25 April Thursday

കിരീടരാവിൽ ഒബമയങ്‌, അർടേറ്റ

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


ലണ്ടൻ
വെംബ്ലിയിൽ അഴ്‌സണലിന്‌ പുതുവെളിച്ചം നൽകിയത്‌ രണ്ട്‌ പേരായിരുന്നു. പരിശീലകൻ മൈക്കേൽ അർടേറ്റയും മുന്നേറ്റതാരം പിയെറി എമെറിക്‌ ഒബമയങ്ങും. സ്ഥാനമേറ്റെടുത്ത്‌ മാസങ്ങൾക്കുള്ളിൽ അഴ്‌സണലിന്‌ ഒരു പ്രധാന കിരീടം നൽകാൻ അർടേറ്റയ്‌ക്കായി. എഫ്‌എ കപ്പിൽ ചെൽസിയെ കീഴടക്കിയപ്പോൾ അഴ്‌ണലിന്‌ അത്‌ കൂട്ടായ്‌മയുടെ വിജയമായി. കളിക്കാരുടെ മനസ്സറിയുന്ന പരിശീലകനും, കളത്തിൽ അവസാനംവരെ പൊരുതുന്ന കളിക്കാരും. ഏറെക്കാലമായി ഇംഗ്ലീഷ്‌ ഫുട്‌ബോളിൽ മങ്ങുകയായിരുന്ന അഴ്‌സണലിന്‌ കുതിക്കാനുള്ള ഊർജമാണ്‌ ഈ എഫ്‌എ കപ്പ്‌ നൽകുന്നത്‌. നിരാശയോടെ തുടങ്ങിയ സീസണിന്‌ കിരീടത്തോടെ അവസാനം.

ഡിസംബറിലാണ്‌ ഉനായ്‌ എമെറിയിൽനിന്ന്‌ അർടേറ്റ അഴ്‌സണലിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്‌. മാഞ്ചസ്‌റ്റർ സിറ്റിയിൽ പെപ്‌ ഗ്വാർഡിയോളയ്‌ക്കൊപ്പം പ്രവർത്തിച്ചതിന്റെ പരിചയസമ്പത്തുമായി എത്തിയ ഈ മുപ്പത്തെട്ടുകാരൻ അഴ്‌സണലിനെ മാറ്റിയെടുക്കാൻ ശ്രമിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ട കളിക്കാരുടെ സംഘത്തിന്‌ ജയങ്ങൾക്കൊണ്ട്‌ മാറ്റം നൽകി.

സീസണിന്റെ അവസാന ഘട്ടത്തിലായിരുന്നു അർടേറ്റയുടെ അത്ഭുതങ്ങളെല്ലാം. ലീഗിൽ ചാമ്പ്യൻമാരായ ലിവർപൂളിനെ മലർത്തിയടിച്ചാണ്‌ അഴ്‌സണൽ ആദ്യം ഞെട്ടിച്ചത്‌. എഫ്‌എ കപ്പ്‌ സെമിയിൽ ഗ്വാർഡിയോളയുടെ സിറ്റിയെ രണ്ട്‌ ഗോളിന്‌ തുരത്തി. ഒബമയങ്ങിനെ മുൻനിർത്തി അർടേറ്റ നെയ്‌ത തന്ത്രങ്ങളിൽ ഗ്വാർഡിയോളയ്‌ക്കും അടിതെറ്റി. സെമിയിലും ഒബമയങ്ങായിരുന്നു രണ്ട്‌ ഗോളും നേടിയത്‌.  കിരീടവിജയത്തിനുശേഷം ഗ്വാർഡിയോളയ്‌ക്കാണ്‌ അർടേറ്റ നന്ദി പറഞ്ഞത്‌.

‘വലിയ മത്സരങ്ങളിൽ ചരിത്രനിമിഷങ്ങൾ സൃഷ്ടിക്കാൻ ഒരു മികച്ച താരത്തിന്‌ കഴിയും എന്നായിരുന്നു ഒബമയങ്ങിനെക്കുറിച്ചുള്ള അർടേറ്റയുടെ പ്രതികരണം. സെമിയിലും ഫൈനലിലും ആ വാക്കുകൾ ഒബമയങ്‌ അന്വർഥമാക്കി. ഈ ഗാബോൺ താരമാണ്‌ അഴ്‌സണലിന്റെ ഊർജം. ദീർഘകാലത്തേക്ക്‌ അഴ്‌സണലുമായി കരാർ ഒപ്പിട്ടെങ്കിലും ഒബമയങ്ങിനായി വമ്പൻ ക്ലബ്ബുകൾ വട്ടമിട്ട്‌ പറക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top