04 July Friday
സന്തോഷ് ട്രോഫി ഫുട്ബോൾ

സന്തോഷം, വലനിറയെ ; കേരളം 5 ലക്ഷദ്വീപ്‌ 0

അജിൻ ജി രാജ്‌Updated: Thursday Dec 2, 2021

സന്തോഷ് ട്രോഫി ഫുട്ബോളിൽ ലക്ഷദ്വീപിനെതിരെ ഗോളടിച്ച കേരളത്തിന്റെ നിജോ ഗിൽബർട്ടിന്റെ ആഹ്ലാദം / 
ഫോട്ടോ: സുനോജ് നെെനാൻ മാത്യു


കൊച്ചി
ലക്ഷദ്വീപ്‌ വലയിൽ ഗോൾവർഷിച്ച്‌ കേരളം തുടങ്ങി. സന്തോഷ്‌ ട്രോഫി ഫുട്ബോൾ ദക്ഷിണമേഖല യോഗ്യതാ മത്സരത്തിൽ അഞ്ച്‌ ഗോളിനാണ്‌ ജയം. നിജോ ഗിൽബർട്ട്‌, ടി കെ ജെസിൻ, എസ്‌ രാജേഷ്‌, അർജുൻ ജയരാജ്‌ എന്നിവരാണ്‌ ഗോളടിച്ചത്‌. ഒരു ഗോൾ ദ്വീപുകാരൻ മുഹമ്മദ്‌ തൻവീറിന്റെ ദാനവും.

അരമണിക്കൂറിനുശേഷം 10 പേരുമായാണ്‌ ലക്ഷദ്വീപ്‌ കളിച്ചത്‌. രണ്ടാംപകുതിയിൽ മുന്നേറ്റത്തിന്റെ മൂർച്ച നഷ്ടമായത്‌ കേരളത്തിന്‌ തിരിച്ചടിയായി. ലീഡുയർത്താനുള്ള നിരവധി അവസരങ്ങൾ കളഞ്ഞു.

പേശിവലിവുകാരണം ക്യാപ്‌റ്റൻ ജിജോ ജോസഫില്ലാതെയാണ്‌ കേരളം എത്തിയത്‌. ഗോൾകീപ്പർ വി മിഥുനായിരുന്നു നായകന്റെ ആം ബാൻഡണിഞ്ഞത്‌. ജി സഞ്ജുവും മുഹമ്മദ്‌ ആസിഫുമായിരുന്നു പ്രതിരോധത്തിൽ. ഇടതുമൂലയിൽ മുഹമ്മദ്‌ സഹീഫും വലത്‌ മുഹമ്മദ്‌ ബാസിതും അണിനിരന്നു. ഇരുവരും അണ്ടർ 21 താരങ്ങളാണ്‌. അർജുൻ, പി അഖിൽ, മുഹമ്മദ്‌ റാഷിദ്‌, നിജോ എന്നിവരായിരുന്നു മധ്യനിര നിയന്ത്രിച്ചത്‌. ഗോളടിക്കാൻ പരിശീലകൻ ബിനോ ജോർജ്‌ ചുമതലപ്പെടുത്തിയത്‌ ജെസിനിനെയും മുഹമ്മദ്‌ സഫ്‌നാദിനെയും.

മധ്യനിര കേന്ദ്രീകരിച്ചായിരുന്നു കളി. ചെറുപാസുകളിലൂടെ അർജുനും അഖിലും റാഷിദും വിടവുകളുണ്ടാക്കി. നിജോയ്‌ക്ക്‌ മുന്നേറ്റത്തെ ഏകീകരിപ്പിക്കലായിരുന്നു ദൗത്യം. നാലാംമിനിറ്റിൽ കേരളം ഗോളടിച്ചു. ബോക്‌സിൽ സഫ്‌നാദിനെ ലക്ഷദ്വീപ്‌ മധ്യനിരക്കാരൻ അബ്‌ദുൾ നാസിബ്‌ വീഴ്‌ത്തി. കിക്കെടുത്തത്‌ നിജോ. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ റിസർവ്‌ താരത്തിന്‌ പിഴച്ചില്ല. പിന്നാലെ അടുത്തതുമെത്തി. മധ്യത്തിൽനിന്ന്‌ അർജുൻ നീട്ടിയ പന്ത്‌ ജെസിൻ വലയിലാക്കി. സഫ്‌നാദിനെ ബോക്‌സിന്‌ പുറത്ത്‌ ഫൗൾ ചെയ്‌തതിന്‌ പ്രതിരോധക്കാരൻ ഉബൈദുള്ള നേരിട്ട്‌ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങിയതോടെ ലക്ഷദ്വീപുകാർ തളർന്നു. ജെസിനിന്റെ മുന്നേറ്റം തടയവേ തൻവീറിന്‌ പിഴച്ചു. പന്ത്‌ സ്വന്തംവലയിൽ.

ഇടവേള കഴിഞ്ഞ്‌ അഞ്ചു മാറ്റങ്ങൾ വരുത്തി കേരളം. ഷിഗിലും കെ സൽമാനും വി ബുജൈറും മുഹമ്മദ്‌ അജ്‌സാലും എസ്‌ രാജേഷും എത്തി. പക്ഷേ, കളിക്ക്‌ ഒഴുക്കുണ്ടായില്ല. ഗോളി മാത്രം മുന്നിൽനിൽക്കേ കിട്ടിയ അവസരങ്ങളെല്ലാം പാഴാക്കി. ദ്വീപിന്റെ പകരക്കാരൻ ഗോൾകീപ്പർ മുഹമ്മദ്‌ സഫലിന്റെ രക്ഷപ്പെടുത്തലുകളും തടസ്സമായി. 82–-ാംമിനിറ്റിൽ ഷിഗിൽ ഒരുക്കിയ പന്ത്‌ ലക്ഷ്യത്തിലെത്തിച്ച്‌ രാജേഷ്‌ ലീഡുയർത്തി. പരിക്കുസമയമായിരുന്നു അർജുന്റെ ഗോൾ. അർജുനും അഖിലും കളിയിലുടനീളം മികച്ച പ്രകടനമായിരുന്നു.

നാളെ ആൻഡമാനുമായാണ്‌ കേരളത്തിന്റെ കളി. പുതുച്ചേരിയോട്‌ എട്ട്‌ ഗോളിന്‌ തോറ്റാണ്‌ ആൻഡമാൻ എത്തുന്നത്‌.a


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top