07 July Monday

‘ലെക്കി’ ഗോൾ ; ഒരു ജയവുമില്ലാതെ ഡെൻമാർക്ക്‌

ഖത്തറിൽനിന്ന്‌ 
ആർ രഞ്ജിത്‌Updated: Thursday Dec 1, 2022

image credit FIFA WORLD CUP twitter


ഗ്രൂപ്പ്‌ സമവാക്യങ്ങൾ തിരുത്തി ഓസ്‌ട്രേലിയയുടെ അമ്പരിപ്പിക്കുന്ന കുതിപ്പ്‌. ഖത്തർ ലോകകപ്പിൽ ഏഷ്യൻ ശക്തികളുടെ മുന്നേറ്റത്തിന്‌ ഓസ്‌ട്രേലിയയുടെയും കൂട്ട്‌. ഫ്രാൻസിനുപിന്നിൽ രണ്ടാംസ്ഥാനക്കാരായി പ്രീക്വാർട്ടർ കാണാമെന്ന്‌ ലക്ഷ്യമിട്ട ഡെൻമാർക്കിനെ ഒരുഗോളിന്‌ തുരത്തിയാണ്‌ ഓസ്‌ട്രേലിയയുടെ മുന്നേറ്റം.

രണ്ടാംപകുതിയുടെ തുടക്കത്തിൽ മാത്യു ലെക്കിയാണ്‌ ഓസ്‌ട്രേലിയയുടെ ഭാഗ്യതാരകമായത്‌. ഗ്രൂപ്പിൽ മറ്റൊരുകളിയിൽ ഫ്രാൻസിനെതിരെ ഗോൾ നേടി പ്രീക്വാർട്ടർ സ്വപ്‌നം കാണുകയായിരുന്ന ടുണീഷ്യയെക്കൂടിയാണ്‌ ലെക്കിയുടെ ഗോൾ കടപുഴക്കിയത്‌.പ്രത്യാക്രമണത്തിൽനിന്നായിരുന്നു ഓസ്‌ട്രേലിയയുടെ ഗോൾ. മക്‌ഗ്രീ തള്ളിക്കൊടുത്ത പന്തുമായി ലെക്കി അസാമാന്യ കുതിപ്പ്‌ നടത്തി. രണ്ട്‌ പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ്‌ ലെക്കി അടിതൊടുത്തപ്പോൾ ഡെൻമാർക്ക്‌ ഗോൾകീപ്പർ കാസ്‌പെർ ഷ്‌മൈക്കേലും അതിനുമുന്നിൽ നിരായുധനായി.

യൂറോ കപ്പിലെ സെമിഫൈനലിസ്‌റ്റുകളായ ഡെൻമാർക്ക്‌, പന്തുനിയന്ത്രണത്തിൽ മുന്നിലെത്തിയിട്ടും ലക്ഷ്യം കാണാനായില്ല. ക്രിസ്‌റ്റ്യൻ എറിക്‌സന്റെ നേതൃത്വത്തിൽ പലതവണ അവർ ഓസ്‌ട്രേലിയൻ ഗോൾമുഖം ആക്രമിച്ചു. പ്രതിരോധവും ഗോൾകീപ്പർ മാറ്റ്‌ റ്യാനും വിട്ടുകൊടുത്തില്ല. ഓരോ നിമിഷവും ഓസ്‌ട്രേലിയ ഊർജത്തോടെ പന്തുതട്ടി. ആദ്യകളിയിൽ ഫ്രാൻസിനോട്‌ തോറ്റുതുടങ്ങിയ ഓസ്‌ട്രേലിയ അടുത്തമത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ടുണീഷ്യയെ കീഴടക്കി. ആറാംലോകകപ്പ്‌ കളിക്കുന്ന ഓസ്‌ട്രേലിയ രണ്ടാംതവണയാണ്‌ പ്രീക്വാർട്ടറിൽ എത്തുന്നത്‌. ആകെ നേടിയത്‌ നാല്‌ ഗോളും.

മറുവശത്ത്‌ ഈ ലോകകപ്പിന്റെ കറുത്ത കുതിരകളാകുമെന്ന്‌ കരുതിയ ഡെന്മാർക്ക്‌ പൂർണമായും നിരാശപ്പെടുത്തിയാണ്‌ മടങ്ങിയത്‌. മൂന്ന് കളിയിൽ ആകെ നേടാനായത്‌ ഒരു ഗോൾമാത്രം. ഒറ്റ ജയമില്ല. ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായാണ്‌ മടക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top