25 April Thursday

ഇതെന്റെ ‘ബാലൻ ഡി ഓർ’

അജിൻ ജി രാജ്‌Updated: Friday Dec 3, 2021



കൊച്ചി
ലോക അത്‌ലറ്റിക്‌സിന്റെ പുരസ്‌കാരം തിരിച്ചറിയപ്പെടലും അംഗീകാരവുമാണെന്ന്‌ ഇന്ത്യയുടെ മുൻ ലോങ്‌ജമ്പ്‌ താരം അഞ്‌ജു ബോബി ജോർജ്‌ പറഞ്ഞു.
രാജ്യത്തെ പെൺകുട്ടികളെ അത്‌ലറ്റിക്‌സിലേക്ക്‌ ചുവടുവയ്‌ക്കാൻ പ്രചോദിപ്പിച്ചതിനാണ്‌ ബഹുമതി.

അംഗീകാരം, സന്തോഷം
സംഗീതത്തിന്‌ ഗ്രാമിയെന്നപോലെ, ഫുട്‌ബോളിന്‌ ബാലൻ ഡി ഓർ എന്നപോലെ അത്‌ലറ്റിക്‌സിലെ ഏറ്റവും വലിയ പുരസ്‌കാരമാണ്‌ ലഭിച്ചിരിക്കുന്നത്‌. സ്‌പോർട്‌സ്‌ എന്നെ സംബന്ധിച്ച്‌ വെറും കളിയല്ല, വികാരമാണ്‌. ആത്മാർഥതയ്ക്കും സമർപ്പണത്തിനും കിട്ടിയ അംഗീകാരമാണ്‌. എന്റെമാത്രമല്ല, വഴികാട്ടിയായി നിന്ന ഭർത്താവും പരിശീലകനുമായ റോബർട്ട്‌ ബോബി ജോർജിന്റേതുകൂടിയാണ്‌ ഈ പുരസ്‌കാരം.

ഒറ്റ ചാമ്പ്യൻ പോരാ
കുട്ടികളെ ലോകനിലവാരത്തിലേക്ക്‌ പടിപടിയായി എത്തിക്കുകയെന്നതാണ്‌ പ്രധാന ലക്ഷ്യം. ഒട്ടും എളുപ്പമല്ല അത്‌. ട്രാക്കിൽമാത്രമല്ല, അതിനായി പ്രയത്നിക്കേണ്ടത്‌. ചുറ്റുപാടുകൾ മുഴുവൻ ആ സാഹചര്യത്തിലേക്ക്‌ വരേണ്ടതുണ്ട്‌. അതായത്‌ ഒറ്റ ചാമ്പ്യനെ സൃഷ്‌ടിച്ചതുകൊണ്ട്‌ നമ്മുടെ ജോലി തീരുന്നില്ല. എനിക്ക്‌ കിട്ടിയ അംഗീകാരങ്ങളും അവസരങ്ങളും അടുത്ത തലമുറയ്‌ക്ക്‌ പകർന്നുനൽകേണ്ടതുണ്ട്‌. ഇതൊരു കൊടുക്കൽ–-വാങ്ങൽ പ്രക്രിയയാണ്‌.

പെൺകുട്ടികൾക്കായി
നിലവിൽ അത്‌ലീറ്റ്‌ കമീഷൻ ചെയർപേഴ്‌സനും ഇന്ത്യൻ അത്‌ലറ്റിക്‌സ്‌ അസോസിയേഷൻ വൈസ്‌ പ്രസിഡന്റുമാണ്‌. ഈ സ്ഥാനങ്ങളുടെ ചുമതലകൾ വഹിക്കുമ്പോൾ വനിതാ അത്‌ലീറ്റുകളുടെ കാര്യത്തിലാണ്‌ കൂടുതൽ പരിഗണന കൊടുക്കാറ്‌. ഞങ്ങളുടെ അക്കാദമിയിലും (അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷൻ, ബംഗളൂരു) പെൺകുട്ടികളാണ്‌ കൂടുതൽ.  അക്കാദമിയിലെ ശൈലി സിങ്‌ ലോക ജൂനിയർ മീറ്റിൽ വെള്ളി നേടി. ഇപ്പോൾ  കിട്ടിയ അംഗീകാരം മുന്നോട്ടുള്ള യാത്രയ്‌ക്ക്‌ കരുത്താകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top