൽപ്പിച്ചു.

ചരിത്രം 
തിരുത്തണം 
ദ. ആഫ്രിക്കയ്‌ക്ക്‌
ചരിത്രം തിരുത്താനുള്ള ഒരുക്കത്തിലാണ്‌ ദക്ഷിണാഫ്രിക്കൻ ടീം. ടെംബ ബവുമ നയിക്കുന്ന ടീം സന്തുലിതമാണ്‌. പ്രതിഭകൾ ഏറെയുണ്ടായിട്ടും ഇതുവരെ കപ്പടിക്കാനായിട്ടില്ല ദക്ഷിണാഫ്രിക്കയ്‌ക്ക്‌. 1992, 1996, 1999 പതിപ്പുകളിൽ നിർഭാഗ്യത്തെ പഴിച്ചാണ്‌ അവർ മടങ്ങിയത്‌. ഇക്കുറി പ്രതീക്ഷയുണ്ട്‌. ബവുമയുടെ ടീമിൽ മാർകോ ജാൻസണായിരുക്കും കുന്തമുന. തകർപ്പൻ ഓൾ റൗണ്ട്‌ പ്രകടനമാണ്‌ ജാൻസൺ ഓസീസിനെതിരായ പരമ്പരയിൽ പുറത്തെടുത്തത്‌. ക്വിന്റൺ ഡി കോക്ക്‌, ഹെൻറിച്ച്‌ ക്ലാസെൻ, ഡേവിഡ്‌ മില്ലർ, കഗീസോ റബാദ എന്നിവരും മുതൽക്കൂട്ടാണ്‌. ഏഴിന്‌ ശ്രീലങ്കയുമായാണ്‌ ദക്ഷിണാഫ്രിക്കയുടെ ആദ്യകളി.

മൂന്നിൽ പിടിക്കുമോ
കഴിഞ്ഞ രണ്ട്‌  ലോകകപ്പിലും റണ്ണറപ്പുകളാണ്‌ ന്യൂസിലൻഡ്‌. ഇതുവരെ ലോകകപ്പ്‌ നേടാനായിട്ടില്ല. മൂന്നാംശ്രമത്തിൽ ചരിത്രം തിരുത്താനാകുമെന്ന പ്രതീക്ഷയിലാണ്‌ കെയ്‌ൻ വില്യംസണും സംഘവും. 2019 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അവസാന നിമിഷംവരെ പൊരുതിയാണ്‌ കിവികൾ വീണത്‌.

പരിക്കുമാറി കെയ്‌ൻ വില്യംസൺ തിരിച്ചെത്തിയത്‌ കിവീസിന്‌ ആത്മവിശ്വാസം പകരുന്നുണ്ട്‌. എങ്കിലും ആദ്യകളിയിൽ വില്യംസൺ കളിക്കില്ല. വില്യംസണും പേസർ ടിം സൗത്തിയും നാലാം ലോകകപ്പാണ്‌ കളിക്കുന്നത്‌. ട്രെന്റ്‌ ബോൾട്ട്‌, ഡെവൺ കൊൺവെ, ഡാരിൽ മിച്ചെൽ, ജിമ്മി നീഷം, മിച്ചെൽ സാന്റ്‌നെർ എന്നിവരാണ്‌ മറ്റ്‌ പ്രധാന താരങ്ങൾ. നാളെ ഉദ്‌ഘാടന മത്സരത്തിൽ ചാമ്പ്യൻമാരായ ഇംഗ്ലണ്ടുമായാണ്‌ മുഖാമുഖം.\

ബംഗ്ലാദേശിന് പടലപ്പിണക്കം
ബംഗ്ലാദേശ്‌ ക്രിക്കറ്റിൽ അസ്വാരസ്യങ്ങൾ അവസാനിച്ചില്ല. ഓപ്പണർ തമീം ഇക്‌ബാലിനെ ഒഴിവാക്കിയതാണ്‌ അവസാന സംഭവം. ഇതിനെതിരെ പരസ്യമായി തമീം രംഗത്തെത്തുകയും ചെയ്‌തു. ക്യാപ്‌റ്റൻ ഷാക്കിബ്‌ അൽ ഹസ്സൻ തമീമിനെതിരെ തിരിഞ്ഞു. ക്യാപ്‌റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഷാക്കിബിന്‌ നിർണായകമാണ്‌ ഈ ലോകകപ്പ്‌. മെഹിദി ഹസ്സൻ മിറാസ്‌, മുഷ്‌ഫിക്കർ റഹീം എന്നിവരാണ്‌ മറ്റ്‌ പ്രധാന താരങ്ങൾ.

പരിക്കിൽ 
തളരുമോ ലങ്ക
അവസാന 16 കളിയിൽ രണ്ടെണ്ണത്തിൽമാത്രമാണ്‌ ശ്രീലങ്ക തോറ്റത്‌. രണ്ടും ഇന്ത്യയോടായിരുന്നു. ഏഷ്യാകപ്പ്‌ ഫൈനലിൽ 50 റണ്ണിന്‌ പുറത്താകുകയും ചെയ്‌തു. എന്നാൽ, ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനെത്തുമ്പോൾ ലങ്കയ്‌ക്ക്‌ പ്രതീക്ഷയുണ്ട്‌. സ്‌പിന്നർമാരെക്കൊണ്ട്‌ നേട്ടമുണ്ടാക്കാനാകുമെന്ന്‌ ലങ്ക കണക്കുകൂട്ടുന്നു. യോഗ്യതാ റൗണ്ട്‌ കളിച്ചാണ്‌ എത്തിയത്‌. തോൽവിയറിയാതെ മുന്നേറി. എന്നാൽ, പ്രധാന താരങ്ങളുടെ പരിക്ക്‌ തിരിച്ചടിയാണ്‌. സ്‌പിന്നർ വണീന്ദു ഹസരങ്കയുടെ അഭാവമാണ്‌ അതിൽ പ്രധാനം. പേസർ ദുശ്‌മന്ത ചമീരയുമില്ല. സ്പിന്നർ മഹീഷ്‌ തീക്ഷണ, ഓൾ റൗണ്ടർ ദുനിത്‌ വെല്ലാലഗെ, എന്നിവരുടെ പ്രകടനം നിർണായകമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top