20 April Saturday

യുവന്റസിന്‌ സ്വന്തം തട്ടകത്തിലും തോൽവി

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


ടൂറിൻ
ഇറ്റാലിയൻ ലീഗിൽ തുടർച്ചയായ ഒമ്പതാംകിരീടവുമായി റെക്കോഡ്‌ കുറിച്ചെങ്കിലും യുവന്റസിന്റെ സീസൺ നിരാശയോടെ അവസാനിച്ചു. ലീഗിലെ അവസാനകളിയിൽ റോമയോട്‌ 1–-3നായിരുന്നു യുവന്റസിന്റെ തോൽവി. സ്വന്തം തട്ടകത്തിൽ 40 മത്സരങ്ങൾക്കുശേഷമാണ്‌ ചാമ്പ്യൻമാർ തോൽവി വഴങ്ങുന്നത്‌. അവസാനമായി തോറ്റത്‌ 2018ൽ.

രണ്ട്‌ കളി ശേഷിക്കെതന്നെ യുവന്റസ്‌ കിരീടം ഉറപ്പാക്കിയിരുന്നു. റോമയുമായുള്ള തോൽവിക്കുശേഷം യുവന്റസ്‌ കിരീടം ഏറ്റുവാങ്ങി. രണ്ടാമതുള്ള ഇന്റർ മിലാനെക്കാൾ ഒരു പോയിന്റ്‌ മാത്രം വ്യത്യാസത്തിലാണ്‌ കിരീടം. അവസാന എട്ട്‌ കളിയിൽ രണ്ട്‌ ജയം മാത്രമാണ്‌ മൗറീസിയോ സാറിയുടെ സംഘം ജയിച്ചത്‌. സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ റോമയ്‌ക്കെതിരെ കളിക്കാനിറങ്ങിയില്ല.

ഗൊൺസാലോ ഹിഗ്വെയ്‌നിലൂടെ ആദ്യഗോൾ യുവന്റസ്‌ നേടി. എന്നാൽ ദ്യേഗോ പെറോട്ടിയുടെ ഇരട്ടഗോളിൽ റോമ തിരിച്ചടിച്ചു. ഒരെണ്ണം നിക്കോള കാലിനിച്ച്‌ സ്വന്തമാക്കി.ഇന്റർ അറ്റ്‌ലാന്റയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചു. ഡാനിലോ ഡി ആംബ്രോസോയും ആഷ്‌ലി യങ്ങും ഇന്ററിനായി ലക്ഷ്യം കണ്ടു.

മറ്റൊരു കളിയിൽ എസി മിലാൻ മൂന്ന്‌ ഗോളിന്‌ കാഗ്ലിയാരിയെ തകർത്തു. മിലാനുവേണ്ടി ഒരുഗോൾ നേടിയത്‌ സ്ലാട്ടൻ ഇബ്രാഹിമോവിച്ചായിരുന്നു.ചാമ്പ്യൻമാരായ യുവന്റസിന്‌ 83 പോയിന്റാണ്‌. ഇന്ററിന്‌ 82. മൂന്നാമതുള്ള അറ്റ്‌ലാന്റയ്‌ക്കും‌ നാലാമതുള്ള ലാസിയോയ്‌ക്കും 78 പോയിന്റ്‌. 66 പോയിന്റുളള മിലാൻ ആറാമതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top