29 March Friday

കഥ തീർന്നു ; ബൽജിയത്തിന്റെ സുവർണ സംഘം അസ്‌മതിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

ദോഹ
സുവർണനിരയുടെ കഥകൾ ഇനിയില്ല. കെവിൻ ഡി ബ്രയ്‌നും ഏദെൻ ഹസാർഡും റൊമേലു ലുക്കാക്കുവുമൊക്കെ അണിനിരന്ന ബൽജിയത്തിന്റെ സുവർണ സംഘം അസ്‌മതിച്ചു. ലോകകപ്പിന്റെ ആദ്യറൗണ്ടിൽത്തന്നെ മടക്കം. ജയം അനിവാര്യമായ കളിയിൽ ക്രൊയേഷ്യയോട്‌ ഗോളില്ലാക്കളിയുമായാണ്‌ ബൽജിയം മടങ്ങുന്നത്‌. പാഴാക്കിയ അവസരങ്ങളെ ഓർത്ത്‌ വിലപിക്കാനേ രണ്ടാംറാങ്കുകാരായ ബൽജിയത്തിന്‌ കഴിയൂ. റഷ്യൻ ലോകകപ്പിലെ മൂന്നാംസ്ഥാനത്തിൽനിന്ന്‌ ഖത്തറിലെത്തുമ്പോഴേക്കും അവർ ചലനമറ്റവരായി മാറി.

ക്യാനഡയെയും കീഴടക്കിയ മൊറോക്കോ ഗ്രൂപ്പ്‌ എഫിൽ ഒന്നാംസ്ഥാനക്കാരായി പ്രീ ക്വാർട്ടറിലേക്ക്‌ മുന്നേറി. 2–-1നാണ്‌ മൊറോക്കൻജയം. ഇത്‌ രണ്ടാംതവണയാണ്‌ മൊറോക്കോ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ എത്തുന്നത്‌. 1986ലായിരുന്നു ആദ്യം. ബൽജിയവും ക്രൊയേഷ്യയും ഉൾപ്പെട്ട യൂറോപ്യൻ കരുത്തർക്കിടയിൽനിന്നാണ്‌ ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ആഫ്രിക്കൻ സിംഹങ്ങളുടെ മുന്നേറ്റം.

ആദ്യകളിയിൽ ക്യാനഡയെ ഒരു ഗോളിന്‌ ആയാസപ്പെട്ട്‌ കീഴടക്കിയ ബൽജിയം മൊറോക്കോയോട്‌ തകർന്നടിയുകയായിരുന്നു. ക്രൊയേഷ്യക്കെതിരെ ഇറങ്ങുമ്പോൾ മൂന്ന്‌ പോയിന്റ്‌ മാത്രം. നാല്‌ പോയിന്റുള്ള ക്രൊയേഷ്യക്ക്‌ സമനില മതിയായിരുന്നു മുന്നേറാൻ.
ലൂക്കാ മോഡ്രിച്ചും ഇവാൻ പെരിസിച്ചും ചേർന്ന്‌ ക്രൊയേഷ്യക്ക്‌ മികച്ച തുടക്കമാണ്‌ നൽകിയത്‌. എന്നാൽ, അവസരങ്ങൾ മുതാലാക്കാൻ മുന്നേറ്റനിരയ്‌ക്ക്‌ കഴിഞ്ഞില്ല.

കളി പുരോഗമിക്കുംതോറും ബൽജിയം താളം കണ്ടെത്തി. ഡി ബ്രയ്‌ൻ ക്രൊയേഷ്യൻ മധ്യനിര പിളർത്തി നിരന്തരമായി പന്തൊഴുക്കി. ഓരോ നിമിഷത്തിലും അവർ ഗോൾ മണത്തു. പക്ഷേ, ക്രൊയേഷ്യൻ പ്രതിരോധം വഴങ്ങിയില്ല. ഇടവേളയ്‌ക്കുശേഷം പകരക്കാരനായെത്തിയ ലുക്കാക്കുവായിരുന്നു പിന്നെ അവരുടെ പ്രതീക്ഷ. ലുക്കാക്കു നന്നായി തുടങ്ങി. കളത്തിലിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ലക്ഷ്യത്തിലേക്ക്‌ അടി പറന്നു. ക്രൊയേഷ്യൻ ഗോൾ കീപ്പർ ലിവാകോവിച്ച്‌ തടഞ്ഞു. 16 മിനിറ്റിൽ രണ്ടുതവണകൂടി ലുക്കാക്കുവിന്‌ ഗോളിലേക്കുള്ള വഴികിട്ടി. ആദ്യത്തേത്‌ യാന്നിക്‌ കറാസ്‌കോ പ്രതിരോധക്കാർക്കിടയിലൂടെ അടി തൊടുത്തെങ്കിലും ലിവാകോവിച്ച്‌ തടുത്തു. തെറിച്ചുകിട്ടിയ പന്ത്‌ ലുക്കാക്കുവിന്റെ കാലിൽ. അടി തൊടുത്തു. പന്ത്‌ പോസ്‌റ്റിൽ തട്ടിത്തെറിച്ചു. പിന്നെയും കിട്ടി അവസരങ്ങൾ. ഒന്നും ലക്ഷ്യത്തിലേക്കടുത്തില്ല. ഒരു ഗോൾ വീണാൽ പുറത്താകുമെന്നഘട്ടത്തിൽ ക്രൊയേഷ്യയും പതറി. എങ്കിലും അവരുടെ പ്രതിരോധം മികച്ചുനിന്നു.

അവസാന കളിയിൽ ബൽജിയത്തെ വീഴ്ത്തിയ മൊറോക്കോ മികവ്‌ ആവർത്തിച്ചു. ഹക്കിം സിയെച്ചും യൂസഫ്‌ എൻ നെസ്‌രിയും മൊറോക്കോയ്‌ക്കായി വലകുലുക്കി. മെറോക്കോ പ്രതിരോധക്കാരൻ നയീഫ്‌ അഗുയേർദിന്റെ പിഴവുഗോളിൽ ക്യാനഡ ആശ്വാസം കണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top