19 December Friday

ഏഷ്യൻ ഗെയിംസ്‌ ക്രിക്കറ്റിൽ ജയ്‌സ്വാൾ 
വെടിക്കെട്ട്‌ , അമ്പെയ്‌ത്തിൽ സ്വർണമുറപ്പിച്ചു , സ്‌കേറ്റിങ്ങിൽ മെഡൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023


ഹാങ്‌ചൗ
ഏഷ്യൻ ഗെയിംസ്‌ പുരുഷ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടറിൽ നേപ്പാളിനെ 23 റണ്ണിന്‌ മറികടന്നു. യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ചുറിയാണ്‌ ഇന്ത്യക്ക്‌ മിന്നുംജയം സമ്മാനിച്ചത്‌. ജയ്‌സ്വാൾ 49 പന്തിൽ 100 റണ്ണടിച്ചു. ഇന്ത്യ ഉയർത്തിയ 203 റൺ വിജയലക്ഷ്യം പിന്തുടർന്ന അയൽക്കാർ 179 റണ്ണിൽ അവസാനിപ്പിച്ചു.

സ്‌കോർ: ഇന്ത്യ 4–-202, നേപ്പാൾ 9–-179.

ടോസ്‌ നേടിയ ക്യാപ്‌റ്റൻ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ്‌ ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ഏഴ്‌ സിക്‌സറും എട്ട്‌ ബൗണ്ടറിയും ഉൾപ്പെടെയാണ്‌ ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്‌. ട്വന്റി 20യിലെ ഇന്ത്യൻ കുപ്പായത്തിലെ ആദ്യ സെഞ്ചുറിയാണ്‌ ഇരുപത്തൊന്നുകാരന്റേത്‌. ഋതുരാജ്‌ 25 റണ്ണടിച്ചു. ശിവം ദുബെയും (19 പന്തിൽ 25) റിങ്കു സിങ്ങും (15 പന്തിൽ 37) സ്‌കോർ ഉയർത്തി. മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ നേപ്പാളിനെ ആവേശ്‌ ഖാനും രവി ബിഷ്‌ണോയും തീർത്തു. ഇരുവരും മൂന്ന്‌ വീക്കറ്റുവീതം വീഴ്‌ത്തി.

അമ്പെയ്‌ത്തിൽ സ്വർണമുറപ്പിച്ചു
ഏഷ്യൻ ഗെയിംസ്‌ അമ്പെയ്‌ത്തിൽ ഇന്ത്യക്ക്‌ മികച്ച തുടക്കം. പുരുഷവിഭാഗം കോമ്പൗണ്ട്‌ ഇനത്തിൽ ഇന്ത്യ സ്വർണവും വെള്ളിയും ഉറപ്പാക്കി. ഏഴിന്‌ നടക്കുന്ന ഫൈനലിൽ അഭിഷേക്‌ വർമയും ഓജസ്‌ പ്രവീൺ ഡിയോതലെയും ഏറ്റുമുട്ടും. വനിതകളിൽ ജ്യോതി സുരേഖ സ്വർണമെഡൽ പോരാട്ടത്തിനും അദിതി ഗോപീചന്ദ്‌ വെങ്കലപ്പോരിനും അർഹത നേടി.

സ്‌കേറ്റിങ്ങിൽ മെഡൽ
റോളർ സ്‌കേറ്റിങ്ങിൽ ഇന്ത്യക്ക്‌ രണ്ട്‌ വെങ്കലം. സ്‌പീഡ്‌ സ്‌കേറ്റിങ്‌ 3000 മീറ്റർ റിലേ റേസ്‌ വനിതാ വിഭാഗത്തിൽ ആരതി കസ്‌തൂരി രാജ്‌, ഹീരൽ, സഞ്‌ജന, കാർത്തിക എന്നിവരുൾപ്പെട്ട ടീം വെങ്കലം നേടി. പുരുഷൻമാരിൽ ആര്യൻപാൽ, ആനന്ദ്‌, സിദ്ധാന്ത്‌, വിക്രം എന്നിവരുൾപ്പെട്ട ടീമും ഇതേ നേട്ടംകുറിച്ചു. സ്‌ക്വാഷിൽ പുരുഷ സിംഗിൾസ്‌ സെമിയിൽ കടന്ന്‌ സൗരവ്‌ ഘോഷൽ മെഡൽ ഉറപ്പാക്കി. ഹോങ്‌കോങ്ങിന്റെ ചി ഹിൻ ഹെൻറി ലിയുങ്ങിനെ ഇന്ന്‌ സെമിയിൽ നേരിടും. മിക്‌സഡ്‌ ഡബിൾസിൽ അഭയ്‌ സിങ്‌–-അഹാനത്‌ സിങ്‌ സഖ്യവും ദീപിക പള്ളിക്കൽ–-ഹരീന്ദർ പാൽ സിങ്‌ സഖ്യവും സെമിയിലെത്തി മെഡലുറപ്പാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top