27 January Friday

കേട്ടൂ, സംഘഗാനം

ഖത്തറിൽനിന്ന്‌ 
ആർ രഞ്‌ജിത്‌Updated: Friday Dec 2, 2022

image credit FIFA WORLD CUP twitter


അർജന്റീന ഒടുവിൽ ഒരു സംഘഗാനം പാടി. പാട്ടെഴുതാനും പാടാനും ഒന്നിലേറെപ്പേരുണ്ടായിരുന്നു. സംഗീതസംവിധായകനായി ഒരിക്കൽക്കൂടി ലയണൽ മെസി. അർജന്റീന ജയിക്കാനാണ്‌ കളിച്ചത്‌. പോളണ്ട്‌ തോൽക്കാതിരിക്കാനും. ഗോളടിക്കാനാണ്‌ മെസിയും കൂട്ടരും അണിനിരന്നത്‌. ലെവൻഡോവ്‌സ്‌കിയും കൂട്ടരും ഗോളടിപ്പിക്കാതിരിക്കാനും. കളി പലപ്പോഴും അർജന്റീനയും പോളിഷ്‌ ഗോളി വോയ്ച്ചെക്‌ സ്‌റ്റെസ്‌നിയും തമ്മിലായിരുന്നു. 

അവസാന യുദ്ധത്തിലെന്നപോലെ അർജന്റീന എല്ലാ ആയുധങ്ങളും പുറത്തെടുത്തു. ഓരോ പടയാളിയും ഓരോ നായകന്മാരായി. ഓരോ കോണിൽനിന്നും അസ്‌ത്രങ്ങൾ പാഞ്ഞു. പോളിഷുകാർ പിടഞ്ഞു. ആ നിമിഷത്തിൽ അർജന്റീന നിറയൊഴിച്ചുകൊണ്ടേയിരുന്നു. 862 പാസുകൾ. 22 ക്രോസുകൾ. പോസ്‌റ്റിലേക്ക്‌ 25 ഷോട്ടുകൾ. അതിൽ ലക്ഷ്യത്തിലേക്കുമാത്രം 13 എണ്ണം. ഒരുമിച്ച്‌ മുന്നേറാനും  തോളുരുമ്മിനിന്ന്‌ പ്രതിരോധിക്കാനും അർജന്റീന പഠിച്ചു. ഇതാണ്‌ കോച്ച്‌ ലയണൽ സ്‌കലോണി പറഞ്ഞ അർജന്റീന. മെസിയെ സ്വതന്ത്രനായി വിട്ട്‌ എതിരാളിയുടെ ഗോൾമുഖത്ത്‌ ബോംബിടുന്ന അർജന്റീന.

ആരും ആർക്കുവേണ്ടിയും കാത്തുനിന്നില്ല. പ്രതിരോധച്ചട്ട അഴിച്ചുവച്ച്‌ മാർകോസ്‌ അക്യുനയും നഹുവേൽ മോളീനയും ആക്രമണകാരിയുടെ വേഷമണിഞ്ഞു. മധ്യനിരയിൽ റോഡ്രിഗോ ഡി പോളും എൺസോ ഫെർണാണ്ടസും കളി മെനഞ്ഞു. എയ്‌ഞ്ചൽ ഡി മരിയ വശങ്ങളിലൂടെ മുന്നേറുകയും പന്ത്‌ സ്വീകരിക്കുകയും ചെയ്‌തു. ഇവരുടെ നായകനായി ബോക്‌സിന്‌ പുറത്ത്‌ മെസി നിന്നു. മെസി ഗോളടിച്ചില്ല. പക്ഷേ, തൊട്ടാൽ മുറിയുന്ന ക്രോസുകൾ വന്നുകൊണ്ടേയിരുന്നു. ഗോളിലേക്ക്‌ തുറക്കുന്ന പാസുകൾ. ഈ രാത്രിയിൽ മെസി മാറഡോണയെ മറികടന്നു. അർജന്റീനയ്‌ക്കായി കൂടുതൽ ലോകകപ്പ്‌ കളിച്ച താരം. അഞ്ച്‌ ലോകകപ്പിലായി  ഇരുപത്തിരണ്ടാമത്തെ കളി.

അർജന്റീനയുടെ കളിക്കൊരു താളമുണ്ടായിരുന്നു. കണ്ടിരിക്കാൻ തോന്നുന്ന ചന്തം. ഫുട്‌ബോളിനെ വീണ്ടും വീണ്ടും പ്രണയിക്കാൻ തോന്നുന്ന നിമിഷം. ഇതാണ്‌ ലോകം കാത്തിരുന്ന അർജന്റീന. പോളിഷുകാരുടെ നെഗറ്റീവ്‌ ഫുട്‌ബോളിനെ പോസിറ്റീവാക്കിയ ലാറ്റിനമേരിക്കൻ ശൈലി.  ഗോളി എമിലിയാനോ മാർട്ടിനെസിന്‌ സാക്ഷിയുടെ വേഷം മാത്രമായിരുന്നു. അർജന്റീനയുടെ ഗോൾമുഖത്തേക്ക്‌ പോളണ്ട്‌ തിരിഞ്ഞുനോക്കിയതേയില്ല.

മറുഭാഗത്ത്‌ പോളിഷ്‌ ഗോളി സ്-റ്റെസ്‌നി പൊരുതിക്കൊണ്ടേയിരുന്നു. ഒരിക്കൽ ‘ദൈവത്തിന്റെ കൈയായും’ പോളിഷുകാരൻ അവതരിച്ചു. മെസിയുടെ പെനൽറ്റികിക്ക്‌. ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ പന്ത്‌ തട്ടിയകറ്റി. വായുവിൽ ഉയർന്ന്‌ വലംകൈകൊണ്ടുള്ള ആ മിന്നലിൽ മെസി സ്‌തംഭിച്ചുപോയി. സ്‌റ്റേഡിയം നടുങ്ങി. ഇടവേളവരെ ഗോളെന്നുറച്ച പന്തുകൾ തട്ടിയും പിടിച്ചും കുത്തിയകറ്റിയും പോളിഷ്‌ അതിർത്തിയിലെ മഹാപർവതമായി.

ഒടുവിൽ ഇടവേളയ്‌ക്കുശേഷം ആ കോട്ടവാതിൽ തുറക്കേണ്ടിവന്നു. അതൊരു അനിവാര്യതയായിരുന്നു. അഗ്‌നിപർവതം പൊട്ടിയൊഴുകുന്ന വേഗത്തിൽ ഇരമ്പിയെത്തിയ മുന്നേറ്റക്കാരെ തടയുക എളുപ്പമല്ലായിരുന്നു. ആദ്യം അലെക്‌സിസ് മക്‌ അല്ലിസ്‌റ്ററും പിന്നാലെ ജൂലിയൻ അൽവാരെസും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top