20 April Saturday

ഖസ്‌റിക്കെന്ത്‌ ചാമ്പ്യൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

image credit FIFA WORLD CUP twitter

ദോഹ
കളത്തിൽ വലിപ്പചെറുപ്പമില്ലെന്ന്‌ ഫ്രാൻസിനെ ടുണീഷ്യ പഠിപ്പിച്ചു. പ്രധാനികളെയെല്ലാം പുറത്തിരുത്തി പുതുനിരയുമായി എത്തിയ ലോകചാമ്പ്യൻമാരെ തറപ്പറ്റിച്ച്‌ ടുണീഷ്യ കരുത്തുകാട്ടി. രണ്ടാംപകുതിയിൽ ക്യാപ്‌റ്റൻ വഹ്‌ബി ഖസ്‌റിയാണ്‌ അറബ്‌–-ആഫ്രിക്കൻ പടയുടെ ജയംകുറിച്ചത്‌. പ്രീക്വാർട്ടർ നേരത്തേ ഉറപ്പിച്ച ഫ്രാൻസ്‌, ഡെൻമാർക്കിനെതിരായ ടീമിൽനിന്ന്‌ ഒമ്പത്‌ മാറ്റങ്ങളുമായാണ്‌ എത്തിയത്‌. കിലിയൻ എംബാപ്പെ, ഒൺടോയ്‌ൻ ഗ്രീസ്‌മാൻ, ഹ്യൂഗോ ലോറിസ്‌ എന്നിവരെല്ലാം പുറത്തിരുന്നു. പരിക്കുസമയത്തിന്റെ അവസാനം പകരക്കാരനായെത്തിയ ഗ്രീസ്‌മാൻ ഫ്രാൻസിനായി മറുപടി നൽകിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന്‌ തെളിഞ്ഞു.

രാജ്യാന്തര മത്സര പരിചയമില്ലാത്ത യുവതാരങ്ങളുടെ കരുത്തിൽ വിശ്വസിച്ച പരിശീലകൻ ദിദിയർ ദെഷാമിന്റെ കണക്കുകൂട്ടൽ തെറ്റി. ആരെയും വിലകുറച്ചുകാണരുതെന്ന്‌ ആദ്യ മിനിറ്റിൽത്തന്നെ ടുണീഷ്യ ബോധ്യപ്പെടുത്തി. എട്ടാംമിനിറ്റിൽ നദീർ ഖാദ്രി ഹെഡറിലൂടെ ചാമ്പ്യന്റെ വലകുലുക്കി. എന്നാൽ ‘വാർ’ പരിശോധനയിൽ ഗോളനുവദിച്ചില്ല. ഓഫ്‌സൈഡായിരുന്നു. തുടക്കത്തിലെ ഞെട്ടലിൽനിന്ന്‌ ഫ്രാൻസ്‌ തിരിച്ചവന്നില്ല. പന്ത്‌ കൂടുതൽനേരം കാലിൽവച്ചിട്ടും ടുണീഷ്യൻ പ്രത്യാക്രമണത്തിൽ ഫ്രഞ്ചുകാർക്ക്‌ മുട്ടിടിച്ചു. ഖസ്‌റി നിരന്തരം ഫ്രഞ്ച്‌ പ്രതിരോധത്തെ പരീക്ഷിച്ചു. ഐസ ലയ്‌ദൗനി നേതൃത്വം നൽകിയ മധ്യനിരയും അറിഞ്ഞുപ്രവർത്തിച്ചു.

ഇടവേള കഴിഞ്ഞെത്തിയിട്ടും ടുണീഷ്യ നിർത്തിയില്ല. യൂസഫ്‌ ഫൊഫൊനയുടെ പിഴവിൽനിന്ന്‌ പന്ത്‌ പിടിച്ചെടുത്ത ലയ്‌ദൗനി ഖസ്‌റിക്ക്‌ നീട്ടിനൽകി. ബോക്‌സിലേക്ക്‌ അതിവേഗം ഇരച്ചുകയറിയ മുപ്പത്തൊന്നുകാരൻ തൊടുത്തു. ഫ്രാൻസിന്റെ ഹൃദയംതുളച്ച വെടിയുണ്ട. അപമാനത്താൽ ചാമ്പ്യൻമാർ തലകുനിച്ചു. എംബാപ്പെ, ഗ്രീസ്‌മാൻ തുടങ്ങിയ വമ്പൻമാർ എത്തിയിട്ടും ടുണീഷ്യ പോരാട്ടവീര്യം കൈവിട്ടില്ല.
തോറ്റെങ്കിലും ഗോൾശരാശരിയിൽ ഫ്രാൻസ്‌ ഡി ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി. രണ്ടാമതുള്ള ഓസ്‌ട്രേലിയയുമായി മൂന്ന്‌ ഗോൾ വ്യത്യാസമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top